രണ്ടാം പാദത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വില ഉയര്‍ന്നു

രണ്ടാം പാദത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വില ഉയര്‍ന്നു

നഗരത്തിലെ മൂന്നില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളുടെ വില ഒന്നാം പാദത്തേക്കാള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ദുബായ്: 2017 ന്റെ രണ്ടാം പാദത്തില്‍ ദുബായിലെ മൂന്നില്‍ രണ്ട് ഭാഗം അപ്പാര്‍ട്ട്‌മെന്റുകളുടേയും വിലയില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ ദുബായിലെ വില്ലകളുടെ വിലയിലാണ് ഇടിവുണ്ടായിരിക്കുന്നതെന്നും രണ്ടാം പാദത്തിന്റെ റിയല്‍ എസ്റ്റേറ്റ് അവലോകനത്തില്‍ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ വാല്യുസ്ട്രാറ്റ് വ്യക്തമാക്കി.

വര്‍ഷത്തിലേയും മൂന്ന് മാസത്തേയും കണക്കുകളുമായി നോക്കുമ്പോള്‍ ഓഫീസ് സ്‌പേയ്‌സുകളുടെ മൂലധന മൂല്യത്തില്‍ സ്ഥിരത നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റസിഡന്‍സുകളുടെ മൊത്തത്തിലുള്ള മൂലധന മൂല്യത്തില്‍ 2014 ല്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 14.3 ശതമാനം കുറവ് നിലനില്‍ക്കുകയാണ്. അതുപോലെ രണ്ട് വര്‍ഷം ഉണ്ടായതിനേക്കാള്‍ 6.5 ശതമാനം കുറവാണ് ഓഫീസുകളുടെ വിലയില്‍ ഉണ്ടായിരിക്കുന്നതെന്നും വാല്യൂസ്ട്രാറ്റ് കൂട്ടിച്ചേര്‍ത്തു.

വാല്യുസ്ട്രാറ്റ് പ്രൈസ് ഇന്‍ഡക്‌സ് അനുസരിച്ച് രണ്ടാം പാദത്തിലെ റസിഡന്‍സുകളുടെ മൂല്യത്തില്‍ 1.2 ശതമാനത്തിന്റെ വാര്‍ഷിക ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആദ്യത്തെ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ദുബായുടെ മൂന്നില്‍ രണ്ട് അപ്പാര്‍ട്ട്‌മെന്റുകളിലും വളര്‍ച്ച കൈവരിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്റര്‍നാഷണല്‍ സിറ്റിയുടെ 15 മാസം മുന്‍പ് കണക്കാക്കിയ വിലയേക്കാള്‍ 13.2 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. ബുര്‍ജ് ഖലീഫ ഒഴികെയുള്ള ഡൗണ്‍ടൗണ്‍ ദുബായ് (9.8 ശതമാനം), മോട്ടോര്‍ സിറ്റി (12.3 %), ഡിസ്‌കവറി ഗാര്‍ഡന്‍ (10.1%) എന്നീ മേഖലകളില്‍ ശക്തമായ വളര്‍ച്ചയാണ് നേടിയത്.

അതുപോലെ രണ്ടാം പാദത്തില്‍ ചില മേഖലകളുടെ മൂലധനത്തിലും ഇടിവ് ഉണ്ടായി. ദുബായ് മറീന (-5.7%), ജുമൈറ ലേക് ടവര്‍ (-9.6%), ദുബായ് സ്‌പോര്‍ട്‌സ് സിറ്റി (-7%), അല്‍ ഫുര്‍ജാന്‍ വില്ലാസ് (-5.7%), ജുമൈറ ഐലന്റ് (-5.7%) എന്നിവിടങ്ങളിലാണ് ഉയര്‍ന്ന ഇടിവ് നേരിട്ടത്. രണ്ടാം പാദത്തില്‍ നടന്ന റസിഡന്‍ഷ്യല്‍ ഇടപാടുകളില്‍ 64 ശതമാനവും ഓഫ് പ്ലാനുകളായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം 25,000 യൂണിറ്റുകളുടെ പുതിയ അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും മാര്‍ക്കറ്റിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഇവയില്‍ 28 ശതമാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കഴിഞ്ഞ 18 മാസമായി നീക്കി വെച്ചിരിക്കുന്ന നിരവധി പദ്ധതികള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്നും വാലുസ്ട്രാറ്റ് പറഞ്ഞു.

Comments

comments

Categories: Arabia