വനിതാ സംരംഭകത്വ വികസന പരിപാടികളുമായി വനിതാ വികസന കോര്‍പ്പറേഷന്‍

വനിതാ സംരംഭകത്വ വികസന പരിപാടികളുമായി വനിതാ വികസന കോര്‍പ്പറേഷന്‍

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ പത്ത് കേന്ദ്രങ്ങളിലായി വനിതകള്‍ക്കായി സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. 18 നും 55 നും മധ്യേ പ്രായമുള്ള വിധവകള്‍, 40 വയസിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണ് അവസരം. പത്താം ക്ലാസാണ് മിനിമം യോഗ്യത. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി/ പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്, തൊഴില്‍ രഹിതര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1,000 രൂപ സ്റ്റൈപ്പന്‍ഡ് നല്‍കും. മൂന്നു ദിവസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം.

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയെന്ന ഉദ്ദേശത്തോടെ സംരംഭകത്വ പരിശീലനത്തിനു പുറമെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും ലഭ്യമാക്കുന്നതാണ്.

പരിപാടിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ള വനിതകള്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട മേഖലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം. വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്് ഫോണ്‍: 0471-2727668, projectoffice2@kswdc.org.

Comments

comments

Categories: More