സൂപ്പര്‍ഫാസ്റ്റ് ട്രെയ്‌നുകള്‍ വൈകിയത് 95 ശതമാനത്തിലും അധികം

സൂപ്പര്‍ഫാസ്റ്റ് ട്രെയ്‌നുകള്‍ വൈകിയത് 95 ശതമാനത്തിലും അധികം

21 സൂപ്പര്‍ഫാസ്റ്റ് ട്രെയ്‌നുകള്‍ 16,804 പ്രവര്‍ത്തന ദിവസങ്ങളില്‍ 3,000 ദിവസങ്ങളിലും വൈകിയാണ് ഓടിയത്

ന്യൂഡെല്‍ഹി: യാത്രക്കാരില്‍ നിന്നും സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജായി നോര്‍ത്ത് സെന്‍ട്രല്‍ റെയ്ല്‍വെ (എന്‍സിആര്‍), സൗത്ത് സെന്‍ട്രല്‍ റെയ്ല്‍വെ (എസ്‌സിആര്‍) എന്നിവ അധിക ചാര്‍ജ് ഈടാക്കുമ്പോഴും യാത്രികര്‍ക്ക് സൂപ്പര്‍ഫാസ്റ്റ് സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് വിലയിരുത്തല്‍. എന്നാല്‍ ചില സൂപ്പര്‍ഫാസ്റ്റ് ട്രെയ്‌നുകള്‍ 95 ശതമാനത്തിലധികം തവണയും വൈകിയാണ് ഓടിയതെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റെയ്ല്‍വെ ബോര്‍ഡിന്റെ കണക്ക്പ്രകാരം മണിക്കൂറില്‍ 55 കിലോമീറ്ററോ അതില്‍ കൂടുതലോ ശരാശരി വേഗതയുള്ള ട്രെയ്‌നുകളാണ് സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തില്‍ വരുന്നത്. 2014-15 മുതല്‍ 2015-16 വരെയുള്ള കാലയളവിലെ സൂപ്പര്‍ഫാസ്റ്റ് ട്രെയ്‌നുകളുടെ സമയനിഷ്ഠ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്‌.

കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതില്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയ്‌നുകള്‍ക്കുണ്ടായ വീഴ്ച 13.48 ശതമാനത്തിനും 95.17 ശതമാനത്തിനും ഇടയിലാണ്. മൊത്തത്തില്‍ 21 സൂപ്പര്‍ഫാസ്റ്റ് ട്രെയ്‌നുകള്‍ 16,804 പ്രവര്‍ത്തന ദിവസങ്ങളില്‍ 3,000 ദിവസങ്ങളിലും വൈകിയാണ് ഓടിയത്. സൂപ്പര്‍ ഫാസ്റ്റ് വേഗത കൈവരിക്കാന്‍ ഈ ട്രെയ്‌നുകള്‍ പരാജയപ്പെട്ടതാണ് ഇതിന് പ്രധാന കാരണം.

ട്രെയ്ന്‍ വൈകിയാല്‍ പണം മടക്കി നല്‍കുന്നതിനുള്ള നിയമമോ നയമോ നിലവിലില്ല. ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍, സിഗ്‌നല്‍ പ്രശ്‌നങ്ങള്‍, എമര്‍ജന്‍സി ബ്രേക്കുകള്‍, അപടകങ്ങള്‍ എന്നിവയാണ് സൂപ്പര്‍ ഫാസ്റ്റ് ട്രെയ്‌നുകള്‍ വൈകുന്നതിന്റെ പ്രധാന കാരണങ്ങളെന്ന് ആഗ്ര ഡിവിഷണനിലെ വാണിജ്യ മാനേജരായ സഞ്ചിത് ത്യാഗി ചൂണ്ടിക്കാട്ടി.

Comments

comments

Categories: More