പ്രശ്‌നം ഹിന്ദു ദേശീയതയുടേതല്ല, ചൈനീസ് കൊളോണിയലിസത്തിന്റേത്

പ്രശ്‌നം ഹിന്ദു ദേശീയതയുടേതല്ല, ചൈനീസ് കൊളോണിയലിസത്തിന്റേത്

 

ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിന് ഹിന്ദു ദേശീയതയെയും നരേന്ദ്ര മോദിയെയും കുറ്റം പറയുന്ന വില കുറഞ്ഞ സമീപനമാണ് ചൈന സ്വീകരിക്കുന്നത്. നിലവിലെ സംഘര്‍ഷാത്മക സാഹചര്യത്തിന് ഉത്തരവാദി ചൈനയും അവരുടെ കൊളോണിയല്‍ ചിന്താഗതിയും മാത്രമാണ്

ഒരു ന്യായീകരണവുമില്ലാതെ നിരുത്തരവാദപരമായ രീതിയില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് തുടരുകയാണ് ചൈന. ഏറ്റവും അവസാനമായി ഇപ്പോഴത്തെ സംഘര്‍ഷാത്മക സാഹചര്യങ്ങള്‍ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദു ദേശീയതയും ആണെന്ന് കുറ്റപ്പെടുത്തുകയാണ്  കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ജിഹ്വകളായ ഗ്ലോബല്‍ വോയ്‌സ് ഉള്‍പ്പടെയുള്ള സ്റ്റേറ്റ്‌ മാധ്യമങ്ങള്‍.

ദേശീയതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പോടെ ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരം അതിവേഗത്തില്‍ പടരുകയാണെന്നാണ് ഗ്ലോബല്‍ ടൈംസില്‍ കഴിഞ്ഞ ദിവസം വന്ന ലേഖനത്തില്‍ പറയുന്നത്. എന്തെല്ലാം വിഡ്ഢിത്തങ്ങളും നുണകളുമാണ് ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് ചൈന നടത്തുന്നത്. ദോക്‌ലം മേഖലയില്‍ ഇന്ത്യന്‍ സൈന്യം കടന്നുകയറിയതിനെത്തുടര്‍ന്നുണ്ടായതാണ് അവരുമായുള്ള പ്രശ്‌നങ്ങളെന്നാണ് ചൈന പറയാന്‍ ശ്രമിക്കുന്നത്. ചൈനയെ പ്രതിയോഗിയായും ശത്രുവായും ഇന്ത്യ കാണുന്നുവെന്ന് പത്രത്തില്‍ വന്ന ലേഖനത്തില്‍ പറയുന്നു.

“ബെല്‍റ്റ് റോഡ് പദ്ധതിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച ചൈനയുടെ മഹാമനസ്‌കതയെ വകവെക്കാതെ അതില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് മോദി തീരുമാനിച്ചത്. 1962ലെ യുദ്ധം തോറ്റതിലുള്ള പക അവരുടെയുള്ളിലുണ്ട്. ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ദേശീയതയുടെ സ്വാധീനം ചൈനയുമായി അവരെ യുദ്ധത്തിലേക്ക് തള്ളിവിട്ടേക്കും. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചുമതലയേറ്റ ശേഷം ദേശീയ വികാരങ്ങള്‍ രാജ്യത്ത് ശക്തിപ്പെട്ടുവരുന്നുണ്ട്.

ചൈന പറയും പോലെ അനുസരിക്കാന്‍ കമ്യൂണിസമല്ല ഇന്ത്യയെ ഭരിക്കുന്നത്

ഹിന്ദുദേശീയതയെ മുതലാക്കിയാണ് മോദി മുന്നേറുന്നത്. പാക്കിസ്ഥാനോടും ചൈനയോടും കടുത്ത നിലപാടുകളാണ് മോദി സ്വീകരിക്കുന്നത്. ഇന്ത്യയുടെ മത ദേശീയവാദികളുടെ ആവശ്യങ്ങളനുസരിച്ചാണ് ഇപ്പോള്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്,”ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു.

ഇങ്ങനെ സത്യത്തെ വളച്ചൊടിക്കുന്നതും ചൈനയ്ക്ക് അപ്രമാദിത്വം സ്ഥാപിക്കുന്നതിനുള്ള നുണകള്‍ പടച്ചുവിടുന്നതും വികസനക്കുതിപ്പ്‌ അവകാശപ്പെടുന്ന ഒരു രാജ്യത്തിന് നല്ലതല്ല. പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം നരേന്ദ്ര മോദി ചെയ്ത ആദ്യത്തെ കാര്യങ്ങളിലൊന്ന് ചൈനയുമായുള്ള ബന്ധം ശക്തമാക്കുകയെന്ന അജണ്ട വെച്ചുള്ള നീക്കങ്ങളായിരുന്നു.

എന്നും, എന്തു ചെയ്താലും തങ്ങളെ പ്രീണിപ്പിക്കുന്ന ഭരണാധികാരികള്‍ മാത്രമാകും ഈ രാജ്യം ഭരിക്കുകയെന്നുള്ള ധാരണ വെച്ചുപുലര്‍ത്തിയതാണ് ചൈനയുടെ പ്രശ്‌നം. ഒരിക്കല്‍ കൂടി ചൈന മനസിലാക്കണം 1962 അല്ല 2017 എന്ന്

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി മോദിക്ക് വ്യക്തിപരമായ പ്രത്യേക അടുപ്പമുണ്ടെന്നു വരെ ഇവിടത്തെ ലിബറല്‍ മാധ്യമങ്ങളും ചൈനീസ് മാധ്യമങ്ങളുമെല്ലാം വെച്ചുകാച്ചി. ചൈനയുമായുള്ള വ്യാപാരത്തില്‍ എല്ലാ വ്യത്യാസങ്ങളും മറികടന്ന് കുതിപ്പുണ്ടാക്കാനാണ് മോദി ശ്രമിച്ചത്. എന്നാല്‍ ഗൂഢലക്ഷ്യങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കുള്ളതെന്ന് ചൈന ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഇന്ത്യയുടെ അനുഭാവപൂര്‍ണമാര്‍ന്ന നയതന്ത്ര നീക്കങ്ങള്‍ ചെവിക്കൊള്ളാതെ പാക്കിസ്ഥാന്‍ തീവ്രവാദത്തെ പൂര്‍ണമായും പ്രോത്സാഹിപ്പിച്ചു പോന്നു ചുവന്ന വ്യാളി. അവരുടെ ഇന്ത്യാ വിരുദ്ധ ഭീകരതയ്ക്ക് പരിരക്ഷ നല്‍കിപ്പോന്നു. ആണവ വിതരണ സംഘത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം തടഞ്ഞു. കൊടും ഭീകരവാദിയും പാക്കിസ്ഥാനിലെ ജയ്ഷ് ഇ മൊഹമ്മദ് സംഘത്തിന്റെ തലവനുമായ മൗലാന മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ കരിമ്പട്ടികയില്‍ പെടുത്തുന്നതിനു കൈക്കൊണ്ട ശ്രമങ്ങളെ വീറ്റോ ചെയ്തു. ഇതൊന്നും പോരാഞ്ഞ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നിട്ടാണ് ഹിന്ദു ദേശീയതയെയും മോദിയെയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കുറ്റം പറഞ്ഞ് കണ്ണടച്ചിരുട്ടാക്കാന്‍ കമ്യൂണിസ്റ്റ് രാജ്യം ശ്രമിക്കുന്നത്.

പാക് അധീന കശ്മീരിലൂടെയുള്ള ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയാണ് ചൈന പറയുന്ന ബെല്‍റ്റ് റോഡ് പദ്ധതിയുടെ കാതല്‍.  ലോക വ്യാപാരത്തിലെ നാഴികക്കല്ലെന്ന് പറഞ്ഞ് ചൈനീസ് വ്യാളി നടപ്പാക്കുന്ന ആ പദ്ധതിയിലൂടെ പല ചെറുരാജ്യങ്ങളെയും വിഴുങ്ങാന്‍ ശ്രമിക്കുന്നതിനൊപ്പം ഇന്ത്യക്കെതിരെയും ഒന്ന് തീ തുപ്പാനാണ് ഗൂഢോദ്ദേശ്യത്തോടെ അവര്‍ ശ്രമിച്ചത്.

മതവിശ്വാസം പുലര്‍ത്തുന്നവരെ അടിച്ചമര്‍ത്തി, വൈരുദ്ധ്യാത്മക ഭൗതികവാദം മതി, മതവിശ്വാസം വേണ്ട എന്നു പറയുന്ന ചൈനയാണ് ഇന്ത്യക്കെതിരെ ഉറഞ്ഞുതുള്ളുന്നത്. മതവിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ കനത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു അവിടത്തെ ഭരണകൂടം. അത് നടപ്പാക്കുകയും ചെയ്യുന്നു

പാക് അധീന കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായി കണ്ടാണ് ചൈന പദ്ധതി നടപ്പാക്കുന്നത്. വ്യാപാരമെന്ന മായയില്‍ വീണ് ഇന്ത്യ അതിന്റെ ഭാഗമായാല്‍ പിന്നെ പാക്കിസ്ഥാന്‍ അധീന കശ്മീരിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലല്ലോ. തങ്ങളുടെ ഇന്ത്യാ വിരുദ്ധ യുദ്ധത്തിന്റെ പ്രധാന ഭാഗമായ പാക്കിസ്ഥാനെ സഹായിക്കുകയും ചെയ്തുവെന്ന തോന്നല്‍ പുറമെ സൃഷ്ടിക്കാനും ചൈനയ്ക്ക് സാധിക്കും. ഈ പദ്ധതിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച ഉദാരമതികളാണ് തങ്ങളെന്നാണ് ചൈന പറയുന്നത്. ചൈന പറയും പോലെ അനുസരിക്കാന്‍ കമ്യൂണിസമല്ല ഇന്ത്യയെ ഭരിക്കുന്നത്. അതിവേഗത്തിലുള്ള ഇന്ത്യയുടെ വളര്‍ച്ചയില്‍ വെറുതെ വിറളി പൂണ്ടുള്ള ജല്‍പ്പനങ്ങള്‍ മാത്രമായേ ഇന്ത്യ ഇതിനെ കാണേണ്ടതുള്ളൂ.

ഗ്ലോബല്‍ ടൈംസില്‍ വന്ന ലേഖനം അവസാനിപ്പിക്കുന്നത് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും അവരെ സംരക്ഷിക്കാനും മോദിക്ക് കഴിയുന്നില്ലെന്ന് പറഞ്ഞാണ്. ഇതുതന്നെയാണ് അവരുടെ കപടമുഖത്തിന്റെ ഏറ്റവും വലിയ സൂചകം. മതവിശ്വാസം പുലര്‍ത്തുന്നവരെ അടിച്ചമര്‍ത്തി, വൈരുദ്ധ്യാത്മക ഭൗതികവാദം മതി, മതവിശ്വാസം വേണ്ട എന്നു പറയുന്ന ചൈനയാണ് ഇന്ത്യക്കെതിരെ ഉറഞ്ഞുതുള്ളുന്നത്. മതവിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ കനത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു അവിടത്തെ ഭരണകൂടം. അത് നടപ്പാക്കുകയും ചെയ്യുന്നു. എന്നിട്ടാണ് എല്ലാ മതസ്ഥരും ഏറ്റവും മികച്ച രീതിയില്‍ ജീവിക്കുന്ന ആവാസവ്യവസ്ഥയുള്ള ഇന്ത്യയെ അക്കാര്യത്തില്‍ ഉപദേശിക്കാനും വിമര്‍ശിക്കാനും വരുന്നത്.

ചൈന പറയുന്ന ഒരു കാര്യം ശരിയാണ്. ഇന്ത്യന്‍ ദേശീയത ഉണര്‍ന്നാല്‍ ചൈനയുടെ കൊളോണിയല്‍ സമീപനങ്ങള്‍ക്ക് അതിനനുസരിച്ച മറുപടി മാത്രമേ ലഭിക്കൂ.

എന്നും, എന്തു ചെയ്താലും തങ്ങളെ പ്രീണിപ്പിക്കുന്ന ഭരണാധികാരികള്‍ മാത്രമാകും ഈ രാജ്യം ഭരിക്കുകയെന്നുള്ള ധാരണ വെച്ചുപുലര്‍ത്തിയതാണ് ചൈനയുടെ പ്രശ്‌നം. ഒരിക്കല്‍ കൂടി ചൈന മനസിലാക്കണം 1962 അല്ല 2017 എന്ന്. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ബ്രാന്‍ഡുകളുടെ ആധിക്യവും, സാഹചര്യം വഷളായാല്‍ അതിനു നേരിടേണ്ടി വരുന്ന ആഘാതവും ചൈന തിരിച്ചറിയണം.

ചൈനയുടെ ഏകാധിപത്യ, ജനാധിപത്യ വിരുദ്ധ മനോഭാവത്തിന്റെ ഫലമായി ഉടലെടുത്ത സിക്കിം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ അലോസരപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. ദോക് ലാ ഭാഗത്ത് ചൈന സ്ഥലം കൈയേറി റോഡ് നിര്‍മിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഭൂട്ടാനും ഇന്ത്യയും ഇതിനെതിരെ ശക്തമായി രംഗത്തുവന്നതോടെ ചൈനയ്ക്ക് കൂടുതല്‍ പ്രകോപനമുണ്ടായി.

ദോക് ലാ ഭാഗത്ത് ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചതോടെ ചൈനയ്ക്ക് ആകെ നില തെറ്റി. ഇന്ത്യന്‍ സൈന്യം മേഖലയില്‍ നിന്നു പിന്‍മാറിയാലേ ചര്‍ച്ചയ്ക്ക് തയാറുള്ളൂവെന്ന നിലപാടിലാണ് അവര്‍. എന്നാല്‍ അരുണാചല്‍ ഉള്‍പ്പടെയുള്ള ഇന്ത്യയുടെ സെവന്‍ സിസ്റ്റേഴ്‌സ് സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായാണ് ചൈനയുടെ നിഗൂഢ പദ്ധതി. ഇത് തിരിച്ചറിഞ്ഞുള്ള പ്രതിരോധമാണ് ഇന്ത്യ തീര്‍ത്തതും. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പരമാധികാരം അടിയറ വെച്ചുള്ള യാതൊരുവിധ നീക്കുപോക്കിനും നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറാകേണ്ടതില്ല. അത് ഇന്ത്യക്ക് ഭാവിയില്‍ വിലയ ആപത്തായിരിക്കും വരുത്തിവെക്കുക.

തങ്ങളുടെ സൈനിക, വ്യാപാര താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി മറ്റ് രാജ്യങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കാനാണ് ചൈനയുടെ ശ്രമം. ദക്ഷിണ ചൈന കടലിലും ടിബറ്റിലും ഹോങ്കോംഗിലും തയ് വാനിലും എല്ലാം ഇത് കണ്ടു കഴിഞ്ഞു

തങ്ങളുടെ സൈനിക, വ്യാപാര താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി മറ്റ് രാജ്യങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കാനാണ് ചൈനയുടെ ശ്രമം. ദക്ഷിണ ചൈന കടലിലും ടിബറ്റിലും ഹോങ്കോംഗിലും തയ് വാനിലും എല്ലാം ഇത് കണ്ടു കഴിഞ്ഞു. 1962ലെ ഇന്ത്യയാണ് ഇപ്പോഴത്തേതും എന്ന അബദ്ധജടിലമായ തിരിച്ചറിവിലാണ് ചൈന അഹന്ത പ്രകടിപ്പിക്കുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ മാറിയ കാര്യം അവര്‍ തിരിച്ചറിയേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം യുഎസ് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥയയായ നിഷ ദേശായി പറഞ്ഞതാണ് സംഘര്‍ഷത്തിന്റെ വാസ്തവം. ഇന്ത്യ മേഖലയിലെ പ്രധാന ശക്തിയാണെന്ന് ചൈന മനസിലാക്കത്തതാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണണമെന്നാണ് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയില്‍ ഇരുന്ന നിഷ ദേശായ് പറഞ്ഞത്. നയതന്ത്രത്തിലൂടെ സംഭാഷണങ്ങളിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാണം ചൈന ശ്രമിക്കേണ്ടതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ഷി ജിന്‍ പിംഗിന്റെ രാജ്യം നേരെ തിരിച്ചാണ് ചിന്തിക്കുന്നത്. മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് കരുതുന്നത് അബദ്ധമാണ്. ഇന്ത്യാ വിരുദ്ധ നയങ്ങളുമായി ചൈന പാക്കിസ്ഥാനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം പ്രത്യക്ഷമായും പരോക്ഷമായും പാക്കിസ്ഥാന്‍ ഭീകരകയെ പ്രോത്സാഹിപ്പിച്ച് ഇന്ത്യക്കെതിരെ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നുമുണ്ട്. എന്നിട്ടും ഒരു പരിധിക്കപ്പുറം ചൈനയുമായി സംഘര്‍ഷം ഉടലെടുക്കാതിരിക്കാന്‍ കാരണം ഇന്ത്യയുടെ സംയമനാണ്. ഇത് തെറ്റിദ്ധരിച്ചായിരിക്കും ചൈന ഇപ്പോള്‍ കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുന്നത്. അത് ഇരുരാജ്യങ്ങളുടെയും ഭാവിക്ക് നല്ലതല്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അവിടുത്തെ ഭരണാധികാരികള്‍ ഇനിയെങ്കിലും തയാറാകണം.

 

Comments

comments

Categories: FK Special, Politics, Slider
Tags: China, RSS, Xi Jinping