ഓണ്‍ലൈന്‍ ഇടപാടുകളെ പൂര്‍ണമായി വിശ്വസമില്ല, ജിസിസിയിലെ യുവതലമുറയ്ക്ക്

ഓണ്‍ലൈന്‍ ഇടപാടുകളെ പൂര്‍ണമായി വിശ്വസമില്ല, ജിസിസിയിലെ യുവതലമുറയ്ക്ക്

ഓണ്‍ലൈനിലൂടെ പണം അടയ്ക്കുന്നതിലുള്ള താല്‍പ്പര്യക്കുറവാണ് ഭൂരിഭാഗം പേരെയും ഓണ്‍ലൈന്‍ ഇടപാടുകളില്‍ നിന്ന് അകറ്റുന്നത്

ദുബായ്: ജിസിസി രാജ്യങ്ങളിലെ യുവതലമുറയിലെ വലിയ വിഭാഗം ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ഗവേഷണ ഫലം. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 83 ശതമാനം യുവാക്കള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ അവസാനിപ്പിച്ചെന്ന് പഠനത്തില്‍ കണ്ടെത്തി. 2017 ല്‍ ജിസിസിയിലെ 366 യുവാക്കളുടെ താല്‍പ്പര്യം മനസിലാക്കി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യൂഗോവ് ആണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.

ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവരില്‍ 42 ശതമാനം പേര്‍ പ്രാദേശിക വെബ്‌സൈറ്റുകളേയും 41 ശതമാനം പേര്‍ അന്താരാഷ്ട്ര വെബ്‌സൈറ്റുകളേയുമാണ് ആശ്രയിക്കുന്നത്. പൂക്കള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കു വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍, സംഗീതം, കായിക ഉപകരണങ്ങള്‍, ബുക്കുകള്‍, ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ജിസിസി രാജ്യങ്ങളിലുള്ളവര്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ തീരേ താല്‍പ്പര്യപ്പെടുന്നില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

അതുപോലെ മേഖലയിലെ യുവാക്കള്‍ ഓണ്‍ലൈനിലൂടെ വാങ്ങാന്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത് മൊബീല്‍ ഫോണുകളും കംപ്യൂട്ടറിന്റെ ഹാര്‍ഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളുമാണ്. ഇവ കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗെയിംസ്, ഇ-ബുക്ക് എന്നിവയും ഓണ്‍ലൈനിലൂടെ സ്വന്തമാക്കാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നു. ഓണ്‍ലൈനിലൂടെ പണം അടയ്ക്കുന്നതിലുള്ള താല്‍പ്പര്യക്കുറവാണ് ഭൂരിഭാഗം പേരെയും ഓണ്‍ലൈന്‍ ഇടപാടുകളില്‍ നിന്ന് അകറ്റുന്നത്.

41 ശതമാനം പേര്‍ ഓണ്‍ലൈന്‍ ഇടപാടുകളുടെ പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുന്നതും ഇതാണ്. ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന ഷിപ്പിംഗ് ചാര്‍ജ് ഈടാക്കുന്നതും (37%) സാധനം എത്തിക്കുന്നതിലുള്ള കാലതമാസവും (34%) പ്രധാന പ്രശ്‌നങ്ങളായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ജിസിസിയിലെ യുവതികളില്‍ 33% പേരും പ്രശ്‌നമായി ഉയര്‍ത്തിക്കാണിക്കുന്നത് കാഷ് ഓണ്‍ ഡെലിവറി സാധ്യതകളിലുള്ള കുറവാണ്. ഇത് കൂടാതെ ഉല്‍പ്പന്നങ്ങളിലെ ആധികാരികതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വവും ഉല്‍പ്പന്നം മടക്കുകയാണെങ്കില്‍ അതിന്റെ നടപടിയെക്കുറിച്ചുള്ള വിവരങ്ങളിലുള്ള കുറവും ഓണ്‍ലൈന്‍ ഇടപാടില്‍ നിന്ന് അകലം പാലിക്കാനുള്ള കാരണമായി യുവതികള്‍ പറയുന്നു.

Comments

comments

Categories: Arabia