പ്രതിരോധത്തിലെ എഫ്ഡിഐ നയ പരിഷ്‌കരണം സര്‍ക്കാരിന്റെ പരിഗണനയില്‍

പ്രതിരോധത്തിലെ എഫ്ഡിഐ നയ പരിഷ്‌കരണം സര്‍ക്കാരിന്റെ പരിഗണനയില്‍

ലക്ഷ്യമിടുന്നത് 35,000 കോടി രൂപയുടെ നിക്ഷേപം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ടി എഫ്ഡിഐ നയം കൂടുതല്‍ ഉദാരമാക്കന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശ നിക്ഷേപ നയത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചുകൊണ്ട് പ്രതിരോധ രംഗത്ത് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ നയം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് 35,000 കോടി രൂപയുടെ നിക്ഷേപമാണ് നിലവിലുള്ള എഫ്ഡിഐ നയം പരിഷ്‌കരിക്കുന്നതിലൂടെ ലക്ഷ്യംവെക്കുന്നത്.
വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ അജണ്ടകളും കേന്ദ്ര സര്‍ക്കാരിനുണ്ട്. പുതിയ നയത്തിനു കീഴില്‍, രാജ്യത്ത് ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, സൈനിക ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് തുടങ്ങിയ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചേക്കും.

ഓട്ടോമാറ്റിക് റൂട്ടിനു കീഴില്‍ യുദ്ധ വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും 76 ശതമാനം എഫ്ഡിഐ അനുവദിക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. അന്തര്‍വാഹിനികള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കണമെന്ന നിര്‍ദേശവുമുണ്ട്. ഓട്ടോമാറ്റിക് റൂട്ട് വഴി നിലവില്‍ 100 ശതമാനത്തില്‍ കുറവ് എഫ്ഡിഐ അുവദിച്ചിട്ടുള്ള എല്ലാ വിഭാഗങ്ങളിലും ഒരോ നിക്ഷേപവും പ്രത്യേകം പരിശോധിച്ചായിരിക്കും വിദേശ നിക്ഷേപത്തിന്റെ പരിധി നിശ്ചയിക്കുക. സാങ്കേതിക വിദ്യയുടെ പ്രയോഗമായിരിക്കും ഇക്കാര്യത്തിലെ പ്രധാന മാനദണ്ഡം.

എഫ്ഡിഐ നയം പരിഷ്‌ക്കരിക്കുന്നതിലൂടെ പ്രതിരോധ മേഖലയിലേക്കുള്ള ഇറക്കുമതി കുറയ്ക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. നിലവില്‍ ഈ രംഗത്തെ ഇറക്കുമതി 70 ശതമാനമാണ്. പ്രതിരോധ മേഖലയിലെ എഫ്ഡിഐ നയ പരിഷ്‌കരണം സംബന്ധിച്ച നിലവില്‍ നിതിആയോഗും പ്രതിരോധ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും തമ്മില്‍ സജീവമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

Comments

comments

Categories: Slider, Top Stories