സെലിബ്രിറ്റികളുടെ സ്വന്തം ഡിസൈനര്‍

സെലിബ്രിറ്റികളുടെ സ്വന്തം ഡിസൈനര്‍

കഴിഞ്ഞ എട്ട് വര്‍ഷമായി സ്വര്‍ണ്ണാഭരണ ഡിസൈന്‍ രംഗത്തെ മിന്നും താരമാണ് നീതി സിംഗ്. ഒരു സംരംഭക എന്ന നിലയില്‍ അവര്‍ താണ്ടിയ വഴികള്‍ ആ ഡിസൈനുകള്‍ പോലെ മനോഹരമാണ്.

സംരംഭകര്‍ പൊതുവേ രണ്ട് തരത്തിലുണ്ട്. സ്വന്തമായി ആരംഭിക്കാന്‍ പോകുന്ന വ്യവസായ മേഖലയേകുറിച്ചും ആ മേഖലയിലെ പ്രതിയോഗികളേകുറിച്ചുമുള്ള വ്യക്തമായ അറിവും ചടുലമായി തന്ത്രങ്ങളും സ്വായത്തമാക്കിയ ഒരു കൂട്ടര്‍. മറ്റൊന്ന് ഒരു ബിസിനസ് മേഖലയോടുള്ള തീക്ഷ്ണമായ ആഗ്രഹത്തിന്റെ പുറത്ത് തങ്ങളുടെ വ്യവസായ ലോകം തെരഞ്ഞെടുക്കുന്നവര്‍. ഇക്കൂട്ടര്‍ ലാഭത്തിനേക്കാള്‍ സ്വന്തം ആശയങ്ങളും താല്‍പര്യങ്ങളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇപ്പറഞ്ഞതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നയാളാണ് പ്രശസ്ത ജൂവല്‍റി ഡിസൈനറായ നീതി സിംഗ്.

സ്വര്‍ണ്ണാഭരണ ഡിസൈനിംഗ് രംഗത്തേക്ക് ചുവടുവെയ്ക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും സമ്പന്നമായ വിപണികളില്‍ ഒന്നാണിത് എന്ന വ്യക്തമായ ധാരണ നീതി സിംഗിനുണ്ടായിരുന്നു. 2015 ലെ കണക്കുകള്‍ പ്രകാരം 46 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ഇന്ത്യയിലെ സ്വര്‍ണ്ണ വിപണി കരസ്ഥമാക്കിയിട്ടുള്ളത്. 2020 ഓടെ ഇത് 60 ബില്യണ്‍ കടക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. നിലവില്‍ ടാറ്റ/തനിഷ്‌ക്, കല്യാണ്‍, മലബാര്‍ ഗോള്‍ഡ്, ഓണ്‍ലൈന്‍ മുന്‍നിരക്കാരായ ബ്ലൂസ്‌റ്റോണ്‍ എന്നിവരാണ് ഈ മേഖലയിലെ അതികായര്‍.

മഞ്ഞലോഹത്തിന്റെ ആരാധകള്‍ എന്നും സ്ത്രീകളാണ്. പുതിയ ശൈലികള്‍ക്കും ഡിസൈനുകള്‍ക്കും മുന്‍ഗണന നല്‍കാന്‍ അവര്‍ എപ്പോഴും ശ്രമിക്കും. ആഭരണത്തിന്റെ കാര്യത്തില്‍ മികച്ച രൂപകല്‍പ്പനകള്‍ക്ക് മുമ്പില്‍ വിലക്കൂടുതലൊക്കെ രണ്ടാസ്ഥാനത്തേക്ക് തള്ളപ്പെടുകയാണ് പതിവ്. ട്വിങ്കിള്‍ ഖന്ന, സാനിയ മിര്‍സ എന്നിങ്ങനെ ഉയര്‍ന്ന താരമൂല്യമുള്ളവരാണ് നിതി സിംഗിന്റെ ഉപഭോക്താക്കള്‍. സ്വര്‍ണ്ണ രൂപകല്‍പ്പനയില്‍ ഏറ്റവും മികച്ച സ്ഥാപനത്തിന് തിരികൊളുത്തിയാണ് അവര്‍ ഈ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചത് എന്ന് നിസംശയം പറയാം. ഒരു സംരംഭക എന്ന നിലയില്‍ അവര്‍ താണ്ടിയ വഴികള്‍ ആ ഡിസൈനുകള്‍ പോലെ മനോഹരമാണ്. ഒറ്റപ്പെട്ടതും എന്നാല്‍ അതിവിശിഷ്ടമായ പാഷനില്‍ കോര്‍ത്തിണക്കിയ രൂപകല്‍പ്പനകള്‍.

സഞ്ചാരങ്ങളുടെ കുട്ടിക്കാലം

ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകളായി ജനനം. അച്ഛന്റെ ഓരോ സ്ഥലംമാറ്റത്തിനും അനുസരിച്ച് വിവിധ നഗരങ്ങളിലേക്ക് സഞ്ചരിച്ച കുട്ടിക്കാലം. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും വ്യത്യസ്ത ഭാഷകളും വേറിട്ട വേഷഭൂഷാധികളും നേരിട്ടു കണ്ടറിയാനും ആ യാത്രകള്‍ സഹായകമായി. മാതാപിതാക്കളില്‍ നിന്നും താന്‍പഠിച്ച മൂല്യങ്ങളാണ് തന്റെ ജോലിക്ക് എക്കാലവും മുതല്‍ക്കൂട്ടായതെന്നും ഈ നാല്‍പതുകാരി പറയുന്നു. ”എല്ലാ സംസ്‌കാരത്തേയും വ്യക്തികളേയും ഒരുപോലെ ബഹുമാനിക്കാന്‍ തന്നെ പ്രാപ്തയാക്കിയതിന് മാതാപിതാക്കളോട് ഏറെ നന്ദിയുണ്ട്. എന്റെ എല്ലാ രൂപകല്‍പ്പനകള്‍ക്കും പ്രചോദനമായത് ഈ വ്യത്യസ്ത സംസ്‌കാരങ്ങളാണ്,’ നീതി അഭിപ്രായപ്പെടുന്നു. ഡെല്‍ഹിയിലെ മിറാന്‍ഡാ ഹൗസില്‍ നിന്നും ബിരുദമെടുത്ത അവര്‍ പത്ത് വര്‍ഷത്തോളം അന്താരാഷ്ട്ര എയര്‍ലൈന്‍സില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അനുഭവസമ്പത്ത് കൂട്ടുന്നതിനൊപ്പം തന്റെ യാത്രകള്‍ ഉപഭോക്താക്കളേക്കുറിച്ച് വ്യക്തമായ ധാരണ കൈവരിക്കാനും സഹായിക്കുന്നതായി പറയുന്ന നീതിക്ക് ഇന്ത്യയും ഇതര രാജ്യങ്ങളും ഒരുപോലെ കാണാനാണിഷ്ടം. ജൂവല്‍റി പ്രദര്‍ശനങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര തലത്തില്‍ സഞ്ചരിക്കുമ്പോള്‍ സംസ്‌കാരങ്ങള്‍ തുറന്നു കാട്ടപ്പെടുന്നുവെന്നും നീതി സിംഗ് വ്യക്തമാക്കുന്നു.

ട്വിങ്കിള്‍ ഖന്ന, സാനിയ മിര്‍സ എന്നിങ്ങനെ ഉയര്‍ന്ന താരമൂല്യമുള്ളവരാണ് നിതി സിംഗിന്റെ ഉപഭോക്താക്കള്‍. നീതി സിംഗിന്റെ ആഭരണങ്ങളുടെ വില തുടങ്ങുന്നത് ഒരു ലക്ഷത്തിനു മേലെയാണ്. ശരാശരി നിരക്ക് ഏകദേശം രണ്ട് ലക്ഷത്തിനും നാല് ലക്ഷത്തിനുമിടയില്‍

സംരംഭകത്വത്തിലേക്ക് ചുവടുവെയ്പ്പ്

ജൂവല്‍റി ഡിസൈനിംഗ് ഒരു തൊഴില്‍ അവസരമെന്ന സമീപനമല്ല നീതിക്കുള്ളത്. അതിലുപരി ഒരു പാഷന്‍ അഥവാ നമ്മെ സദാ ഉല്‍സാഹഭരിതരാക്കുന്ന ഹോബിയാണ്. എട്ടുവര്‍ഷം മുമ്പ് 40ഓളം ഡിസൈനുകളുടെ ചെറിയ ശേഖരവുമായാണ് നീതി സിംഗ് ജുൂവല്‍റി ഡിസൈനിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നത്. വിദേശത്ത് നടത്തിയ ആ പ്രദര്‍ശനത്തില്‍ വെറും നാല് മണിക്കൂര്‍ക്കൊണ്ട് അവയെല്ലാം വിറ്റുപോയപ്പോള്‍ ആത്മവിശ്വാസത്തിന്റെ വേലിയേറ്റമായിരുന്നു നീതിയുടെ മനസില്‍. ‘ ഞാന്‍ ഒരു ബിസിനസ് കുടുംബത്തില്‍ നിന്നുള്ള വ്യക്തിയല്ല. ഭര്‍ത്താവ് ജസ്ദീപ് കോര്‍പറേറ്റ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഞങ്ങളുടെ സമ്പാദ്യങ്ങള്‍ കൂട്ടിവെച്ചുണ്ടായ ചെറിയ ശേഖരത്തില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. നിക്ഷേപം ചെറുതാണെങ്കില്‍ പരാജയമെന്ന ചിന്തയെ നമുക്ക് പൂര്‍ണമായി തള്ളിക്കളയാം,’നീതി വ്യക്തമാക്കി. പ്രാരംഭനാളുകളില്‍ സ്വന്തമായി ഒരു സ്റ്റുഡിയോപോലും ഇല്ലാതെയാണ് നീതി ഡിസെനിംഗ് മുന്നോട്ട് കൊണ്ടുപോയത്. ആഭരണങ്ങളോടുള്ള തന്റെ താല്‍പര്യവും ഡിസൈനിംഗിലുള്ള പരിചയസമ്പന്നതയും ഈ മേഖലയില്‍ ശക്തമായ അടിത്തറ കെട്ടിപ്പടുക്കാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും സഹായകമാവുകയായിരുന്നു. പിന്നീട് ആംസ്റ്റര്‍ഡാം, ഡെല്‍ഹി, മുംബൈ, അമേരിക്കയിലെ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്ന് അവര്‍ ഔദ്യോഗിക പരിശീലനം പൂര്‍ത്തിയാക്കി. ” എന്റെ ഡിസൈനിംഗ് ബോധം ആ പരിശീലനങ്ങള്‍ വഴിയാണെന്നു കരുതുന്നില്ല. എന്നാല്‍ അവിടെനിന്നുള്ള സാങ്കേതിക പരിശീലനങ്ങളെല്ലാം ഏറെ പ്രധാനപ്പെട്ടതുമാണ്. പരിശീലനത്തിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാം. എന്നാല്‍ ക്രിയാത്മകവും സൃഷ്ടിപരവുമായ കഴിവുകള്‍ നമ്മളില്‍ സ്വയമുണ്ടാകണം,’ നീതി സിംഗ് പറയുന്നു.

ശ്രദ്ധ ബിസിനസിലല്ല, പാഷനില്‍ മാത്രം

ഒരു പ്രത്യേക നയവും തന്ത്രങ്ങളും രൂപീകരിച്ചല്ല അവര്‍ ഈ സംരംഭം തുടങ്ങിയത്. ഡിസൈനിംഗിനെ ഒരു വ്യവസായമായി നോക്കിക്കാണാന്‍ കഴിയാത്തതിനാല്‍ ജോലിയുടേതായ സമ്മര്‍ദ്ദങ്ങളും അനുഭവിക്കേണ്ടിവരുന്നില്ല. തലമുറകളായി ജൂവല്‍റി മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ ഈ രംഗത്തുള്ളതിനാല്‍ അവരോട് മത്സരിക്കാനല്ല മറിച്ച് പ്രായോഗിക ബുദ്ധിയോടെ സ്വയം വികസിക്കാനും നവീന ആശയങ്ങള്‍ കണ്ടെത്താനുമാണ് ഇവരുടെ ശ്രമം. ഓരോ ഉപഭോക്താക്കളുമായുള്ള ഇടപെടലുകളില്‍ നിന്നും നിരവധി പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്നും നീതി സിംഗ് കൂട്ടിച്ചേര്‍ക്കുന്നു.

ജൂവല്‍റി ഡിസൈനിംഗ് രംഗത്തെ ഓള്‍ റൗണ്ടര്‍ എന്നുതന്നെ നീതിയെ വിശേഷിപ്പിക്കാം. മൈനിംഗ് മുതല്‍ ആഭരണങ്ങളുടെ നിര്‍മാണപ്രക്രിയയിലും രൂപകല്‍പ്പനയിലും ഒടുവില്‍ വില്‍പ്പനിലും വരെ അവരുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. പ്രത്യകമായി ഷോപ്പ് ഇല്ലാതെ ഗുഡ്ഗാവ് ആസ്ഥാനമായി വീട്ടില്‍ തന്നെ സജ്ജമാക്കിയ സ്റ്റുഡിയോയിലാണ് ഇവരുടെ പ്രവര്‍ത്തനം. ലണ്ടന്‍, സിംഗപ്പൂര്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലായി ആഭരണ പ്രദര്‍ശനങ്ങളും നടത്താറുണ്ട്. തന്നെ തേടിയെത്തുന്നവരുടെ ഇഷ്ടാനുസരണം അവര്‍ക്കിണങ്ങും വിധം ഡിസൈന്‍ ചെയ്യാനും നീതി തയാറാണ്. നഗരപ്രദേശങ്ങളില്‍ 25 മുതല്‍ 70 വരെ പ്രായത്തിലുള്ള വനിതകളാണ് നീതിയുടെ ഉപഭോക്താക്കള്‍. നീതിസിംഗ് ജൂവല്‍റി വെബ്‌സൈറ്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്.

ജൂവല്‍റി ഡിസൈനിംഗ് രംഗത്തെ ഓള്‍ റൗണ്ടര്‍ എന്നുതന്നെ നീതിയെ വിശേഷിപ്പിക്കാം. മൈനിംഗ് മുതല്‍ ആഭരണങ്ങളുടെ നിര്‍മാണപ്രക്രിയയിലും രൂപകല്‍പ്പനയിലും ഒടുവില്‍ വില്‍പ്പനിലും വരെ അവരുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. പ്രത്യകമായി ഷോപ്പ് ഇല്ലാതെ ഗുഡ്ഗാവ് ആസ്ഥാനമായി വീട്ടില്‍ തന്നെ സജ്ജമാക്കിയ സ്റ്റുഡിയോയിലാണ് ഇവരുടെ പ്രവര്‍ത്തനം

സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ആഭരണങ്ങള്‍ രൂപല്‍പ്പന ചെയ്തുകൊണ്ടായിരുന്നു നീതി ഡിസൈനര്‍ ജീവിതം ആരംഭിച്ചത്. സംരംഭകയായി വര്‍ഷങ്ങള്‍ കടന്നുപോയിട്ടും തന്റെ വ്യക്തിത്വത്തില്‍ മാറ്റം വന്നിട്ടില്ലെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. ‘ഞാന്‍ രൂപകല്‍പ്പന ചെയ്യുന്ന ഓരോ ഇനങ്ങളിലും എന്റേതു മാത്രമായ ഒരു ഘടകമുണ്ടാകും. ഡിസൈന്‍ കഴിഞ്ഞ് ആഭരണം എനിക്ക് കൂടുതല്‍ ഇണങ്ങുമെന്നു തോന്നിയാല്‍ അവ വില്‍പ്പനയ്ക്കു വെയ്ക്കാതെ ഞാന്‍ സ്വന്തമാക്കും. പല നാടുകളിലെയും സാംസ്‌കാരിക സ്വഭാവം ഡിസൈനുകളില്‍ സൃഷ്ടിക്കുന്നതിനാല്‍ അന്താരാഷ്ട വിപണിയില്‍ മികച്ച അംഗീകാരവും ലഭിക്കുന്നുണ്ട്,’ നീതി സിംഗ് വെളിപ്പെടുത്തി. നീതിയുടെ ഡിസൈനിംഗില്‍ ഏറ്റവും പ്രാചാരമുള്ളത് കമ്മലുകള്‍ക്കും നെക്‌ലെസുകള്‍ക്കുമാണ്. ഒന്നിലധികം ആഭരണങ്ങള്‍ ധരിക്കുന്നതിന് പകരം ആളുകള്‍ അവരുടെ രൂപത്തിനും വ്യക്തിത്വത്തിനും ഇണങ്ങുന്ന ആഭരണം ധരിക്കുകയാണ് അഭികാമ്യമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

തേടിയെത്തുന്ന ലാഭം

നീതി സിംഗിന്റെ ആഭരണങ്ങളുടെ വില തുടങ്ങുന്നത് ഒരു ലക്ഷത്തിനു മേലെയാണ്. ശരാശരി നിരക്ക് ഏകദേശം രണ്ട് ലക്ഷത്തിനും നാല് ലക്ഷത്തിനുമിടയില്‍. ജൂവല്‍റി ഡിസൈനിംഗിനോടുള്ള ഭ്രമമാണ് ഇവിടംവരെ എത്തിച്ചതെന്നും എന്നാല്‍ സംരംഭം തുടങ്ങിയ ആദ്യദിനം മുതല്‍ തനിക്കു ലാഭകരമായിരുന്നുവെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. പുരുഷന്‍മാര്‍ അടക്കിവാഴുന്ന ഈ ബിസിനസ് മേഖലയില്‍, സ്ത്രീ എന്ന നിലയില്‍ വെല്ലുവിളികളേറെയുണ്ടെന്നും ഉറച്ച മനസോടെയുള്ള കഠിന പ്രയ്ത്‌നവും വ്യക്തമായ ഫോക്കസും വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്നും നീതി സിംഗ് ചൂണ്ടിക്കാട്ടുന്നു.

ഇരട്ടക്കുട്ടികളുടെ അമ്മയാണ് നീതി സിംഗ്. സ്ത്രീകള്‍ക്ക് ഒരേസമയം നിരവധി ജോലിചെയ്തു ശീലമുള്ളതിനാല്‍ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും കോര്‍ത്തിണക്കി മുന്നോട്ടുപോകാന്‍ കഴിയുമെന്ന് അവര്‍ തന്റെ അനുഭവങ്ങളില്‍ നിന്നും വ്യക്തമാക്കുന്നു. തിരക്കേറിയ പരിപാടികള്‍ക്കിടയിലും അവര്‍ കുട്ടികളുടെ ജീവിതത്തില്‍ പ്രധാന ഭാഗമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. സ്വയം തുടങ്ങിവെച്ച സംരംഭത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട് ഈ യുവതിക്ക്. വന്‍കിട കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഈ സ്വര്‍ണ വിപണിയില്‍ ഉപഭോക്താക്കളുടെ വര്‍ധനവിലൂടെ മാത്രമേ നീതിയെ പോലുള്ള ഡിസൈനര്‍മാര്‍ക്ക് പിടിച്ചു നില്‍ക്കാനും കഴിയൂ.

Comments

comments

Categories: Entrepreneurship, Women