ശബരിമല വിമാനത്താവളം ചെറുവളളി എസ്റ്റേറ്റില്‍

ശബരിമല വിമാനത്താവളം ചെറുവളളി എസ്റ്റേറ്റില്‍

ഷര്‍മിള മേരി ജോസഫ് ആസൂത്രണ സാമ്പത്തികകാര്യ സെക്രട്ടറി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നിര്‍മിക്കുന്ന വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി എസ്റ്റേറ്റില്‍ ആയിരിക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ മിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് ചെറുവളളി എസ്റ്റേറ്റില്‍ വിമാനത്താവളം പണിയാന്‍ തീരുമാനിച്ചത്.

2263 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്‌റ്റേറ്റിലുള്ളത്. രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്താണ് എസ്റ്റേറ്റെന്നതും വിമാനത്താവളത്തിനായി പരിഗണിക്കുന്നതിന് വഴിതെളിച്ചു. ഇവിടെ നിന്ന് ശബരിമലയിലേക്ക് 48 കിലാമീറ്റര്‍ ദൂരമാണുള്ളത്. കൊച്ചിയില്‍ നിന്ന് 113 കിലോമീറ്റര്‍ ദൂരമുണ്ടായിരിക്കും പുതിയ വിമാനത്താവളത്തിലേക്ക്.

പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ഓഗസ്റ്റ് 7 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജി രാജേന്ദ്രനെ (തിരുവനന്തപുരം) നിലവിലുളള ഒഴിവില്‍ പിഎസ്‌സി അംഗമായി നിയമിക്കും. സപ്ലൈക്കോ സിഎംഡി എപിഎം മുഹമ്മദ് ഹനീഷിന് കൊച്ചി സ്മാര്‍ട് സിറ്റി എക്‌സിക്യൂട്ടിവ് ഓഫീസറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചുവരുന്ന ഷര്‍മിള മേരി ജോസഫിനെ ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയായും ആസൂത്രണ സാമ്പത്തികകാര്യ സെക്രട്ടറിയായും നിയമിക്കാനും തീരുമാനിച്ചു.

സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ് ഡയറക്റ്റര്‍ ഗോപാലകൃഷ്ണന് തിരുവനന്തപുരം സ്മാര്‍ട് സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
ആര്‍എംഎസ്എ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്റ്റര്‍ ആര്‍ രാഹുലിന് കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്റ്ററുടെ അധികച്ചുമതല നല്‍കും. ഉല്‍പ്പാദകരാജ്യങ്ങളില്‍നിന്ന് തോട്ടണ്ടി സംഭരിക്കുന്നതിന് രൂപീകരിക്കുന്ന പ്രത്യേക കമ്പനിയുടെ സ്‌പെഷ്യല്‍ ഓഫീസറായി റിട്ടയേര്‍ഡ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാരപാണ്ഡ്യനെ നിയമിച്ചു.

കേരള ഡെന്റല്‍ കൗണ്‍സിലിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യം അനുവദിക്കാന്‍ തീരുമാനിച്ചു. പിഎസ്‌സി മുന്‍ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. വനിത പോലീസ് ബറ്റാലിയന് ആസ്ഥാനം നിര്‍മിക്കുന്നതിന് തിരുവനന്തപുരം മേനംകുളം വില്ലേജിലെ സിഡ്‌കോയുടെ കൈവശമുളള മുപ്പത് ഏക്കര്‍ ഭൂമിയില്‍ പത്ത് ഏക്കര്‍ ഭൂമി ലഭ്യമാക്കും. മലപ്പുറം ജില്ലാ പിഎസ്‌സി. ഓഫീസ് നിര്‍മിക്കുന്നതിന് റെവന്യൂ വകുപ്പിന്റെ മുപ്പത് സെന്റ് സ്ഥലം വ്യവസ്ഥകള്‍ക്കു വിധേയമായി അനുവദിക്കാനും തീരുമാനിച്ചു.

Comments

comments

Categories: Slider, Top Stories