2020 ഓടെ അഞ്ച് ശതമാനം വിപണി വിഹിതം നേടുമെന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ

2020 ഓടെ അഞ്ച് ശതമാനം വിപണി വിഹിതം നേടുമെന്ന് ഡാറ്റ്‌സണ്‍ ഇന്ത്യ

ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0 ലിറ്റര്‍ നാളെ അവതരിപ്പിക്കും

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ ഓരോ മാസവും ശരാശരി 14.75 ലക്ഷം പുതിയ ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോകുന്നത്. ഇത്രയും ഇരുചക്ര വാഹന ഉപയോക്താക്കൡ നല്ലൊരു ശതമാനം പേരെ കാര്‍ വാങ്ങുന്നവരാക്കി മാറ്റിയെങ്കില്‍ മാത്രമേ കാര്‍ കമ്പനികള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയൂ. പ്രത്യേകിച്ച് എന്‍ട്രി-ലെവല്‍ കാറുകള്‍ വിപണിയിലെത്തിക്കുന്ന കാര്‍ നിര്‍മ്മാതാക്കള്‍ക്ക്. 2014 ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതുമുതല്‍ ഡാറ്റ്‌സണ്‍ ഈ വഴിക്കാണ് ചിന്തിക്കുന്നത്. നിസ്സാന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡായ ഡാറ്റ്‌സണ്‍ ഇന്ത്യയില്‍ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് കാറുകളാണ് അവതരിപ്പിച്ചത്. 2014 ല്‍ ഗോ, 2015 ല്‍ ഗോ പ്ലസ്, 2016 ല്‍ റെഡി-ഗോ എന്നിവ. ഇന്ത്യന്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ ആകെ 90,000 യൂണിറ്റ് കാറുകളാണ് കമ്പനി വിറ്റത്. ഡാറ്റ്‌സണ്‍ ഇന്ത്യയില്‍ ക്ലിക്കായെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ പോലെ മത്സരാധിഷ്ഠിത വിപണിയില്‍ വിജയത്തെ എങ്ങനെയാണ് നിര്‍വ്വചിക്കുന്നതെന്ന ചോദ്യത്തിന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അതിവേഗം വളരുന്ന കാര്‍ ബ്രാന്‍ഡ് ഡാറ്റ്‌സണ്‍ ആയിരുന്നു എന്ന് പറഞ്ഞാണ് ഡാറ്റ്‌സണ്‍ ഇന്ത്യാ വൈസ് പ്രസിഡന്റ് ജെറോം സൈഗോട്ട് തുടങ്ങിയത്.

വില്‍പ്പന, കസ്റ്റമര്‍ ടച്ച്-പോയന്റുകള്‍ എന്നീ കാര്യങ്ങളില്‍ ഡാറ്റ്‌സണ്‍ ഇന്ത്യ സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്.

കാറുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അഭിഗമ്യമാക്കുകയെന്നതാണ് ഡാറ്റ്‌സണ്‍ ഇന്ത്യയുടെ നയമെന്ന് ജെറോം സൈഗോട്ട് പറഞ്ഞു. കാറില്‍ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കുമ്പോള്‍ അതനുസരിച്ച് വില കൂടും. നിസ്സാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകള്‍ ഒരുമിച്ച് 2020 ഓടെ ഇന്ത്യയില്‍ 5 ശതമാനം വിപണി പങ്കാളിത്തം കൈവരിക്കുകയാണ് ലക്ഷ്യമെന്ന് സൈഗോട്ട് വ്യക്തമാക്കി.

വില്‍പ്പനയുടെയും സെയ്ല്‍സ് ടച്ച്-പോയന്റുകളുടെയും കാര്യത്തില്‍ മാതൃ കമ്പനിയായ നിസ്സാനേക്കാള്‍ വലിയ വളര്‍ച്ചയാണ് ഡാറ്റ്‌സണ്‍ ഇന്ത്യയില്‍ കാഴ്ച്ചവെയ്ക്കുന്നത്. 53 ഡാറ്റ്‌സണ്‍ 1 എസ് എക്‌സ്‌ക്ലുസീവ് ഔട്ട്‌ലെറ്റുകളാണ് ഇന്ത്യയിലുള്ളത്. നിസ്സാന്‍ ഔട്ട്‌ലെറ്റുകളിലൂടെയും ഡാറ്റ്‌സണ്‍ കാറുകള്‍ വില്‍ക്കുന്നു. ഇതനുസരിച്ച് ഇന്ത്യയിലെ 172 നഗരങ്ങളിലായി ആകെ 275 ഔട്ട്‌ലെറ്റുകളില്‍നിന്ന് ഡാറ്റ്‌സണ്‍ കാറുകള്‍ വാങ്ങാന്‍ കഴിയും. കൂടാതെ ‘ഷോറൂം ഓണ്‍ വീല്‍സ്’ രാജ്യമെമ്പാടും, പ്രത്യേകിച്ച് ചെറിയ നഗരങ്ങളില്‍ പര്യടനം നടത്തുന്നുണ്ടെന്ന് ജെറോം പറഞ്ഞു.

ഡാറ്റ്‌സണ്‍ കെയറും നല്ല അനുഭവമാണ് സമ്മാനിക്കുന്നത്. പാക്കേജ് പ്ലാന്‍ വാങ്ങുമ്പോള്‍ റോഡ്‌സൈഡ് അസ്സിസ്റ്റന്‍സ്, മികച്ച റീസെയ്ല്‍ വാല്യു, 100 ശതമാനം മെയിന്റനന്‍സ് തുടങ്ങിയവ റെഡി-ഗോ ഉടമകള്‍ക്ക് ലഭിക്കുന്നു. ഒരു ഉല്‍പ്പന്നം വില്‍ക്കുന്നതിന് പകരം ഒരു ഓട്ടോമോട്ടീവ് എക്‌സ്പീരിയന്‍സാണ് വില്‍ക്കുന്നതെന്ന് ജെറോം സൈഗോട്ട് വ്യക്തമാക്കി.

ഡാറ്റ്‌സണ്‍ എന്ന ബ്രാന്‍ഡ് നാടാകെ പ്രചരിപ്പിക്കുന്നതില്‍ റെഡി-ഗോ വഹിച്ച പങ്ക് ചെറുതല്ല. ഭാവിയില്‍ ‘പ്രസക്തമായ’ മോഡലുകള്‍ പുറത്തിറക്കുന്നതോടെ ഡാറ്റ്‌സണ്‍ ബ്രാന്‍ഡിനായി ആളുകൂടുമെന്ന് ജെറോം സൈഗോട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. ഡാറ്റ്‌സണ്‍ നിസ്സാന്റെ ഭാഗമാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം. മൂന്ന് വര്‍ഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

999 സിസി പെട്രോള്‍ എന്‍ജിനുമായി ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0 ലിറ്റര്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 799 സിസി റെഡി-ഗോയേക്കാള്‍ കരുത്തുറ്റ വേര്‍ഷനാണ് ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0 ലിറ്റര്‍. എന്നാല്‍ ഇന്ത്യയിലെ അടുത്ത ഡാറ്റ്‌സണ്‍ കാര്‍ ഏതായിരിക്കുമെന്ന് ജെറോം സൈഗോട്ട് തുറന്നുപറഞ്ഞില്ല.

 

Comments

comments

Categories: Auto, Slider