എച്ച്പിസിഎല്ലിലെ ഓഹരികള്‍ ഒഎന്‍ജിസിക്ക് വില്‍ക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി

എച്ച്പിസിഎല്ലിലെ ഓഹരികള്‍ ഒഎന്‍ജിസിക്ക് വില്‍ക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി

നിലവിലെ വിപണി വിലയനുസരിച്ച് ഒഎന്‍ജിസി 30,000 കോടി രൂപ (4.6 ബില്യണ്‍ ഡോളര്‍)യാണ് ഇടപാടിന്റെ ഭാഗമായി സര്‍ക്കാരിന് നല്‍കേണ്ടി വരിക

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡി (എച്ച്പിസിഎല്‍)ല്‍ സര്‍ക്കാരിനുള്ള 51.11 ശതമാനം ഓഹരികള്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന് (ഒഎന്‍ജിസി) വില്‍ക്കുന്നതിന് കേന്ദ്രമന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കൂട്ടിച്ചേര്‍ക്കലിലൂടെ ആഗോള വന്‍കിട എണ്ണക്കമ്പനികളുടേതിന് സമാനമായ വലുപ്പമുള്ള ഒരു എണ്ണക്കമ്പനി സൃഷ്ടിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഇടപാട് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരുകമ്പനികളുടെയും ഓഹരിയുടമകള്‍ക്ക് ഈ ഇടപാടില്‍ നിന്ന് നേട്ടമുണ്ടാകുമെന്ന് ഒഎന്‍ജിസി ചെയര്‍മാന്‍ ദിനേഷ് സറഫ് പറഞ്ഞു. സംയോജിത കമ്പനികള്‍ കൂടുതല്‍ ശക്തമായവയാണ്. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന കമ്പനികളേക്കാള്‍ വിപണിയില്‍ ഇവയ്ക്ക് കൂടിയ മൂല്യമാണ് ഉള്ളതെന്നും സറഫ് പറഞ്ഞു.

എച്ച്പിസിഎല്‍, ഒഎന്‍ജിസി എന്നിവയുടെ സംയോജിത വിപണിമൂല്യം 42 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. റഷ്യന്‍ ഊര്‍ജ കമ്പനിയായ റോസ്‌നെഫ്റ്റിന് 56 ബില്യണ്‍ ഡോളര്‍ വിപണിമൂല്യമാണുള്ളത്. എന്നാല്‍ ആഗോള എണ്ണ ഭീമന്മാരായ എക്‌സോണ്‍മൊബില്‍ (340 ബില്യണ്‍ ഡോളര്‍), ഷെല്‍ (220 ബില്യണ്‍ ഡോളര്‍), ടോട്ടല്‍ (128 ബില്യണ്‍ ഡോളര്‍), ബിപി (114 ബില്യണ്‍ ഡോളര്‍) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒഎന്‍ജിസി-എച്ച്പിസിഎല്‍ സംയോജിത വിപണി മൂല്യം ഇപ്പോഴും വളരെ ചെറുതാണ്. 2017-17 കാലഘട്ടത്തിലെ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യമായ 72,500 കോടി രൂപയില്‍ 40 ശതമാനം എച്ച്പിസിഎല്‍ ഓഹരി വില്‍പ്പനയിലൂടെ തന്നെ കൈവരിക്കാന്‍ സാധിക്കും.

രാജ്യത്തെ ക്രൂഡ് ഓയിലിന്റെ 60 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായി ഒഎന്‍ജിസി എച്ച്പിസിഎല്‍ ഉപകമ്പനിയായി മാറുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ റിഭൈനിംഗ് ശേഷിയുള്ള എണ്ണക്കമ്പനിയായി മാറും. പ്രതിവര്‍ഷം 40 മില്യണ്‍ ടണ്ണിലധികം റിഫൈനിംഗ് ശേഷിയാണ് ഒഎന്‍ജിസിക്ക് ഇടപാടിന് ശേഷം ഉണ്ടാകുക. ഉപസ്ഥാപനമായ എംആര്‍പിഎല്‍ യൂണിറ്റ് വഴി 15 മില്യണ്‍ ടണ്ണിന്റെ റിഫൈനറി ഒഎന്‍ജിസി ഇതിനകം തന്നെ നിയന്ത്രിക്കുന്നുണ്ട്. ഇടപാടിലൂടെ എച്ച്പിസിഎല്ലിന്റെ 14,500 ഫില്ലിംഗ് സ്റ്റേഷനുകളുടെ നിയന്ത്രണം അല്ലെങ്കില്‍ രാജ്യത്തെ പെട്രോള്‍ പമ്പുകളുടെ നാലിലൊന്ന് ഒഎന്‍ജിസിയുടെ കീഴിലാകും.

നിലവിലെ വിപണി വിലയനുസരിച്ച് ഒഎന്‍ജിസി 30,000 കോടി രൂപ (4.6 ബില്യണ്‍ ഡോളര്‍)യാണ് ഇടപാടിന്റെ ഭാഗമായി സര്‍ക്കാരിന് നല്‍കേണ്ടി വരിക. മികച്ച സംയോജനമാണ് ഇരു കമ്പനികളും തമ്മിലുണ്ടാവുകയെന്നും എംആര്‍പിഎല്ലിനും എച്ച്പിസിഎല്ലിനും ഇടയില്‍ കൂട്ടുപ്രവര്‍ത്തനം ഉണ്ടെങ്കിലും അവയുടെ ഏകീകരണം സംബന്ധിച്ച് രണ്ട് കമ്പനികളുടെയും ബോര്‍ഡാണ് തീരുമാനമെടുക്കുകയെന്നും സറഫ് പറഞ്ഞു.

രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും എങ്ങനെ ഏകീകരിക്കുന്നുവെന്ന് അനലിസ്റ്റുകളും നിരീക്ഷിക്കുന്നുണ്ട്. എച്ച്പിസിഎല്ലിന്റെ ഓഹരിയുടമകളെപ്പറ്റി ചില അനലിസ്റ്റുകള്‍ ആശങ്കപ്പെടുന്നുണ്ട്. ഓപ്പണ്‍ ഓഫര്‍ ഇല്ലാത്തത് ഓഹരിയുടമകളെ നിരാശപ്പെടുത്തുമെന്നും എച്ച്പിസിഎല്ലിന്റെ ഓഹരി വിലയില്‍ നെഗറ്റീവ് പ്രതികരണമുണ്ടായേക്കാമെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

Comments

comments

Categories: Business & Economy