സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയറായി സ്വിഗ്ഗി,ബഗ്‌വര്‍ക്ക്‌സ് റിസര്‍ച്ചും പണ്ടോറം ടെക്‌നോളജീസും മികച്ച ഇന്നൊവേറ്റേഴ്‌സ്

സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയറായി സ്വിഗ്ഗി,ബഗ്‌വര്‍ക്ക്‌സ് റിസര്‍ച്ചും പണ്ടോറം ടെക്‌നോളജീസും  മികച്ച ഇന്നൊവേറ്റേഴ്‌സ്

ന്യൂഡെല്‍ഹി: ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പ്രമുഖ ബിസിനസ് മാധ്യമമായ ഇക്കണോമിക് ടൈംസിന്റ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരു ആസ്ഥാനമായ ബയോടെക്‌നോളജി കമ്പനിയായ പണ്ടോറം ടെക്‌നോളജീസും ഡ്രഗ്‌സ് ഡിസ്‌കവറി കമ്പനിയായ ബഗ്‌വര്‍ക്ക്‌സ് റിസര്‍ച്ചുമാണ് ഈ വര്‍ഷത്തെ ടോപ്പ് ഇന്നൊവേറ്റേഴ്‌സ് വിഭാഗത്തില്‍ ഒന്നാമതെത്തിയത്.

12,000 പ്രാദേശിക റെസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണം ലഭ്യമാക്കുന്ന സ്വിഗ്ഗിക്ക് എട്ടു നഗരങ്ങളിലായി ഒരുമാസം നാലു ദശലക്ഷം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. പുരസ്‌കാരം ഇന്ത്യന്‍ ജനതയുടെ ഭക്ഷണം കഴിക്കുന്ന രീതിയെ മാറ്റിമറിക്കാനുള്ള സ്വിഗ്ഗിയുടെ ലക്ഷ്യത്തിനും സംഘാംഗങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിനും ലഭിച്ച സാക്ഷ്യപത്രമാണെന്ന് സിഇഒ ശ്രീഹര്‍ഷ മജെസ്റ്റി അഭിപ്രായപ്പെട്ടു. 2014 ല്‍ നന്ദന്‍ റെഡ്ഡിയും രാഹുല്‍ ജെയ്മിനിയും ചേര്‍ന്നാണ് സ്വിഗ്ഗി ആരംഭിക്കുന്നത്.

ആന്റിബയോട്ടിക് മരുന്നുകളോട് പ്രതിരോധം കാണിക്കുന്ന ബാക്റ്റീരിയകളെ നശിപ്പിച്ച് പുതിയ ആന്റിബയോട്ടിക്കുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന രീതിയാണ് ബഗ്‌വര്‍ക്ക്‌സ് വികസിപ്പിച്ചത്. മെഡിക്കല്‍ ഗവേഷണത്തിനായി 3ഡി പ്രിന്റെഡ് മനുഷ്യ കലകള്‍ വികസിപ്പിച്ച കമ്പനിയാണ് പാണ്ടോറം ടെക്‌നോളജീസ്. ഇരു കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സിലിന്റെ ധനസഹായം ലഭിക്കുന്നുണ്ട്.

സാമൂഹ്യ സംരംഭ വിഭാഗത്തില്‍ അഗ്രിടെക് കമ്പനിയായ എയ്‌ബോനോ പുരസ്‌കാരാര്‍ഹരായി. കൃഷിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള ബിസിനസ് മാതൃക പിന്തുടരുന്ന കമ്പനി തമഴ്‌നാട്ടിലെ നീലഗിരിയിലെ 140 കര്‍ഷകര്‍ക്ക് 50 ശതമാനത്തോളം വിളവ് വര്‍ധിപ്പിക്കാന്‍ സഹായം നല്‍കിയെന്നാണ് അവകാശപ്പെടുന്നത്.

Comments

comments

Categories: Entrepreneurship