ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് പ്രതിരോധം തീര്‍ക്കണമെന്ന് ആര്‍എസ്എസ്

ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക് പ്രതിരോധം തീര്‍ക്കണമെന്ന് ആര്‍എസ്എസ്

യുറേഷ്യന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വണ്‍ കള്‍ച്ചര്‍, വണ്‍ റീജണ്‍ പദ്ധതി ഇന്ത്യ അവതരിപ്പിക്കണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്

ന്യൂഡെല്‍ഹി: വിവിധ രാജ്യങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള ചൈനയുടെ വമ്പന്‍ അടിസ്ഥാന സൗകര്യ പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡി(ഒബിഒആര്‍)നെ പ്രതിരോധിക്കാന്‍ ആര്‍എസ്എസ് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചു. യുറേഷ്യന്‍ രാജ്യങ്ങളെ സാംസ്‌കാരിമായി ബന്ധിപ്പിക്കുന്ന വണ്‍ കള്‍ച്ചര്‍, വണ്‍ റീജണ്‍ (ഒരു സംസ്‌കാരം, ഒരു മേഖല) പദ്ധതി സാര്‍ക്ക് മോഡലില്‍ ഇന്ത്യ അവതരിപ്പിക്കണമെന്നാണ് ആര്‍എസ്എസിന്റെ നിര്‍ദേശം.

ബെല്‍റ്റ് റോഡ് പദ്ധതിക്ക് യുറേഷ്യയിലെ വിടവ് നികത്താന്‍ ആകില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചൈനയുടെ ചരിത്രപരമായ വാദങ്ങള്‍ക്ക് അടിത്തറയില്ലെന്നുമാണ് ആര്‍എസ്എസ് കരുതുന്നത്.

നിലവിലെ രൂപത്തില്‍ ഭൂട്ടാനും ഇന്ത്യയും ഒഴികെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഒബിഒആര്‍ പദ്ധതി. ഇന്ത്യക്ക് തന്ത്രപരമായി പങ്കാളിത്തമുള്ള നിരവധി രാജ്യങ്ങളില്‍ കടന്നുകയറാനുള്ള ശ്രമം കൂടിയാണ് പദ്ധതിയിലൂടെ ചൈന നടത്തുന്നത്.

യുറേഷ്യന്‍ മേഖലയുടെ ചരിത്രപരമായ വികസനത്തില്‍ ചൈനയേക്കാള്‍ പങ്കുവഹിച്ചത് ഇന്ത്യയാണെന്നും മുള്‍ട്ടാന്‍ പോലുള്ള വ്യാപാരകേന്ദ്രങ്ങള്‍ അതിന് തെളിവാണെന്നും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ചൈനയുടെ കൊളോണിയല്‍ പദ്ധതികളെ പ്രതിരോധിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കേണ്ടതുണ്ട്. സാംസ്‌കാരികമായ ശൂന്യത നിലവില്‍ യുറേഷ്യന്‍ മേഖലയില്‍ നിലനില്‍ക്കുന്നു. മുതലാളിത്ത മനോഭാവമുള്ള ബെല്‍റ്റ് റോഡ് പദ്ധതിയിലൂടെ ആ ശൂന്യത നികത്താന്‍ സാധിക്കില്ല.

മാനുഷികമായ, തത്വശാസ്ത്രപരമായ നീക്കമാണ് ഇവിടെ വേണ്ടത്. ഇന്ത്യ ഇത് ഉപയോഗപ്പെടുത്തണം-ലേഖനത്തില്‍ പറയുന്നു. സില്‍ക്ക് റോഡ് സംബന്ധിച്ചുള്ള ചൈനയുടെ അവകാശവാദങ്ങളെയും ലേഖനത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.

യുറേഷ്യന്‍ മേഖലയുടെ വികസനത്തില്‍ മൗര്യന്‍ രാജാവായ അശോകന്‍ വഹിച്ച പങ്കും ലേഖനം എടുത്തു പറയുന്നുണ്ട്. ബെല്‍റ്റ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ചൈന മേയില്‍ നടത്തിയ ആദ്യ ആഗോള സമ്മേളനത്തില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നിരുന്നു. പദ്ധതിയുടെ കാതലായ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് പാക്കിസ്ഥാന്‍ അധീന കശ്മീരിലൂടെയാണ്. അതുകൊണ്ടുതന്നെ അതിന്റെ ഭാഗമാകുന്നത് അധിനിവേശ കശ്മീരിനെ അംഗീകരിക്കുന്നതിന് തുല്യമാകുമെന്നാണ് ഇന്ത്യയുടെ നിലപാട്.

ബെല്‍റ്റ് റോഡ് പദ്ധതിയെ പ്രതിരോധിക്കാന്‍ ജപ്പാനോട് ചേര്‍ന്ന് ആഫ്രിക്കന്‍ ഇടനാഴി വികസിപ്പിക്കാനും ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പുറകെയാണ് വണ്‍ കള്‍ച്ചര്‍, വണ്‍ റീജണ്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്‌കരിക്കണമെന്ന നിര്‍ദേശവുമായി ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories