മായാവതിയുടെ മാസ്റ്റര്‍സ്‌ട്രോക്കില്‍ ബിഎസ്പി രക്ഷപ്പെടുമോ?

മായാവതിയുടെ മാസ്റ്റര്‍സ്‌ട്രോക്കില്‍ ബിഎസ്പി രക്ഷപ്പെടുമോ?

 

ദളിത് രാഷ്ട്രീയത്തില്‍ ബിജെപി മേല്‍ക്കൈ നേടുന്നുവെന്ന തോന്നലിന് തടയിടാനുള്ള അപ്രതീക്ഷിത നീക്കമാണ് ബിഎസ്പി നേതാവ് മായാവതി തന്റെ രാജ്യസഭാംഗത്വ രാജിനാടകത്തിലൂടെ നടത്തിയിരിക്കുന്നത്

അപ്രതീക്ഷിതമായ ചില നീക്കങ്ങളിലൂടെ മാത്രമേ രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ സജീവമാകാന്‍ സാധിക്കൂ. ഇത് ബഹന്‍ജി മായാവതിക്ക് നന്നായി അറിയാം. ദളിത് സ്വത്വബോധരാഷ്ട്രീയത്തിന്റെ സാധ്യതകളിലൂടെ ഉത്തരദേശത്ത് ഉയര്‍ന്നുവന്ന മായാവതിയെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന് ഇനിയും അത്ര ആയുസില്ലെന്ന് നിനച്ചിരിക്കുമ്പോഴായിരുന്നു രാജ്യസഭാംഗത്വം രാജിവെക്കുകയാണെന്ന അവരുടെ അപ്രതീക്ഷിത പ്രഖ്യാപനം.

റാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും ഒടുവിലത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മായാവതി ഒന്നു ഞെട്ടിയിരിക്കുകയായിരുന്നു. ജാതീയ വേര്‍തിരിവുകളില്ലാത്ത സംസ്‌കാരമാണ് തങ്ങളുടേതെന്ന് ബിജെപി ഉള്‍പ്പെട്ട സംഘ കുടുംബം എപ്പോഴും പറയുമെങ്കിലും അവരെ ‘വില്ലന്‍’മാരാക്കാനായിരുന്നു മായാവതിയും മുലായം സിംഗ് യാദവും ലാലു പ്രസാദ് യാദവും നമ്മുടെ ഇടതുപക്ഷമെന്ന് പറയുന്നവരുമെല്ലാം ആവര്‍ത്തിച്ച് ശ്രമിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ ആര്‍എസ്എസിന്റെ സാമൂഹ്യ എന്‍ജിനീയറിംഗ് പാടവത്തിലൂടെ ബിജെപി തങ്ങളുടെ അടിത്തറ കുറച്ചുകൂടി ശക്തമാക്കിയപ്പോള്‍ ബിഎസ്പിക്കും എസ്പിക്കും എല്ലാം അടിപതറി. പിന്നോക്ക രാഷ്ട്രീയമെന്നത് നിലനില്‍പ്പിനുള്ള ആയുധമായിക്കാണുന്ന പാര്‍ട്ടികളുടെ ഭാവി ചോദ്യ ചിഹ്നമാവുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തര്‍ പ്രദേശില്‍ ബിജെപി അതിഗംഭീര വിജയം നേടിയപ്പോള്‍ ഇളകിയത് മായാവതിയുടെ അടിത്തറ കൂടിയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടി ബിജെപി നവതേരോട്ടം നടത്തിയപ്പോള്‍ ബിഎസ്പിക്ക് ലഭിച്ചത് കേവലം 19 സീറ്റുകള്‍ മാത്രമായിരുന്നു. ആര്‍എസ്എസിന്റെ സംഘടനാ പാടവത്തെയും സാമൂഹ്യ സമവാക്യങ്ങളെയും ചോദ്യം ചെയ്യാന്‍ മായാവതിക്കോ മുലായത്തിനോ കോണ്‍ഗ്രസിനോ ഒന്നും സാധിച്ചില്ല.

പല രാഷ്ട്രീയ പണ്ഡിതരും ഇനി മായാവതിക്ക് ഭാവിയില്ലെന്നാണ് വിലയിരുത്തിയത്. അപ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് പുതുവഴികള്‍ തേടിയേ മതിയാകൂ. അതിന് ജനശ്രദ്ധ ലഭിക്കുകയും വേണം. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടേ മായാവതിയുടെ രാജി പ്രഖ്യാപനത്തെ നോക്കിക്കാണാന്‍ സാധിക്കൂ.

ദളിതര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ നിന്നും എന്നെ തടഞ്ഞു അവര്‍, ദളിതര്‍ക്കായി ഞാന്‍ രാജ്യസഭാ എംപി സ്ഥാനം പുല്ലുപോലെ വലിച്ചെറിയുന്നു…സംഭവം ക്ലിക്കായേക്കുമെന്നാണ് ബിഎസ്പിക്കാരുടെ പ്രതീക്ഷ. ഒരു വെടിക്ക് ഒന്നിലധികം പക്ഷികളെയാണ് ബഹന്‍ജി ഉന്നം വെച്ചത്

ജൂലൈ 18നായിരുന്നു രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ അക്രമിക്കപ്പെടുന്നു എന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മായാവതി വിഷയം ഉന്നയിച്ചത്. ഉത്തര്‍ പ്രദേശിലെ സഹറാന്‍പൂരില്‍ ദളിതര്‍ക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് ചൊവ്വാഴ്ച്ച രാവിലെ മായാവതി രാജ്യസഭയില്‍ സംസാരിച്ചു. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞതിനെത്തുടര്‍ന്ന് സഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ മായാവതിയോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് പ്രകോപനത്തിലേക്കും അവരുടെ ഇറങ്ങിപ്പോക്കിലേക്കും പിന്നീട് രാജ്യസഭാംഗത്വം രാജിവെക്കുന്നതിലേക്കും നയിച്ചത്.

ഒരു ഇമേജ് സൃഷ്ടിക്കലാണ് ഇവിടെയുണ്ടായത്. രാഷ്ട്രീയ ചതുരംഗത്തിലെ മാസ്റ്റര്‍സ്‌ട്രോക് എന്നും വേണമെങ്കില്‍ പറയാം. ദളിതര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ നിന്നും എന്നെ തടഞ്ഞു അവര്‍, ഒടുവില്‍ ദളിതര്‍ക്കായി ഞാന്‍ രാജ്യസഭാ എംപി സ്ഥാനം പുല്ലുപോലെ വലിച്ചെറിയുന്നു…സംഭവം ക്ലിക്കായേക്കുമെന്നാണ് ബിഎസ്പിക്കാരുടെ പ്രതീക്ഷ.

ഒരു വെടിക്ക് ഒന്നിലധികം പക്ഷികളെയാണ് ബഹന്‍ജി ഉന്നം വെച്ചത്. ബിജെപിയും മോദിയും അവരുടെ ഉത്തര ദേശത്തിലെ പ്രതിനിധി യോഗി ആദിത്യനാഥും ദളിതര്‍ക്കെതിരാണ്. തനിക്ക് മാത്രമേ ദളിതര്‍ക്കായി ശബ്ദമുയര്‍ത്താന്‍ സാധിക്കൂ. ഇതാണ് ലൈന്‍. അതുകൊണ്ട് ഒന്നാമത്തെ പക്ഷി ബിജെപി തന്നെ.

ആര്‍എസ്എസിന്റെ സാമൂഹ്യ എന്‍ജിനീയറിംഗ് പാടവത്തിലൂടെ ബിജെപി തങ്ങളുടെ അടിത്തറ കുറച്ചുകൂടി ശക്തമാക്കിയപ്പോള്‍ ബിഎസ്പിക്കും എസ്പിക്കും എല്ലാം അടിപതറി. പിന്നോക്ക രാഷ്ട്രീയമെന്നത് നിലനില്‍പ്പിനുള്ള ആയുധമായിക്കാണുന്ന പാര്‍ട്ടികളുടെ ഭാവി ചോദ്യ ചിഹ്നമാവുകയും ചെയ്തു

സഹറാന്‍പൂര്‍ വിഷയങ്ങളിലെ പ്രക്ഷോഭത്തിലൂടെ സമാന്തര ദളിത് ഗ്രൂപ്പായി വളര്‍ന്നുവരുന്ന ഭീം ആര്‍മിയാണ് അടുത്ത ഉന്നം. ദളിതരുടെ രക്ഷകയായി താനുണ്ട്, ഒരു ഭീം ആര്‍മിക്കാരും വേണ്ടയെന്ന സന്ദേശം നല്‍കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ആ രാജി.

ദളിതരുടെ അവകാശങ്ങളെക്കുറിച്ച് കോണ്‍ഗ്രസിനും എസ്പിക്കുമൊന്നും ഒരക്ഷരം പോലും പറയാനുള്ള അര്‍ഹതയില്ലെന്നും തന്റെ എംപി സ്ഥാനം വലിച്ചെറിയുന്നതിലൂടെ ആ വിഭാഗത്തെ ബോധ്യപ്പെടുത്താമെന്നും മായാവതി കരുതുന്നുണ്ട്.

റാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നാണ് മായാവതി പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിന് അവര്‍ ആയുധമാക്കുന്നത് ദളിത് വിഭാഗത്തിലുള്ളവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയാണ്. എന്നാല്‍ ഈ രാജികൊണ്ട് രാഷ്ട്രീയത്തില്‍ ഒരു ശക്തമായ തിരിച്ചുവരവ് നടത്താന്‍ അവര്‍ക്ക് സാധിക്കുമോയെന്നത് സംശയകരമാണ്.

സ്വത്വരാഷ്ട്രീയത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയുമെല്ലാം കളികളെ അതിജീവിക്കാന്‍ ഇന്ത്യന്‍ വോട്ടര്‍മാര്‍ ശീലിച്ചു തുടങ്ങിയിട്ടുണ്ട്. അത് തിരിച്ചറിയാതെയാണോ മായാവതി നീങ്ങുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും പരാജയം തുടര്‍ക്കഥയായ ബിഎസ്പിയെ രക്ഷിക്കാനുള്ള മായാവതിയുടെ നീക്കങ്ങള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചാകണം. അല്ലെങ്കില്‍ പ്രയാസമാകും ഒരു തിരിച്ചുവരവ്.

ഇനിയും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പരാജയത്തിന് വോട്ടിംഗ് മെഷീനുകളെ പഴി പറഞ്ഞും ബിജെപിയുടെ ഫാസിസ്റ്റ് മുഖത്തെ കുറിച്ച് വാചാലത പ്രകടിപ്പിച്ചുമൊന്നും പ്രത്യക്ഷപ്പെടേണ്ടിവരുന്നു ഒരു സാഹചര്യം മായാവതിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായേക്കും.

സ്വന്തം ശക്തികേന്ദ്രത്തില്‍ ഇത്തരത്തില്‍ ശക്തിക്ഷയം സംഭവിക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടിയെ എത്തിച്ചത് മായാവതി തന്നെയാണ്. പണ്ട് ഭരണത്തിലിരുന്നപ്പോള്‍ പ്രതിമകളുണ്ടാക്കി കോടിക്കണക്കിന് രൂപ വെറുതെ കളഞ്ഞതും വികസന പദ്ധതികളോട് മുഖം തിരിച്ചതുമൊക്കെ ജനം ഒരു പക്ഷേ മറന്നേക്കും. അത്തരം സ്ട്രാറ്റജികളൊക്കെയാണ് ഇനിയും മനസിലുള്ളതെങ്കില്‍ ഈ രാജി കൊണ്ടൊന്നും കാര്യമുണ്ടാകില്ല.

 

Comments

comments

Categories: Politics, Slider, Top Stories
Tags: Mayawati, RSS