വന്‍ പ്രഖ്യാപനങ്ങള്‍ക്കായി കാത്ത് ജിയോ ഉപയോക്താക്കള്‍

വന്‍ പ്രഖ്യാപനങ്ങള്‍ക്കായി കാത്ത് ജിയോ ഉപയോക്താക്കള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം വെള്ളിയാഴ്ച

ന്യൂഡെല്‍ഹി: കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്ത് പ്രവര്‍ത്തം ആരംഭിച്ചത് മുതല്‍ ഉപയോക്താക്കളെയും എതിരാളികളെയും ഒരുപോലെ ഞെട്ടിക്കുകയാണ് റിലയന്‍സ് ജിയോ. അതിനാല്‍ തന്നെ വെള്ളിയാഴ്ച ചേരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസി(ആര്‍ഐഎല്‍)ന്റെ വാര്‍ഷിക പൊതുയോഗത്തെ വന്‍ പ്രഖ്യാപനങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് ഏവരും. ജിയോയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഉയര്‍ന്ന ഡാറ്റാ വേഗതയും വില കുറഞ്ഞ ഡിവൈസുകളും സംബന്ധിച്ച പ്രഖ്യാപനങ്ങളും ഉള്‍പ്പെടുമെന്നാണ് സൂചനകള്‍.

കമ്പനിയുടെ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ജിയോ ഫൈബറിന്റെ അവതരണത്തിനൊപ്പം തന്നെ വില കുറഞ്ഞ 4ജി ഫീച്ചര്‍ ഫോണിന്റെ പ്രഖ്യാപനവുമുണ്ടാകുമെന്നാണ് നിഗമനം. റിലയന്‍സ് ജിയോ പുറത്തിറക്കാനിരിക്കുന്ന വില കുറഞ്ഞ 4ജി ഫോണിന്റെ വിവരങ്ങള്‍ ഈ മാസം ആദ്യം ചോര്‍ന്നിരുന്നത് മുതല്‍ രാജ്യത്തുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ആകാംക്ഷയോടെയാണ് ഈ ഫോണിനായി കാത്തിരിക്കുന്നത്. വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി ഈ ഡിവൈസ് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

ഫിസിക്കല്‍ ആല്‍ഫ-ന്യൂമെറിക് കീപാഡുള്ള കറുപ്പ് നിറത്തിലുള്ള ഫോണിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. വലിയ ടോര്‍ച്ച് ബട്ടണ്‍ ഫീച്ചര്‍ ഫോണുകളുടെ പ്രതാപ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നവയാണ്. രണ്ട് മെഗാപിക്‌സല്‍ കാമറ യൂണിറ്റാണ് ഫോണിന്റെ പിന്‍ഭാഗത്തുള്ളത്. 512 എംബി റാമും 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമായാണ് ജിയോയുടെ 4ജി വോള്‍ട്ടി ഫോണ്‍ എത്തുക. മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ വിപുലപ്പെടുത്താവുന്നതുമാണിത്. ഫോണിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം അതിന്റെ വിലയാണ്. 500 രൂപ മാത്രം വിലയുള്ളതാണ് ജിയോയുടെ ഈ ഫോണുകളെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കമ്പനി വിവിധ മാനുഫാക്ചറിംഗ് കമ്പനികളെ ഹാന്‍ഡ്‌സെറ്റ് നിര്‍മാണത്തിനായി സമീപിച്ചതായും വിവരമുണ്ടായിരുന്നു. ഇന്ത്യയില്‍ ഹാന്‍്ഡ്‌സെറ്റുകള്‍ നിര്‍മിക്കുന്നതിന് രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഇന്റെക്‌സ് ടെക്‌നോളജിയെ റിലയന്‍സ് സമീപിച്ചുവെന്ന് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഫോണുകള്‍ നിര്‍മിക്കുന്നതിന് റിലയന്‍സ് ഫോക്‌സ്‌കോണുമായി ബന്ധപ്പെട്ടുവെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
റിലയന്‍സ് ജിയോയുടെ വളര്‍ച്ച ആദ്യ മാസങ്ങളില്‍ ശ്രദ്ധേയമായിരുന്നെങ്കിലും പിന്നീട് ക്രമേണ ഇടിവ് സംഭവിച്ചു. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് രാജ്യത്തെ 4 ജി ശേഷിയുള്ള ഫോണുകളുടെ പരിമിത സംഖ്യയാണ്. ജിയോ 4 ജി ഫോണ്‍ ആരംഭിക്കുന്നതോടെ കൂടി ഇക്കാര്യത്തിലുള്ള ബുദ്ധിമുട്ടിന് പരിഹാരമാകും. വെള്ളിയാഴ്ചത്തെ യോഗത്തില്‍ ജിയോയുടെ താരിഫുകള്‍ മുകേഷ് അംബാനി വെട്ടിക്കുറച്ചേക്കുമെന്നാണ് മറ്റൊരു സൂചന. ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ജിയോയുടെ ആരംഭം മുതല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യ സേവനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ച് കുറഞ്ഞ അടിസ്ഥാന നിരക്കുകള്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ജിയോ ഫൈബറിനെക്കുറിച്ചുള്ള പ്രഖ്യാപനം രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വ്യവസായത്തെ ഞെട്ടിക്കാന്‍ പോകുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍. മുംബൈ, ഡെല്‍ഹി, അഹമ്മദാബാദ്, ജാംനഗര്‍,സൂറത്, വഡോദര എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജിയോ ഫൈബര്‍ സേവനം ലഭ്യമാക്കുകയെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. മാസം 100 ജിബി ഡേറ്റ 100 എംബിപിഎസ് വേഗതയില്‍ നല്‍കുമെന്നാണ് വാഗ്ദാനം. ഡാറ്റ സൗജന്യമാണെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഉപയോക്താവ് 4500 രൂപ നല്‍കണമെന്നും ഇതു കാഷ്ബാക്ക് ഓഫറുകളിലൂടെ തിരികെ നല്‍കുമെന്നും കമ്പനി പുറത്തുവിട്ട രേഖകളില്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories