ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം

ആരോഗ്യ മേഖലയില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണം

നിതി ആയോഗും ആരോഗ്യ മന്ത്രാലയവും കരട് കരാര്‍ മുന്നോട്ടുവച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ നരഗപ്രദേശങ്ങളില്‍ സാംക്രമികേതര രോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ സ്വാകാര്യ ആശുപത്രികളുടെ പങ്ക് വര്‍ധിപ്പിക്കുന്നതിനു വേണ്ടി നിതി ആയോഗും കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയവും ചേര്‍ന്ന് ഒരു കരട് കരാര്‍ മുന്നോട്ടുവച്ചു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുന്നതിന് ഈ കരട് കരാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ജില്ലാ ആശുപത്രി കെട്ടിടങ്ങളുടെ ഒരു ഭാഗം 30 വര്‍ഷത്തെ പാട്ടത്തിന് സ്വകാര്യ ആശുപത്രി ഗ്രൂപ്പുകള്‍ക്ക് ലേലം നല്‍കുന്നതിനുള്ള നിര്‍ദേശവും ഇതിലുണ്ട്. രാജ്യത്തെ എട്ട് മെട്രോ നഗരങ്ങള്‍ ഒഴികെയുള്ള നഗരപ്രദേശങ്ങളില്‍ അമ്പതോ അല്ലെങ്കില്‍ നൂറോ കിടക്കകളുള്ള ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് സ്ഥലം നല്‍കുന്നതിനും കരട് കരാര്‍ നിര്‍ദേശിക്കുന്നു.

ബ്ലഡ് ബാങ്ക്, ആംബുലന്‍സ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളുടെയും വിവരങ്ങളും സ്വകാര്യ ആശുപത്രികള്‍ക്ക് ജില്ലാ ആശുപത്രികള്‍ കൈമാറണം. സ്വകാര്യ സംരംഭകരുടെ മേല്‍നോട്ടത്തില്‍ പുതിയ ആശുപത്രികള്‍ സ്ഥാപിക്കുന്നതിനാവശ്യമായ ഫണ്ടിന്റെ ഒരു ഭാഗം സംസ്ഥാന സര്‍ക്കാരുകളും വഹിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രതിദിനം 1,000ല്‍ അധികം രോഗികള്‍ക്ക് ഒപിയില്‍ ട്രീറ്റ്‌മെന്റ് നല്‍കുന്ന പരമാവധി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ജില്ലാ ആശുപത്രികള്‍ക്ക് മാത്രമാണ് സ്വാകാര്യവല്‍ക്കരണത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഈ കരാറിനു കീഴില്‍ സ്ഥാപിക്കപ്പെടുന്ന സ്വകാര്യ ആശുപത്രികള്‍ കാന്‍സര്‍, ഹദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള രണ്ടാംഘട്ട, മൂന്നാംഘട്ട ചികിത്സകള്‍ ലഭ്യമാക്കണമെന്ന് മാതൃക കരാര്‍ നിര്‍ദേശിക്കുന്നു. ഈ ചികിത്സകള്‍ക്കുള്ള ചെലവ് സര്‍ക്കാരിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമില്‍ നിര്‍ദേശിക്കുന്നതിന് മുകളിലായിരിക്കില്ലെന്നും നിതി ആയോഗ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. കരാര്‍ രേഖകള്‍ തയാറാക്കുന്നതിനുള്ള ടെക്‌നിക്കല്‍ പാര്‍ട്ണര്‍ എന്ന നിലയ്ക്ക് ലോക ബാങ്കിന്റെ സഹായവും ഉണ്ടായിരുന്നു. കരട് രേഖ തയാറാക്കാന്‍ രാജ്യമെമ്പാടുമുള്ള വ്യാവസായികളുമായും മറ്റ് പങ്കാളികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നിതി ആയോഗ് വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories