അധികാര വടംവലി: തന്ത്രങ്ങള്‍ മെനഞ്ഞത് ‘മിസ്റ്റര്‍ എവരിതിംഗ്’

അധികാര വടംവലി: തന്ത്രങ്ങള്‍ മെനഞ്ഞത് ‘മിസ്റ്റര്‍ എവരിതിംഗ്’

മൊഹമ്മെദ് ബിന്‍ സല്‍മാന്റെ ആവശ്യാനുസരണം സൗദി കൊട്ടാരത്തില്‍ പാതിരയ്ക്ക് വിളിച്ചു കൂട്ടിയ യോഗത്തില്‍ വെച്ച് നയെഫിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എല്ലാ അധികാരങ്ങളും പിടിച്ചു വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്

റിയാദ്: ഒരു രാത്രി ഇരുട്ടി വെളുത്തതിന് മുമ്പാണ് സൗദി അറേബ്യയുടെ അടുത്ത ഭരണാധികാരി എന്ന സ്ഥാനത്തുനിന്ന് അധികാരങ്ങളൊന്നുമില്ലാത്ത വെറും രാജ കുടുംബാംഗമായി മൊഹമ്മദ് ബിന്‍ നയെഫ് മാറിയത്. അദ്ദേഹത്തിന് പകരം സൗദി അറേബ്യയുടെ ‘മിസ്റ്റര്‍ എവരിതിംഗ്’ ആയ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത കിരീടാവകാശി എന്ന സ്ഥാനത്തിലേക്ക് അവരോധിക്കപ്പെട്ടു. സൗദിയിലെ മാറ്റത്തിന്റെ കാറ്റായാണ് സ്ഥാനമാറ്റത്തെ ലോകം വിലയിരുത്തിയത്. എന്നാല്‍ മൊഹമ്മെദ് ബിന്‍ നയെഫിനെ അധികാരത്തില്‍ നിന്ന് മാറ്റിയതിന് പിന്നില്‍ മൊഹമ്മെദ് ബിന്‍ സല്‍മാന്റെ കൈകളാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

അധികാരം പിടിച്ചെടുക്കാന്‍ യുവരാജാവ് തയാറാക്കിയ തിരക്കഥയാണ് നടപ്പായതെന്നും നിലവിലേയും മുന്‍പത്തേയും യുഎസ് ഉദ്യോഗസ്ഥരും രാജ കുടുംബവുമായി ബന്ധപ്പെട്ടവരും വ്യക്തമാക്കുന്നുവെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടപോലെ വളരെ എളുപ്പത്താലായിരുന്നില്ല അധികാരമാറ്റം നടന്നതെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്.

വ്യക്തമായ പദ്ധതികളോടെയാണ് നിലവിലെ മൊഹമ്മെദ് ബിന്‍ സല്‍മാന്‍ കരുക്കള്‍ നീക്കിയത്. അധികാര മാറ്റത്തിന് മുന്‍പ് ഉദ്യോഗസ്ഥരുടേയും മറ്റ് അധികാരികളുടേയും വ്യക്തമായ പിന്തുണ അദ്ദേഹം സ്വന്തമാക്കിയിരുന്നു. അടുത്ത രാജാവാകാന്‍ മൊഹമ്മെദ് ബിന്‍ നയെഫ് യോഗ്യനല്ലെന്ന് അഭിപ്രായപ്പെട്ടത് മുതിര്‍ന്ന രാജകുമാരന്‍മാരായിരുന്നെന്ന് രാജകുടുംബവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൊഹമ്മെദ് ബിന്‍ സല്‍മാന്റെ ആവശ്യാനുസരണം സൗദി കൊട്ടാരത്തില്‍ പാതിരയ്ക്ക് വിളിച്ചു കൂട്ടിയ യോഗത്തില്‍ വെച്ച് നയെഫിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എല്ലാ അധികാരങ്ങളും പിടിച്ചു വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 20 ന് രാത്രി സല്‍മാന്‍ രാജാവിന്റെ ആവശ്യപ്രകാരം മുതിര്‍ന്ന യുവരാജാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും മക്കയിലെ സഫാ പാലസില്‍ എത്തി. അധികാരകൈമാറ്റത്തെക്കുറിച്ച ചര്‍ച്ച ചെയ്യാനായിരുന്നു ഇത്. പിന്നീട് മൊഹമ്മെദ് ബിന്‍ നയഫിനെ മറ്റൊരു മുറിയിലേക്ക് വിളിച്ചു വരുത്തി അധികാരം ഒഴിയാന്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. നയെഫില്‍ നിന്ന് ഫോണ്‍ പോലും പിടിച്ചുമാറ്റിയാണ് സമ്മര്‍ദ്ദം ചെലുത്തിയത്. ആദ്യം ഇത് അംഗീകരിക്കാന്‍ തയാറായില്ലെങ്കിലും പ്രമേഹ രോഗിയായ അദ്ദേഹം അവസാനം സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിന്നീടാണ് റോയല്‍ കോര്‍ട്ട് ഒഫീഷ്യല്‍ അലീജിയന്‍സ് കൗണ്‍സിലിനെ വിളിച്ച് വിഷയം അവതരിപ്പിച്ചത്.

മുഹമ്മെദ് നയെഫും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള സഹപ്രവര്‍ത്തകരും അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. എല്ലാ അധികാരങ്ങളും മൊഹമ്മെദ് ബിന്‍ സല്‍മാനിലേക്ക് ചുരുക്കുന്നതാണ് പിന്നീട് കണ്ടത്. സൗദിയിലെ തലമുതിര്‍ന്ന നേതാക്കളെയെല്ലാം നിഷ്പ്രഭരാക്കിക്കൊണ്ടാണ് ഭരണത്തിന്റെ ആദ്യ നിരയിലേക്ക് യുവരാജാവ് എത്തിയതെന്ന് റൈസ് യൂണിവേഴ്‌സിറ്റിയിലെ ബേക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് പോളിസിയിലെ ഗവേഷകന്‍ ക്രിസ്റ്റിയന്‍ കോട്‌സ് ഉല്‍റിച്ച്‌സണ്‍ പറഞ്ഞു.

അധികാര മാറ്റം നടന്നതിന് പിന്നാലെ നയെഫ് വീട്ടുതടങ്കലിലായി. ജെദ്ദയിലുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള അധികാരം പോലും നിഷേധിക്കപ്പെട്ടു. അധികാര കൈമറ്റത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുമെന്ന ഭയമായിരിക്കാം അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

2015 ല്‍ സല്‍മാന്‍ രാജാവ് അധികാരത്തിലേറി തന്റെ മകനെ പ്രധാന സ്ഥാനത്തേക്ക് നിയമിച്ചതു മുതല്‍ യുവരാജാക്കന്‍മാര്‍ തമ്മിലുള്ള ശത്രുത നിലനില്‍ക്കുന്നുണ്ട്. സൗദിയുടെ ഉപകിരീടാവകാശി എന്ന സ്ഥാനമാണ് മൊഹമ്മെദ് ബിന്‍ സല്‍മാന് ലഭിച്ചത്. ഇത് കൂടാതെ പ്രതിരോധ മന്ത്രിപദവും ഇക്കണോമിക് കൗണ്‍സിലിന്റെ നേതൃസ്ഥാനവും സൗദി ആരാംകോയുടെ ചുമതലയും യുവരാജാവിന്റെ കൈകളിലേക്ക് വന്നു.

ലോകനേതാക്കളേയും മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റുകളുടെ ഉടമകളേയും സന്ദര്‍ശിച്ച് ലോകരാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ വ്യക്തിത്വമായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതില്‍ ഏറ്റവും പ്രധാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ്. സൗദിയുടെ മുഖം തന്നെ മാറ്റാന്‍ പ്രാപ്തിയുള്ള വിഷന്‍ 2030 പദ്ധതിയും അദ്ദേഹത്തിന്റെ സംഭാവനയാണ്.

രാജ്യത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന മികച്ച ഭരണാധികാരിയായാണ് മൊഹമ്മെദ് ബിന്‍ സല്‍മാനെന്ന 31 കാരനെ കണക്കാക്കുന്നത്. രാജ്യത്തിന്റെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗം വരുന്ന 30ന് താഴെ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീന ശക്തിയാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ എടുത്തുചാട്ടക്കാരനും അധികാര മോഹിയുമായാണ് പ്രിന്‍സ് മൊഹമ്മെദിനെ എതിരാളികള്‍ വിലയിരുത്തുന്നത്.

വലിയ പബ്ലിക് പ്രൊഫൈല്‍ സ്വന്തമാക്കാതെയാണ് 2015 ല്‍ നയെഫ് കിരീടാവകാശിയായി അധികാരമേറ്റത്. സൗദിയുടെ ആഭ്യന്തരമന്ത്രിയായിരുന്ന അദ്ദേഹം നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. രാജ്യത്തു നിന്ന് അല്‍ഖൈദയെ തുടച്ചുനീക്കിയതില്‍ നയെഫിന്റെ പങ്ക് വളരെ വലുതാണ്. യുഎസുമായും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായും അറബ് രാജ്യങ്ങളുമായും മികച്ച ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

എന്നാല്‍ നയെഫിന്റെ പ്രവര്‍ത്തനങ്ങളെ തന്റെ വ്യക്തിപ്രവാഹത്തില്‍ മുക്കിക്കളയാന്‍ മൊഹമ്മെദ് ബിന്‍ സല്‍മാന് സാധിച്ചു. ഒരു കഴിവുകെട്ടവനാക്കി മുദ്രകുത്തിയാണ് നയെഫിനെ അധികാരസ്ഥാനത്തുനിന്ന് പടിയിറക്കിയത്.

Comments

comments

Categories: Arabia