ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇളവുകള്‍ തേടി മെഴ്‌സിഡസ് ബെന്‍സ്

ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇളവുകള്‍ തേടി മെഴ്‌സിഡസ് ബെന്‍സ്

തദ്ദേശീയമായി വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുന്നതുവരെ ഇളവുകള്‍ വേണം

ന്യൂ ഡെല്‍ഹി : ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കണമെന്ന് മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യാ മേധാവി റോളണ്ട് ഫോള്‍ഗര്‍. തദ്ദേശീയമായി വൈദ്യുത കാറുകള്‍ നിര്‍മ്മിക്കുന്നതുവരെയാണ് മെഴ്‌സിഡസ്-ബെന്‍സ് ഇളവുകള്‍ തേടുന്നത്. 2030 ഓടെ രാജ്യത്ത് ഫോസില്‍ ഇന്ധന ഗതാഗതം അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളുടെ സമ്മര്‍ദ്ദതന്ത്രം. ഇക്കാര്യത്തില്‍ അമേരിക്കന്‍ ആഡംബര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ സിഇഒ ഇലോണ്‍ മസ്‌കിന് പഠിക്കുകയാണ് മെഴ്‌സിഡസ്-ബെന്‍സ്. ഇലോണ്‍ മസ്‌ക് സമാന ആവശ്യം ഉന്നയിച്ചിരുന്നു.

മെഴ്‌സിഡസ് ബെന്‍സ് ആഗോളതലത്തില്‍ ഇലക്ട്രിക് മൊബിലിറ്റി സാങ്കേതികവിദ്യയില്‍ വളരെയധികം നിക്ഷേപം നടത്തുന്നതായി റോളണ്ട് ഫോള്‍ഗര്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ മതിയായ പിന്തുണ തരികയാണെങ്കില്‍ 2020 ഓടെ ഈ വാഹനങ്ങള്‍ ഇന്ത്യയിലുമെത്തും. ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കണമെന്നുതന്നെയാണ് ആഗ്രഹിക്കുന്നതെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ ഫാക്ടറിയില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പായി നിശ്ചിത എണ്ണം ഇലക്ട്രിക് വാഹനങ്ങള്‍ നല്ല രീതിയില്‍ വിറ്റുപോകേണ്ടതുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചുതുടങ്ങുന്നതുവരെ ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് റോളണ്ട് ഫോള്‍ഗര്‍ ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നതുവരെ ഇറക്കുമതി തീരുവകള്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ഒഴിവാക്കണമെന്നാണ് നേരത്തേ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചയിലാണെന്നും മസ്‌ക് ട്വിറ്ററില്‍ സൂചിപ്പിക്കുകയുണ്ടായി.

2030 ഓടെ ഇന്ത്യയെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ അന്തിമ രൂപരേഖ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാക്കും.

 

Comments

comments

Categories: Auto