1500 രൂപയുടെ റീഫണ്ടബ്ള്‍ നിരക്കില്‍ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി ജിയോ

1500 രൂപയുടെ റീഫണ്ടബ്ള്‍ നിരക്കില്‍ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കി ജിയോ

ന്യൂഡെല്‍ഹി: രാജ്യത്തെ മൊബീല്‍ നെറ്റ്‌വര്‍ക്ക് മേഖലയെ തങ്ങളുടെ വരവിലൂടെ കുലുക്കിയ ജിയോ ഫോണ്‍ വിപണിയിലും ഓളങ്ങള്‍ സൃഷ്ടിക്കാനുള്ള തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു. ജിയോ ആരാധകര്‍ ഏറെ കാത്തിരുന്ന 4ജി ഫീച്ചര്‍ ഫോണിന്റെ പ്രഖ്യാപനം ജിയോ നിര്‍വഹിച്ചിരിക്കുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 40-ാം വാര്‍ഷിക പൊതുയോഗത്തിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് കുഞ്ഞു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി പ്രഖ്യാപിച്ചത്. ‘ഇന്ത്യയുടെ ഇന്റലിജെന്റ് സ്മാര്‍ട്ട്‌ഫോണ്‍’ എന്നാണ് മുകേഷ് അംബാനി ഫോണിന് നല്‍കിയ വിശേഷണം. 1500 രൂപയുടെ റീഫണ്ടബ്ള്‍ നിക്ഷേപത്തില്‍ ഫോണ്‍ ലഭിക്കും. അതായത് ഫീച്ചര്‍ ഫോണ്‍ ലഭിക്കുന്നതിന് ഉപഭോക്താവില്‍ നിന്നും ഈടാക്കുന്ന തുക വിവിധ പ്ലാനുകളിലൂടെ ഉപഭോക്താവിന് തിരിച്ചു നല്‍കും.

ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട കമ്പനിയാണ് റിലയന്‍സ് ജിയോ. അതുകൊണ്ടു തന്നെ ജിയോയുടെ ഓരോ പ്രഖ്യാപനത്തെയും അതീവ ജാഗ്രതയോടെയാണ് വിപണി നിരീക്ഷിച്ചുകൊണ്ടിരുന്നത്. 1500 രൂപയുടെ റീഫണ്ടബിള്‍ നിക്ഷേപത്തില്‍ 4ജി ഫീച്ചര്‍ ഫോണ്‍ നല്‍കുമെന്ന ജിയോയുടെ പുതിയ പ്രഖ്യാപനവും ഇന്ത്യന്‍ മൊബീല്‍ വിപണിയെ ഞെട്ടിച്ചുകൊണ്ടുള്ളതാണ്. ഇത് ആദ്യമായാണ് ഒരു മൊബീല്‍ കമ്പനി റീഫണ്ടബ്ള്‍ നിരക്കില്‍ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്.

ജിയോ ഫീച്ചര്‍ ഫോണില്‍ വോയിസ് കോള്‍ സേവനവും എസ്എംഎസും സൗജന്യമായിരിക്കും. അണ്‍ലിമിറ്റഡ് ഡാറ്റ സേവനവും ഫോണില്‍ ലഭ്യമാകും. 153 രൂപയുടെ പ്രതിമാസ നിരക്കിലാണ് ജിയോ ഈ സേവനം ലഭ്യമാക്കുന്നത്. ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ആപ്ലിക്കേഷനുകളും ഫീച്ചര്‍ ഫോണിലുണ്ട്. ആല്‍ഫ ന്യൂമെറിക് കീപാഡ്, 2.4 ഇഞ്ച് ഡിസ്‌പ്ലേ, എഫ്എം റേഡിയോ, ടോര്‍ച്ച് ലൈറ്റ്, ഹെഡ്‌ഫോണ്‍ ജാക്ക്, എസ്ഡി കാര്‍ഡ് സ്ലോട്ട്, നാവിഗേഷന്‍ തുടങ്ങിയവയാണ് ഫീച്ചര്‍ ഫോണിലെ പ്രധാന ഘടകങ്ങള്‍. പ്രതിവാരം 53 രൂപയുടെ ഡാറ്റ പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15നാണ് ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 24 മുതലാണ് ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ഫോണ്‍ ലഭിക്കും. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യ’ ദൗത്യത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നതു സംബന്ധിച്ച അംബാനിയുടെ പ്രഖ്യാപനം. എന്‍ട്രി-ലെവലിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 3000 മുതല്‍ 4,500 രൂപ വരെയാണ് ചെലവ് വരുന്നതെന്നും, ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ ജിയോയുടെ യുവ എന്‍ജിനീയര്‍മാരെ താന്‍ വെല്ലുവിളിച്ചതായും, ഇതിന്റെ ഫലമായി ഇന്ത്യയുടെ കുഞ്ഞു സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുകയാണെന്നും അംബാനി പറഞ്ഞു.

മൊബീല്‍ ഡാറ്റ ഉപയോഗത്തില്‍ ചൈനയെയും യുഎസിനെയും മറികടക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഡാറ്റ ഉപയോഗത്തില്‍ ഒന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. ഡാറ്റ പുതിയ ഒക്‌സിജനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അടുത്ത 12 മാസത്തിനുള്ളില്‍ രാജ്യത്തെ 99 ശതമാനത്തോളം ജനസംഖ്യയിലേക്കെത്താന്‍ ജിയോയ്ക്ക് കഴിയുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ 4ജി ശൃംഖല തീര്‍ക്കാര്‍ ജിയോയ്ക്ക് സാധിക്കുമെന്നും അംബാനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഓരോ ആഴ്ചയിലും അഞ്ച് മില്യണ്‍ ജിയോ ഫോണ്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നടപ്പു വര്‍ഷം അവസാന പാദത്തോടെ എല്ലാ ജിയോ ഫോണുകളും ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങുമെന്നും അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.

ജിയോയുടെ വരവും ഇന്ത്യന്‍ ടെലികോം വിപണിയും

2016 സെപ്റ്റംബര്‍ അഞ്ചിനാണ് രാജ്യത്തെ മറ്റെല്ലാ ടെലികോം കമ്പനികളെയും അമ്പരപ്പിച്ചുകൊണ്ട് റിലയന്‍സ് ജിയോ വാണിജ്യാടിസ്ഥാനത്തില്‍ 4ജി സര്‍വീസ് ആരംഭിക്കുന്നത്. സൗജന്യ ഡാറ്റയും വോയിസ് കോള്‍ സേവനവും നല്‍കികൊണ്ടുള്ള ജിയോയുടെ കടന്നുവരവ് ഇന്ത്യന്‍ ടെലികോം രംഗത്തെ ഇളക്കിമറിച്ചുകൊണ്ടുള്ളതായിരുന്നു. സര്‍വീസ് ആരംഭിച്ച് 83 ദിവസത്തിനുള്ളില്‍ 50 മില്യണ്‍ വരിക്കാരെയാണ് ജിയോ നേടിയത്. പ്രതിദിനം ശരാശരി ആറ് ലക്ഷം വരിക്കാര്‍ എന്ന നിലയില്‍ 170 ദിവസം കൊണ്ട് 100 മില്യണ്‍ വരിക്കാരെയാണ് ജിയോ സര്‍വീസ് ആകര്‍ഷിച്ചത്.

തുടര്‍ന്ന് ഏപ്രില്‍ ഒന്നു മുതല്‍ ജിയോ നിരക്കടിസ്ഥാനത്തില്‍ സേവനം ആരംഭിച്ചു. ഇന്ന്, 125 മില്യണിലധികം വരിക്കാരാണ് ജിയോയ്ക്കുള്ളത്. പത്ത് മാസത്തിനിടെ റിലയന്‍സ് ജിയോ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. ഒരു സെക്കന്റില്‍ ശരാശരി ഏഴുപേര്‍ ജിയോയുടെ ഉപയോക്താക്കളാകുന്നുണ്ടെന്നും ഫേസ്ബുക്ക്, വാട്‌സാപ്പ്, സ്‌കൈപ്പ് എന്നീ സേവനങ്ങളെ മറികടക്കുന്നതാണ് ജിയോയുടെ നേട്ടമെന്നും മുകേഷ് അംബാനി പറഞ്ഞു.

ജിയോ വരിക്കാര്‍ ഓരോ ദിവസവും 250 മിനുറ്റ്‌സ് വോയിസ്, വീഡിയോ കോളുകളാണ് നടത്തുന്നത്. ജിയോ സര്‍വീസ് ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ ഇന്ത്യയുടെ ഡാറ്റ ഉപയോഗം 20 കോടി ജിബിയില്‍ നിന്നും 120 കോടി ജിബി ആയി ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ ഉപഭോക്താക്കളിലൊരാളാണ് ഇന്ത്യ. വരും മാസങ്ങളില്‍ ബ്രോഡ്ബാന്‍ഡ് ഡാറ്റ സേവനങ്ങളുടെ വ്യാപനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈയ്യടക്കുമെന്നും അംബാനി പറയുന്നു.

ജിയോ സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍പ് മൊബില്‍ ഡാറ്റാ ഉപയോഗത്തില്‍ ഇന്ത്യ 155-ാം സ്ഥാനത്തായിരുന്നുവെന്നും ഇന്നത് ഒന്നാം സ്ഥാനത്തിലേക്ക് എത്തിയെന്നും മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യയുടെ ഈ നേട്ടത്തില്‍ ജിയോയ്ക്ക് വളരെ വലിയ പങ്കാണുള്ളത്. നിലവില്‍ പത്ത് കോടി വരിക്കാരാണ് പണം നല്‍കി ജിയോ സേവനം ഉപയോഗിക്കുന്നത്.

Comments

comments

Categories: Slider, Top Stories