ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം 20% വര്‍ധിച്ചു: ഡിജിസിഎ

ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം 20% വര്‍ധിച്ചു: ഡിജിസിഎ

40 ശതമാനം വിപണി വിഹിതം നേടി ഇന്‍ഡിഗോ ഒന്നാം സ്ഥാനത്ത് തുടരുന്നു

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം ജൂണില്‍ ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം മുന്‍ വര്‍ഷത്തേതില്‍ നിന്നും 20 ശതമാനം വര്‍ധിച്ചതായി ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). വിമാന യാത്രികരുടെ എണ്ണത്തിലുള്ള വര്‍ധന തുടരുന്നതായും ഡിജിസിഎ പറയുന്നു. ജൂണിലെ കണക്കനുസരിച്ച് 95.8 മില്യണ്‍ യാത്രക്കാരാണ് വിമാന യാത്ര നടത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ മാസം ഇന്ത്യയില്‍ നിന്നും വിമാനത്തില്‍ യാത്ര ചെയ്തവരുടെ എണ്ണം 79.7മില്യണ്‍ ആയിരുന്നു.

വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തിനു സമാനമായി യാത്രക്കാരുടെ എണ്ണത്തില്‍ തിരക്ക് അനുഭവപ്പെടുന്ന സമയമാണ് ഏപ്രില്‍-ജൂണ്‍. സ്‌കൂളുകള്‍ക്ക് വേനല്‍ അവധി പ്രഖ്യാപിക്കുന്ന സമയമായതിനാല്‍ വിനോദസഞ്ചാരികളുടെ എണ്ണം കൂടും. ജൂണ്‍ മാസത്തെ കണക്കെടുത്താല്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന പ്രമുഖ വിമാനക്കമ്പനികളില്‍, ഇന്‍ഡിഗോ തങ്ങളുടെ 40 ശതമാനം വരുന്ന വിപണി വിഹിതം നിലനിര്‍ത്തിയിട്ടുണ്ട്. ജെറ്റ് എയര്‍വെയ്‌സ് 17.5 ശതമാനവും സ്‌പൈസ്‌ജെറ്റ് ലിമിറ്റഡ്13.3 ശതമാനവും എയര്‍ ഇന്ത്യ 13.1 ശതമാനവും ഗോഎയര്‍സ് 8.4 ശതമാനവും എയര്‍ ഏഷ്യ 3.7 ശതമാനവും വിസ്താര 3.6 ശതമാനവും വിപണി വിഹിതം നേടി.

റദ്ദ് ചെയ്ത സര്‍വീസുകളുടെ എണ്ണമെടുത്താല്‍ ഏറ്റവും കൂടുതല്‍ കാന്‍സലേഷന്‍ നിരക്ക് ഇന്‍ഡിഗോയ്ക്ക് ആണ്, 3.34 ശതമാനം. രണ്ടാം സ്ഥാനത്ത് എയര്‍ ഇന്ത്യയാണുള്ളത്. 1.62 ശതമാനം സര്‍വീസുകളാണ് ജൂണ്‍ മാസം എയര്‍ ഇന്ത്യ മുടക്കിയത്. സ്‌പൈസ്‌ജെറ്റ് 0.28 ശതമാനവും ഗോ എയര്‍ 0.27 ശതമാനവും ജെറ്റ് എയര്‍വെയ്‌സ് 0.15 ശതമാനവും സര്‍വീസുകള്‍ ജൂണില്‍ റദ്ദ് ചെയ്തതായി ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ ബുദ്ധിമുട്ട് നേരിട്ട 99,500 യാത്രക്കാര്‍ക്ക് രണ്ട് കോടിയിലധികം രൂപയാണ് വിമാനക്കമ്പനികള്‍ നല്‍കിയത്.

Comments

comments

Categories: Business & Economy