സലാം എയറിന്റെ സിഇഒ സ്ഥാനത്തു നിന്ന് ബൗട്ടെയ്ല്ലറെ മാറ്റി

സലാം എയറിന്റെ സിഇഒ സ്ഥാനത്തു നിന്ന് ബൗട്ടെയ്ല്ലറെ മാറ്റി

പുതിയ സിഇഒ ജിസിസി പൗരനായിരിക്കുമെന്ന് സലാം എയര്‍

മസ്‌കറ്റ്: ഒമാനിലെ ചെറിയ വിമാനകമ്പനിയായ സലാം എയറിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഫ്രാന്‍കോയിസ് ബൗട്ടേയ്ല്ലറെ മാറ്റിയതായി വിമാനകമ്പനി അറിയിച്ചു. ഫ്രഞ്ച് പൗരനായ ബൗട്ടേയ്ല്ലര്‍ പടിയിറങ്ങാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സിലെ ഒരു അംഗത്തെ ഇടക്കാല സിഇഒ ആയി നിയമിച്ചതായും സലാം എയര്‍ വ്യക്തമാക്കി.

കമ്പനിയുടെ സിഇഒയെ മാറ്റുന്നതിനെക്കുറിച്ച് ആഴ്ചകള്‍ക്ക് മുന്‍പ് കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ തീരുമാനമെടുത്തിരുന്നെന്നും പുതിയ നിയമനത്തെക്കുറിച്ച് അടുത്തുതന്നെ പ്രഖ്യാപനമുണ്ടാകുമെന്നും സലാംഎയര്‍ ചെയര്‍മാന്‍ ഖാലിദ് അല്‍ യഹ്മഡി പറഞ്ഞു. ഡയറക്റ്റര്‍ ബോര്‍ഡിലെ ഉപദേശകനും വ്യോമയാന വിദഗ്ധനുമായ അംഗത്തെയാണ് നിലവില്‍ സിഇഒ സ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ചെയര്‍മാന്‍ ജിസിസിയില്‍ നിന്നുള്ള പൗരനായിരിക്കുമെന്നും യഹ്മഡി.

വിമാനകമ്പനിയെ ഉടന്‍ ലാഭത്തിലേക്ക് നയിക്കേണ്ടതുണ്ടെന്ന് ഈ ആഴ്ച പുറത്തറിങ്ങിയ അറേബ്യന്‍ ബിസിനസ് മാഗസിനില്‍ ബൗട്ടെയ്ല്ലര്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തി ശക്തമായി മത്സരരംഗത്തേക്ക് സലാം എയറിനെ കൊണ്ടുവരുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇതിലൂടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാനും ലാഭമുണ്ടാക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബൗട്ടെയ്ല്ലര്‍.

ഒക്‌റ്റോബര്‍ മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന സര്‍വീസ് നടത്താനുള്ള തയാറെടുപ്പിലാണ് സലാം എയര്‍. എന്നാല്‍ മാര്‍ച്ച് മുതല്‍ അല്‍ മക്തൗം ഇന്റര്‍നാഷണലിലേക്ക് ആരംഭിച്ച ദിവസേനയുള്ള രണ്ട് സര്‍വീസുകള്‍ വിമാനകമ്പനി വെട്ടിച്ചുരുക്കി.

Comments

comments

Categories: Arabia