ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഫഌപ്കാര്‍ട്ടിന്റെ കൈപ്പിടിയില്‍

ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഫഌപ്കാര്‍ട്ടിന്റെ കൈപ്പിടിയില്‍

ബെംഗളൂരു: ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 27-28 ശതമാനം തങ്ങള്‍ കയ്യടക്കിയിരിക്കുകയാണെന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസായ ഫഌപ്കാര്‍ട്ട് പറഞ്ഞു. ഇന്ത്യയിലെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ചാനലുകള്‍ വഴിയാണ് ഈ വിപണി കയ്യടക്കാന്‍ ഫഌപ്കാര്‍ട്ടിന് സാധിച്ചത്. ഇതുവഴി രാജ്യത്തെ സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍മാരായിരിക്കുകയാണ് ഫഌപ്കാര്‍ട്ട്. ജനുവരി മുതല്‍ നാല്‍പതിനടുത്ത് സ്മാര്‍ട്ട്‌ഫോണുകളാണ് ഫഌപ്കാര്‍ട്ടില്‍ മാത്രമായി അവതരിപ്പിച്ചത്. വരുന്ന മാസങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണനത്തില്‍ ഫഌപ്കാര്‍ട്ടിന് വന്‍വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാറ്റഗറി സ്മാര്‍ട്ട്‌ഫോണിന്റേതാണ്. ഞങ്ങള്‍ അതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ആഗ്രഹിക്കുന്നതും. ഈ മാസം മാത്രം മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് ഫഌപ്കാര്‍ട്ട് അവതരിപ്പിച്ചത്. മോട്ടോറോള, പാനസോണിക്, സാംസംഗ് എന്നിവയുടെ മൊബീല്‍ ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്- ഫഌപ്കാര്‍ട്ടിലെ മൊബീല്‍ ഫോണുകളുടെ മേധാവിയും സീനിയര്‍ ഡയറക്റ്ററുമായ അയ്യപ്പന്‍ ആര്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ പ്രമുഖ എതിരാളികളായ ആമസോണിനേക്കാള്‍ വ്യക്തമായ മുന്നേറ്റം ഫഌപ്കാര്‍ട്ടിനുണ്ടായിരുന്നുവെന്നാണ് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ കൗണ്ടര്‍പോയിന്റ് പുറത്തു വിടുന്ന വിവരം. സ്മാര്‍ട്ട്‌ഫോണുകളുടെ വിപണനത്തില്‍ 57 ശതമാനം വിപണിവിഹിതം ഫഌപ്കാര്‍ട്ടിന് നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതേ കാലയളവില്‍ ആമസോണ്‍ ഇന്ത്യയുടെ വിപണി വിഹിതം 27 ശതമാനം മാത്രമാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തിലാണ് ആമസോണ്‍ ഇന്ത്യ വഴി റെഡ്മി 4എ അവതരിപ്പിച്ചത്. സീട്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ക്ക് ഇതേറെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷഓമി മൊബീല്‍ ഫോണുകളുടെ 50 ശതമാനവും വില്‍പ്പനയും നടക്കുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ കൂടിയാണ്.

എല്ലാ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളില്‍ ഒരെണ്ണത്തിന്റെ വില്‍പ്പന വീതം നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്- കൗണ്ടര്‍ പോയ്ന്റ് റിസര്‍ച്ചിന്റെ അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പഥക് വ്യക്തമാക്കുന്നു. മാത്രവുമല്ല, ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ പ്രീ- ജിഎസ്ടി വില്‍പ്പനയുടെ മാറ്റങ്ങളും കാണാനാകുമെന്നാണ് കരുതുന്നത്. മൈന്ത്രയും ജംബോഗും ഫഌപ്കാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ ആയതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍, വസ്ത്ര രംഗങ്ങളില്‍ ഫഌപ്കാര്‍ട്ടിന് ഇനിയും കരുത്തരായി തുടരാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Comments

comments

Categories: Business & Economy