റീട്ടെയ്‌ലും ജിയോയും ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള പ്ലാറ്റുഫോമുകള്‍: ആര്‍ഐഎല്‍

റീട്ടെയ്‌ലും ജിയോയും ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള പ്ലാറ്റുഫോമുകള്‍: ആര്‍ഐഎല്‍

ജൂണില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 9,000 കോടി രൂപ കടന്നിരുന്നു

ന്യൂഡെല്‍ഹി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് റീട്ടെയ്ല്‍ ബിസിനസും റിലയന്‍സ് ജിയോയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഏറ്റവും മികച്ച വളര്‍ച്ച പ്രകടിപ്പിക്കുന്ന ഇടങ്ങളാകുമെന്ന് ആര്‍ഐഎല്‍. ഇക്കാലയളവിനെ ആര്‍ഐഎല്ലിന്റെ ‘സുവര്‍ണ ദശാബ്ദം’ എന്നാണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്.

റീട്ടെയ്ല്‍ രംഗത്തും ടെലികോം കമ്പനിയായ ജിയോയുടെ പ്രകടനത്തിലും വളരെ വേഗത്തിലുള്ളതും സുസ്ഥിരവുമായ വളര്‍ച്ചയാണ് ആര്‍ഐഎല്‍ പ്രതീക്ഷിക്കുന്നത്. ആര്‍ഐഎല്ലിന്റെ നിലവിലെ പ്രധാന ബിസിനസുകളായ ഊര്‍ജ, പെട്രോകെമിക്കല്‍ മേഖലകളില്‍ നിന്നും വരും വര്‍ഷങ്ങളില്‍ മൂലധന ചെലവിന്റെ പ്രതിഫലം കൊയ്യുമെന്നും കമ്പനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ട ശേഷമാണ് ആര്‍ഐഎല്‍ ഓരോ മേഖലയും കേന്ദ്രീകരിച്ചുമുള്ള വളര്‍ച്ചാ സാധ്യതകളും പ്രതീക്ഷകളും പങ്കുവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ജൂണില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 9,000 കോടി രൂപ കടന്നിരുന്നു. കമ്പനിയുടെ പ്രധാന ബിസിനസായ റീഫൈനിംഗ്, പെട്രോകെമിക്കല്‍ ബിസിനസില്‍ നിന്നും മികച്ച വരുമാനം നേടാനായതാണ് ആര്‍ഐഎല്ലിന്റെ അറ്റാദായത്തില്‍ പ്രതിഫലിച്ചത്. അതേസമയം കമ്പനിയുടെ റീട്ടെയ്ല്‍ ബിസിനസില്‍ നിന്നുള്ള സംഭാവനയും അറ്റാദായത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എണ്ണ റീട്ടെയ്ല്‍ ബിസിനസിലും വേഗത്തിലുള്ള വളര്‍ച്ച പ്രകടമാണെന്നും ആര്‍ഐഎല്‍ പറഞ്ഞു. ഈ രംഗത്തെ മുഖ്യ എതിരാളികളുടെ താരതമ്യം ചെയ്യുമ്പോള്‍ ആര്‍ഐഎല്ലിന്റെ ശരാശരി വില്‍പ്പന കൂടുതലാണെന്നും തങ്ങള്‍ക്കെതിരെ ഒരു പരാതി പോലും ഇല്ലെന്നും ആര്‍ഐഎല്‍ വിശദീകരിച്ചു.

ചെലവ് കുറഞ്ഞ സേവനങ്ങളിലൂടെയും സൗജന്യ ഫോണ്‍ അവതരിപ്പിച്ചുകൊണ്ടും ഉപഭോക്താക്കളെ ആകര്‍ഷിക്കാനൊരുങ്ങുന്ന ജിയോ, ഡിജിറ്റല്‍ ലോകത്തെ വര്‍ധിച്ചുവരുന്ന വയര്‍ലെസ് ഡാറ്റ ഉപയോഗത്തില്‍ നിന്നും നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 മില്യണിലധികം പെയ്ഡ് വരിക്കാരെ നേടിയതായും ജിയോ പറയുന്നുണ്ട്. ഇതില്‍ കൂടുതല്‍ പേരും 349 രൂപയുടെയോ അതിനു മുകളിലോ ഉള്ള പ്ലാന്‍ തെരഞ്ഞെടുത്തവരാണ്. അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നിലവിലുള്ള 30 ശതമാനത്തില്‍ നിന്നും 60 ശതമാനമായി വര്‍ധിക്കും. രണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ ഒരാള്‍ വീഡിയോ സ്ട്രീമിംഗിലും അഞ്ചില്‍ രണ്ട് പേര്‍ ഇ-സ്‌പോര്‍ട്‌സിലും തല്‍പ്പരരാണെന്നും ആര്‍ഐഎല്‍ വിലയിരുത്തുന്നു.

ജിയോ ഇതിനോടകം തന്നെ രാജ്യത്തെ ഡാറ്റ ഉപയോഗം വര്‍ധിക്കുന്നതിന് വലിയ അളവില്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ജിയോ സര്‍വീസ് ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ ഇന്ത്യയുടെ ഡാറ്റ ഉപയോഗം 20 കോടി ജിബിയില്‍ നിന്നും 120 കോടി ജിബി ആയി ഉയര്‍ന്നു. ജിയോ വരിക്കാര്‍ ഓരോ ദിവസവും 250 മിനുറ്റ്‌സ് വോയിസ്, വീഡിയോ കോളുകളാണ് നടത്തുന്നതെന്നും ഓരോ മാസവും 165 കോടി മണിക്കൂറുകള്‍ വീഡിയോ സ്ട്രീമിംഗിനു വേണ്ടി ചെലവഴിക്കുന്നതായും ആര്‍ഐഎല്‍ അവകാശപ്പെട്ടു.

Comments

comments

Categories: Business & Economy