യുഎഇയിലെ ബിസിനസ് സാഹചര്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സിഇഒമാര്‍

യുഎഇയിലെ ബിസിനസ് സാഹചര്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സിഇഒമാര്‍

കമ്പനികളുടെ മൂലധന നിക്ഷേപം അടുത്ത 12 മാസങ്ങള്‍കൊണ്ട് മികവ് കൈവരിക്കുമെന്നു മുക്കാല്‍ഭാഗം സിഇഒമാരും അഭിപ്രായപ്പെട്ടു

അബുദാബി: വരും വര്‍ഷം യുഎഇയുടെ ബിസിനസ് സാഹചര്യം അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരും. ഒക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് (ഒബിജി) നടത്തിയ ബിസിനസ് ബാരോമീറ്റര്‍ സര്‍വേയിലാണ് യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 82 ശതമാനം സിഇഒമാരും അടുത്ത വര്‍ഷത്തെ ബിസിനസ് സാഹചര്യം അനുകൂലവും വളരെ വളര്‍ച്ചയുള്ളതുമാണെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടത്.

അതുപോലെ കമ്പനിയുടെ മൂലധന നിക്ഷേപത്തില്‍ അടുത്ത 12 മാസങ്ങള്‍കൊണ്ട് മികവ് കൈവരിക്കുമെന്നും മുക്കാല്‍ഭാഗം സിഇഒമാരും അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും യുഎഇയിലെ പ്രമുഖ കമ്പനികളുടെ പ്രവര്‍ത്തനം മികച്ചരീതിയില്‍ തുടരുമെന്നാണ് സര്‍വേയിലൂടെ വ്യക്തമാക്കുന്നത്.

ആഗോള ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന അസ്ഥിരത, കറന്‍സി മൂല്യത്തിലുള്ള വ്യതിയാനം, ചൈനയുടെ വളര്‍ച്ചയിലുണ്ടാകുന്ന ഇടിവ്, സുരക്ഷ, മാര്‍ക്കറ്റിലേക്കുള്ള ഇറാന്റെ പ്രവേശനം എന്നിവ പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഹ്രസ്വകാല-മധ്യകാല അടിസ്ഥാനത്തില്‍ ബാധിക്കുമെന്നും ഒബിജി.

യുഎഇയില്‍ വായ്പ എടുക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് 46 ശതമാനം സിഇഒമാരുടേയും അഭിപ്രായം. ഇത് ബാങ്കിംഗ് വ്യവസായത്തിന്റെ വായ്പയില്‍ ഇടിവ് വരാന്‍ കാരണമാകുമെന്നും അവര്‍ വിലയിരുത്തി.

യുഎഇയ്ക്ക് മുന്നില്‍ നിരവധി പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും ടൂറിസം സൗകര്യങ്ങളും ഉയര്‍ന്ന നിരക്കിലുള്ള സാമ്പത്തിക റിസര്‍വുകളും സുരക്ഷിത സ്ഥലമെന്ന പദവിയും രാജ്യത്തിന് പ്രോത്സാഹനമാകുമെന്ന് ഒബിജിയുടെ ചീഫ് എഡിറ്റര്‍ ഒലിവര്‍ കോര്‍നോക് വ്യക്തമാക്കി.

സ്വകാര്യ മേഖലയില്‍ ക്ഷീണം അനുഭവിക്കുന്നതിനിടയിലാണ് യുഎഇ സബ്‌സിഡി സംവിധാനത്തിലെ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതും മൂല്യ വര്‍ധിത നികുതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതും. ഈ പ്രതിസന്ധികളെല്ലാം നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രാദേശിക ബിസിനസ് സാഹചര്യം അനുകൂലമാകും എന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം സിഇഒമാരുമെന്ന് കോര്‍നോക്.

Comments

comments

Categories: Arabia