പുതുവൈപ്പ് പദ്ധതി: ഐഒസിക്ക് പറയാനുള്ളത്

പുതുവൈപ്പ് പദ്ധതി: ഐഒസിക്ക് പറയാനുള്ളത്

ഒരു മാസം മുന്‍പു മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു പുതുവൈപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) എല്‍പിജി ടെര്‍മിനലിനെതിരേ അരങ്ങേറിയ പ്രതിഷേധം. എന്നാല്‍ വിഷയത്തില്‍ സമാധാനപരമായിട്ടാണു ഐഒസി കേരള റീജ്യണ്‍ ചീഫ് ജനറല്‍ മാനേജര്‍ പി എസ് മണി പ്രതികരിച്ചത്. യാതൊരുവിധ ക്രമക്കേടുകളും ഇല്ലാതെ ശരിയായി തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു.

പ്രതിഷേധത്തിനു പിന്നില്‍

സ്‌പെഷല്‍ ഇക്കണോമിക് സോണായി (സെസ്) പ്രഖ്യാപിച്ചിട്ടുള്ള ഒരു പ്രദേശത്താണ് ഐഒസി ടെര്‍മിനല്‍ സ്ഥാപിച്ചത്. ഒരു സ്ഥലം സെസ് ആയി പ്രഖ്യാപിക്കന്നതിനു മുന്‍പ് ആ വിവരം പൊതുജനങ്ങളിലെത്തിച്ച് എതിര്‍പ്പുണ്ടോ എന്നു ചോദിക്കാറുണ്ട്. പുതുവൈപ്പില്‍ ഇത്തരം നടപടിക്രമങ്ങള്‍ പാലിച്ചതിനു ശേഷമാണു പദ്ധതി വിഭാവനം ചെയ്തത്. ഇത്തരത്തില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായി മാറ്റിവച്ച പ്രദേശത്ത് പിന്നീട് പദ്ധതി സ്ഥാപിക്കാന്‍ പാടില്ലെന്നു പറഞ്ഞാല്‍ പിന്നെ എവിടെയാണു പദ്ധതി ആരംഭിക്കേണ്ടതെന്നു മണി ചോദിക്കുന്നു.

മറ്റൊരു കാര്യം പുതുവൈപ്പില്‍ ഐഒസി ടെര്‍മിനല്‍ സ്ഥാപിച്ച സ്ഥലം പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. സ്ഥലത്തിന്റെ ഉയരവും വ്യാപ്തിയും പരിശോധിച്ച ശേഷമാണു സെസ് ഇവിടെ അനുവദിച്ചത്. 2008-ലാണു പുതുവൈപ്പിലെ സ്ഥലം ഐഒസിക്ക് ലഭിച്ചത്. തുടര്‍ന്ന് എല്‍പിജി ടെര്‍മിനല്‍ സ്ഥാപിക്കാന്‍ പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍വയേണ്‍മെന്റ് ആന്‍ഡ് ഫോറസ്റ്റ് മിനിസ്ട്രി (എംഒഇഎഫ്) നല്‍കി. എല്ലാ സംസ്ഥാനത്തും കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എംഒഇഎഫ് പാരസ്ഥിതിക അനുമതി നല്‍കുന്നത്.

കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി ഐഒസിയുടെ അപേക്ഷയില്‍ വേണ്ട നടപടികള്‍ ചെയ്ത് അയച്ചു. 2010ല്‍ അനുമതി ഐഒസി നേടി. ഇതിനിടെ പാരിസ്ഥിതിക അനുമതിക്കായി അപേക്ഷ നല്‍ക്കുന്നതിനിടയിലുണ്ടായ അച്ചടി പിശകാണ് ഇപ്പോള്‍ പലരും ഉയര്‍ത്തിക്കാട്ടുന്നത്. ഹൈ ടൈഡ് ലൈന്‍ (വേലിയേറ്റ പ്രദേശം) നിന്നും 50 മീറ്റര്‍ അകലെയായിരിക്കും ടെര്‍മിനല്‍ സ്ഥാപിക്കുകയെന്ന് ഇസിക്കു (എന്‍വയേണ്‍മെന്റല്‍ ക്ലിയറന്‍സ്) വേണ്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ച അപേക്ഷയില്‍ ഐഒസി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി അപേക്ഷ പരിശോധിച്ചതിനു ശേഷം കേന്ദ്രത്തിനു മടക്കി അയച്ചപ്പോള്‍ 50 മീറ്റര്‍ എന്നുള്ളത് 200 മീറ്ററായി രേഖപ്പെടുത്തി. ഇത്തരത്തിലാണ് അച്ചടി പിശക് സംഭവിച്ചത്. എന്നാല്‍ ഇതിന് മുന്‍പ് ഇത്തരത്തില്‍ ഒരു ആരോപണം ഉണ്ടായപ്പോള്‍ എന്‍ജിടി (നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍) നിയോഗിച്ച ഒരു മൂന്നംഗ കമ്മിറ്റി അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇതില്‍ യാതൊരുവിധ ക്രമക്കേടുകളും ഇല്ല എന്ന് സൂചിപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇന്ത്യയില്‍ എല്‍പിജി ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ രാജ്യത്ത് ആവശ്യമുള്ള എല്‍പിജിയുടെ 50 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. സമീപഭാവിയില്‍ കയറ്റുമതി തോത് 60 മുതല്‍ 70 ശതമാനത്തിലേക്ക് ഉയരും. കേരളത്തിലെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ 2016-17-ല്‍ 8.4 ലക്ഷം ടണ്‍ എല്‍പിജിയാണു സംസ്ഥാനത്ത് ആവശ്യമായി വന്നത്. 2022 ആകുമ്പോള്‍ ഇത് 13 ലക്ഷം ടണ്ണായി ഉയരും, 2028ല്‍ ഇത് 23 ലക്ഷം ടണ്ണായും വര്‍ധിക്കും. റിഫൈനറി ഉണ്ടെങ്കില്‍ പോലും ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ ആവശ്യം നിറവേറ്റല്‍ അത്ര എളുപ്പമാകില്ല.

പിന്നീട് ഐഒസി പദ്ധതിക്കെതിരേ ഉയര്‍ന്നുകേട്ട പ്രശ്‌നങ്ങളില്‍ ഒന്നു ജോലി സമയവുമായി ബന്ധപ്പെട്ടതാണ്. ഒരു വ്യവസായ മേഖലയില്‍ 24*7 ജോലിസമയം എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കു പിന്നീട് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ലോഡ് കൊണ്ടു പോകുമ്പോള്‍ വഴിയില്‍ അതിന്റെ പൊടിയും മറ്റ് മാലിന്യങ്ങളും വീഴുന്നു എന്നതായിരുന്നു മറ്റൊരു പരാതി. ഇതു പരിഹരിക്കാനായി ഓരോ ലോഡ് വണ്ടിയും പോകുന്നതിനു പുറകേ റോഡ് വൃത്തിയാക്കി നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നേറുമ്പോള്‍ ജോലിസമയം ഉയര്‍ത്തിക്കാട്ടി വീണ്ടും പ്രതിഷേധമുണ്ടായി. പ്രശ്‌നം ഹൈക്കോടതിക്കു മുന്നില്‍ വരെയെത്തിയെങ്കിലും ഞങ്ങള്‍ക്ക് 24മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചു. പിന്നീടാണു സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തിയുള്ള സമരങ്ങള്‍ ആരംഭിച്ചതെന്നു മണി വ്യക്തമാക്കുന്നു.

പ്രതിഷേധത്തെ തുടര്‍ന്നു സമരക്കാരും സര്‍ക്കാരുമായി നടന്ന യോഗത്തില്‍ മുഖ്യമന്ത്രി മൂന്നംഗ സമിതി രൂപീകരിക്കുമെന്നു പറഞ്ഞിരിക്കുകയാണ്. ആ കമ്മിറ്റി നിലവില്‍ വന്നുകഴിയുമ്പോള്‍ മൂന്നംഗ സമിതി മുന്‍പാകെ ഐഒസിയുടെ രേഖകള്‍ സമര്‍പ്പിക്കും. പ്രതിഷേധത്തെ തുടര്‍ന്നു പദ്ധതി അനിശ്ചിതത്തിലായതോടെ നിലവില്‍ പ്രതിദിനം 100 കോടി രൂപയുടെ നഷ്ടം ഐഒസി വഹിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളില്‍ സമാനമായ പദ്ധതികള്‍ ആവിഷ്‌കരിക്കമ്പോള്‍ ഇത്ര വ്യാപകമായ എതിര്‍പ്പ് ഒരിക്കല്‍ പോലും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

പുതുവൈപ്പ് പദ്ധതി എന്തിന് ?

എല്‍പിജിയുടെ ഉപയോഗം ഓരോ ദിവസവും പിന്നിടുമ്പോഴും വര്‍ധിച്ചുവരികയാണെന്നു മണി പറയുന്നു. അതുകൊണ്ടുതന്നെ ഇത് രാജ്യത്തിനു മൊത്തം പ്രയോജനകരമായ പദ്ധതിയാണ്. എനിക്ക് ഇത് വേണ്ട എന്നു പറഞ്ഞു പദ്ധതിയെ എതിര്‍ക്കുന്നതു ന്യായമല്ല. രാജ്യത്തിന്റെ പുരോഗതി എല്ലാവരുടെയും ഉത്തരവാദിത്വമാണ്. വിറകുപയോഗിച്ചു ഭക്ഷണം പാചകം ചെയ്യുന്ന ആളുകള്‍ ഇന്നു കുറവാണെന്നു മാത്രമല്ല, ഈ രീതി പിന്തുടരുന്നതു വഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് (വിറക് അടുപ്പ് ഉപയോഗിക്കുമ്പോള്‍ രൂപപ്പെടുന്ന പുക ശ്വസിച്ച് ആസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍) ഇന്നു പലര്‍ക്കും അറിവുണ്ട്-മണി കൂട്ടിച്ചേര്‍ത്തു.

2011ലെ സെന്‍സെസ് പ്രകാരം ബിപിഎല്‍ ആയ കുടുംബങ്ങളില്‍ എല്‍പിജി കണക്ഷന്‍ ഇല്ലെങ്കില്‍ അതു നല്‍കുമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതായതു മൂന്ന് വര്‍ഷം കൊണ്ട് അഞ്ച് കോടി കണക്ഷനുകള്‍ അനുവദിക്കാന്‍ 8000 കോടി രൂപയുടെ സബ്‌സിഡിയാണു സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഐഒസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ കമ്പനികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ ലക്ഷ്യം ഒന്നര കോടി പുതിയ എല്‍പിജി കണക്ഷനുകള്‍ ലഭ്യമാക്കുകയെന്നതായിരുന്നു. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം അതിലധികമായി വരുന്നതിനാല്‍ സര്‍ക്കാര്‍ തന്നെ എല്‍പിജി കണക്ഷന്‍ അനുവദിക്കേണ്ടവരുടെ എണ്ണം വര്‍ധിപ്പിക്കുകയാണു പതിവ്. അങ്ങനെ രണ്ട് കോടിയായി ഇത് ഉയര്‍ത്തി.

2016 ഏപ്രില്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ മൊത്തം 61 ശതമാനം വീടുകളിലാണ് എല്‍പിജി ഉണ്ടായിരുന്നത്. ഒരു വര്‍ഷം കൊണ്ട് 72 ശതമാനത്തിലേക്ക് ഇത് ഉയര്‍ന്നു. ഇന്ത്യയില്‍ എല്‍പിജി ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ രാജ്യത്ത് ആവശ്യമുള്ള എല്‍പിജിയുടെ 50 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. സമീപഭാവിയില്‍ കയറ്റുമതി തോത് 60 മുതല്‍ 70 ശതമാനത്തിലേക്ക് ഉയരും. കേരളത്തിലെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ 2016-17-ല്‍ 8.4 ലക്ഷം ടണ്‍ എല്‍പിജിയാണു സംസ്ഥാനത്ത് ആവശ്യമായി വന്നത്. 2022 ആകുമ്പോള്‍ ഇത് 13 ലക്ഷം ടണ്ണായി ഉയരും, 2028ല്‍ ഇത് 23 ലക്ഷം ടണ്ണായും വര്‍ധിക്കും. റിഫൈനറി ഉണ്ടെങ്കില്‍ പോലും ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ ആവശ്യം നിറവേറ്റല്‍ അത്ര എളുപ്പമാകില്ലെന്നു മണി ഓര്‍മിപ്പിക്കുന്നു.

സുരക്ഷയില്‍ ആശങ്ക വേണ്ട

ഇതു സുരക്ഷിതമാണോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. സുരക്ഷ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം മില്ല്യണില്‍ ഒരു അപകട സാധ്യത മാത്രമാണ് കാണുന്നത്. ഇപ്പോള്‍ നിലവില്‍ ലഭ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ഭാവിയില്‍ മറ്റേതൊരു രംഗത്തും ഉണ്ടാകുന്നതു പോലെ മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ നടപ്പിലാക്കുമെന്നും മോനി ഉറപ്പുനല്‍കുന്നു.

പദ്ധതിയുടെ പ്രയോജനങ്ങള്‍

പുതുവൈപ്പ് ടെര്‍മിനല്‍ പദ്ധതിയോടൊപ്പം തന്നെ ഒരു പൈപ് ലൈന്‍ പദ്ധതിയും പുരോഗമിക്കുന്നുണ്ട്. കൊച്ചി മുതല്‍ സേലം വരെ വ്യാപിച്ചു കിടക്കുന്ന പൈപ് ലൈനിന്റെ നിര്‍മാണം ബിപിസിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ചേര്‍ന്നു നടത്തുകയാണ്. ഇംപോര്‍ട്ട് ടെര്‍മിനലിനോട് ചേര്‍ന്നു തന്നെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനോട് അടുത്ത് മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍, പാലക്കാട് ഒരു ബള്‍ക്ക് സ്റ്റോറേജ് എല്‍പിജി ടെര്‍മിനല്‍, ഇതെല്ലാം കൂടെ ചേര്‍ന്ന് ഏകദേശം 2200 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഇതില്‍ 30 ശതമാനവും തൊഴിലാളികള്‍ക്കു നല്‍കേണ്ടി വരുന്ന ചെലവാണ്. അതായത് ആരെയൊക്കെ ജോലിക്കെടുക്കുന്നോ അവരിലേക്കായിരിക്കും ഈ തുക എത്തിപ്പെടുക. ഇംപോര്‍ട്ട് ടെര്‍മിനല്‍ മാത്രമായി പരിശോധിച്ചാല്‍ അതിനുള്ള ചെലവിന്റെ മൂന്നിലൊന്നു സുരക്ഷയ്ക്കായാണു ചെലവാക്കപ്പെടുന്നത്.

പൈപ് ലൈന്‍ പ്രവര്‍ത്തനക്ഷമമായി കഴിഞ്ഞാല്‍ റോഡു മാര്‍ഗമുള്ള ചരക്കുനീക്കം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എത്രമാത്രം സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ചാലും വളരെ ഇടുങ്ങിയ റോഡുകളിലൂടെ ഇത്രയധികം (125 വണ്ടികള്‍ പ്രതിദിനം) ലോഡുമായി വാഹനങ്ങള്‍ സഞ്ചരിക്കുന്നത് അപകടകരമാണ്. പൈപ് ലൈന്‍ ആരംഭിക്കുന്നതോടെ റോഡു മാര്‍ഗമുള്ള അപകട സഞ്ചാരം കുറയ്ക്കാന്‍ കഴിയും. റോഡുകള്‍ സുരക്ഷിതമാക്കാന്‍ ഇത് സഹായിക്കും. 250 ട്രക്കുകള്‍ പ്രതിദിനം നിറയ്ക്കാനുള്ള അനുമതിയാണ് പുതുവൈപ്പ് ടെര്‍മിനലിന് ലഭിച്ചിട്ടുള്ളത്.

കേരളത്തില്‍ എല്‍പിജി ബുക്ക് ചെയ്താല്‍ കുറഞ്ഞത് 15 ദിവസമെങ്കിലും കാലതാമസം നേരിടാറുണ്ട്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങൡ ഇത്തരത്തില്‍ കാത്തിരിക്കേണ്ട ആവശ്യം ഉണ്ടാകാറില്ല. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബുക്ക് ചെയ്താല്‍ അന്നു തന്നെ ലഭ്യമാകുന്ന രീതീയിലാണ് കാര്യങ്ങള്‍. എന്നാല്‍ കേരളത്തിലേക്കു സമാനമായ അവസ്ഥ കൊണ്ടു വരണമെന്നുണ്ടെങ്കില്‍ ചില വ്യവസ്ഥകള്‍ക്കു മാറ്റം വരുത്തേണ്ടതുണ്ട് അഥവാ മെച്ചപ്പെടേണ്ടതുണ്ട്. അതായത് ഞായറാഴ്ചകളിലും തൊഴില്‍ ചെയ്യാന്‍ ആളുകള്‍ തയാറാകണം. മറ്റൊന്ന് അഞ്ച് മണിക്കു ശേഷവും ഡെലിവറി ആവശ്യങ്ങള്‍ ഉണ്ടായാല്‍ അതു നിര്‍വഹിക്കാന്‍ തൊഴിലാളികള്‍ തയാറാകണം. ഇത് എല്ലാവരും ചേര്‍ന്നു തീരമാനമെടുക്കേണ്ട ഒന്നാണ്. അതിനനുസരിച്ചുള്ള ശമ്പളം സര്‍ക്കാര്‍ തീരുമാനിക്കേണ്ടതുണ്ട്.’ഇപ്പോള്‍ ടെര്‍മിനല്‍ വേണ്ട എന്ന ആവശ്യമുന്നയിക്കുന്നവര്‍ മനസിലാക്കേണ്ടത് നിലവില്‍ 15 ദിവസമാണു നിങ്ങള്‍ ഗ്യാസിനായി കാത്തുനില്‍ക്കുന്നതെങ്കില്‍ വരും കാലങ്ങളില്‍ അത് കൂടാനുള്ള സാഹചര്യമാണ് ഇന്നുള്ളത്്. മറ്റൊരു കാര്യം, കേരളത്തില്‍ 36 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. അവര്‍ക്കെല്ലാം സ്വന്തം നാട്ടില്‍ ഗ്യാസ് കണക്ഷന്‍ ഉള്ളവരുമാണ്. എന്നാല്‍ അതവര്‍ക്ക് ഇവിടെ ലഭ്യമല്ല. പക്ഷേ അത് ലഭ്യമാവുക എന്നത് അവരുടെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ നോക്കി കാണേണ്ടിയിരിക്കുന്നു’ – മണി പറയുന്നു.

Comments

comments

Categories: FK Special, Slider