ഫ്രീചാര്‍ജിനായി 70-80 മില്യണ്‍ ഡോളര്‍ വാഗ്ദാനവുമായി ആമസോണ്‍

ഫ്രീചാര്‍ജിനായി 70-80 മില്യണ്‍ ഡോളര്‍ വാഗ്ദാനവുമായി ആമസോണ്‍

ആക്‌സിസ് ബാങ്കും എയര്‍ടെലും ഫ്രീ ചാര്‍ജിനായി രംഗത്തുണ്ട്

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇ- കൊമേഴ്‌സ് മാര്‍ക്കറ്റ് സ്‌നാപ്ഡീലിന്റെ ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫ്രീചാര്‍ജിനെ ഏറ്റെടുക്കാനായി ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ നീക്കം. സ്‌നാപ്ഡീല്‍ തങ്ങളുടെ പേമെന്റ് യൂണിറ്റിനെ വില്‍ക്കുന്നതിനായി ആക്‌സിസ് ബാങ്കുമായും ടെലികോം സേവനദാതാവായ ഭാരതി എയര്‍ടെലിന്റെ മൊബില്‍ വാലറ്റായ എയര്‍ടെല്‍ മണിയുമായി ചര്‍ച്ചകള്‍ നടത്തി വരുന്ന സമയത്ത് തന്നെയാണ് ആമസോണിന്റെ വൈകിയ ഏറ്റെടുക്കല്‍ നീക്കം.

ആമസോണ്‍ മുന്നോട്ട് വെച്ച ലേലമൂല്യം 70-80 മില്യണ്‍ ഡോളര്‍ (466-532 കോടി രൂപ) ആണെന്നാണ് ഇതുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ടേം ഷീറ്റില്‍ സ്‌നാപ്ഡീലിന്റെയും ഫ്രീചാര്‍ജിന്റെയും ഉടമസ്ഥരായ ജാസ്പര്‍ ഇന്‍ഫൊടെകും ആമസോണും കഴിഞ്ഞയാഴ്ച ഒപ്പുവെച്ചെന്നാണ് സൂചന. ഏകദേശം 60-65 മില്യണ്‍ ഡോളര്‍ വാഗ്ദാനത്തിലൂടെ ഫ്രീചാര്‍ജ് ഏറ്റെടുക്കാന്‍ രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യബാങ്കായ ആക്‌സിസ് ബാങ്ക് നീക്കങ്ങള്‍ നടത്തിയിരുന്നു. ഫ്രീചാര്‍ജ് സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ എതിരാളിയായ പേടിഎമ്മും നടത്തിയിരുന്നു.10 മില്യണ്‍ ഡോളറാണ് പേടിഎം മുന്നോട്ടുവെച്ചിരുന്നത്. ഫ്രീചാര്‍ജിന്റെ വിജയകരമായ വില്‍പ്പന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്‌നാപ്ഡീലിന് വലിയ ആശ്വാസമാണ് നല്‍കുക.

ഫ്രീചാര്‍ജ് സ്വന്തമാക്കുന്നതിനുള്ള ശ്രമത്തില്‍ വിജയിച്ചാല്‍ തങ്ങളുടെ നിലവിലെ പേമെന്റ് സംരംഭമായ ആമസോണ്‍ പേയിലേക്ക് ഫ്രീചാര്‍ജിനെയും കൂട്ടിച്ചേര്‍ക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്കായി 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ ആമസോണ്‍ പേ ഇന്ത്യക്കായി 130 കോടി രൂപ നിക്ഷേപിച്ചിരുന്നു.

പ്രീ-പെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ് അല്ലെങ്കില്‍ വാലറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഈ വര്‍ഷം ഏപ്രിലില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആമസോണിന് ലൈസന്‍സ് നല്‍കിയിരുന്നു. ആമസോണ്‍ ഓണ്‍ലൈന്‍ വിതരണ സേവനത്തിന്റെ പേരിലാണ് കേന്ദ്ര ബാങ്ക് വാലറ്റ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. നിലവില്‍ ആമസോണ്‍ പേ എന്ന പേരില്‍ ഇ-വാലറ്റ് സേവനം ആമസോണ്‍ നല്‍കുന്നുണ്ട്.

400-450 മില്യണ്‍ ഡോളര്‍ കാഷ് ആന്‍ഡ് സ്‌റ്റോക്ക് കരാറിലൂടെയാണ് 2015ല്‍ ഫ്രീചാര്‍ജിനെ ജാസ്പര്‍ ഇന്‍ഫൊടെക് ഏറ്റെടുത്തത്. ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഇത്. എന്നാല്‍ പിന്നീട് സ്‌നാപ്ഡീലിന് സംഭവിച്ച പ്രതികൂലാവസ്ഥ ഫ്രീചാര്‍ജിലും ശക്തമായി പ്രതിഫലിച്ചു. ഇടപാടുകളുടെ അളവിലും മൂല്യത്തിലും വന്‍ കുറവുണ്ടായി. ഏപ്രില്‍ മാസത്തില്‍ നടന്ന 12 മില്യണ്‍ ഇടപാടുകളില്‍ നിന്നായി 300 കോടി രൂപയാണ് കമ്പനിക്ക് വരുമാനമായി ലഭിച്ചത്. മികച്ച രീതിയില്‍ മുന്നോട്ട് പോയാല്‍ 2017ന്റെ അവസാനത്തോടെ 7 മില്യണ്‍ പ്രതിദിന ഇടപാടുകളിലേക്ക് വളരാനാകുമെന്ന പ്രതീക്ഷ കമ്പനി നേരത്തെ പ്രകടിപ്പിച്ചിരുന്നു.

Comments

comments

Categories: Business & Economy