പങ്കാളിത്തത്തിലൂടെ കരുത്താര്‍ജിക്കാന്‍ എമിറേറ്റ്‌സും ഫ്‌ളൈദുബായും

പങ്കാളിത്തത്തിലൂടെ കരുത്താര്‍ജിക്കാന്‍ എമിറേറ്റ്‌സും ഫ്‌ളൈദുബായും

രണ്ട് വിമാനകമ്പനികളുടേയും ചെലവ് ചുരുക്കുന്നതിനും വിപണി വിഹിതം കൂട്ടുന്നതിനുമുള്ള ശക്തമായ പ്രതിവിധിയായിട്ടാണ് പങ്കാളിത്തത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്

ദുബായ്: എമിറേറ്റ്‌സും ഫ്‌ളൈദുബായും തമ്മിലുള്ള പങ്കാളിത്തം ആഗോള ഏവിയേഷന്‍ വ്യവസായത്തിലെ ദുബായിയുടെ സ്ഥാനം ശക്തമാക്കുമെന്ന് നിരീക്ഷകര്‍. കഴിഞ്ഞ ദിവസമാണ് രണ്ട് വിമാനക്കമ്പനികളും തമ്മില്‍ ശക്തമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സ്വതന്ത്രമായി നിലനിന്നുകൊണ്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് ദുബായിലെ വിമാനക്കമ്പനികള്‍.

കഴിഞ്ഞ 12 മാസത്തില്‍ രണ്ട് വിമാനകമ്പനികളുടേയും സാമ്പത്തികസ്ഥിതി നിരാശാജനകമായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലേക്ക് അവര്‍ എത്തുന്നത്. എമിറേറ്റ്‌സിന്റേയും ഫ്‌ളൈദുബായിയുടേയും ചെലവ് ചുരുക്കുന്നതിനും വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനുമുള്ള ശക്തമായ പ്രതിവിധിയായിട്ടാണ് പങ്കാളിത്തത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

പങ്കാളിത്തത്തിന്റെ ഭാഗമായി വിപുലമായ കോഡ്‌ഷെയര്‍ കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെക്കാന്‍ പോകുന്നത്. ഇതിനൊപ്പം രണ്ട് വിമാനകമ്പനികളുടേയും സര്‍വീസുകള്‍ക്കനുസരിച്ച് ഷെഡ്യൂള്‍ ഏകോപിപ്പിക്കാനും 200 ല്‍ അധികം സ്ഥലങ്ങളിലേക്കുള്ള നെറ്റ്‌വര്‍ക്കുകള്‍ ഏകീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ഗള്‍ഫിലെ പ്രധാന വിമാനകമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നിവര്‍ ഒരേ നഗരങ്ങളിലെ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനായാണ് കൂടുതലും മത്സരിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് മാറി മികച്ചൊരു ബിസിനസ് മോഡലിലേക്ക് എത്തിയിരിക്കുകയാണ് എമിറേറ്റ്‌സ്. പുതിയ കരാറിലൂടെ ഫ്‌ളൈദുബായിയുടെ നിലവിലെ നെറ്റ്‌വര്‍ക്കും പുതിയ വളര്‍ച്ചാ സാധ്യതകളും എമിറേറ്റ്‌സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് സെന്റര്‍ ഫോര്‍ ഏവിയേഷന്റെ മുതിര്‍ന്ന ഗവേഷകനായ വില്‍ ഹോര്‍ടണ്‍ വ്യക്തമാക്കി. പ്രാദേശിക സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ എമിറേറ്റ്‌സിന് ഇത് സഹായകമാകുമെന്നും അദ്ദേഹം.

പുതിയ കരാറിലൂടെ ഫ്‌ളൈദുബായിക്ക് എമിറേറ്റ്‌സിന്റെ നെറ്റ്‌വര്‍ക്കിലേക്ക് സര്‍വീസ് നടത്താന്‍ കഴിയും ഇതിനായി വലിയ വിമാനങ്ങള്‍ വാങ്ങേണ്ടിവരില്ലെന്നും സ്ട്രാറ്റെജിക് എയ്‌റോ റിസര്‍ച്ചിലെ കണ്‍സല്‍ട്ടന്റ് സജ് അഹ്മെദ് വ്യക്തമാക്കി. അതുപോലെ എമിറേറ്റ്‌സിന് ചെറിയവിമാനങ്ങളും വാങ്ങേണ്ടിവരില്ല. ആഭ്യന്തര ഏവിയേഷന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ ശക്തമായ മുന്നേറ്റം നടത്താന്‍ ഈ പങ്കാളിത്തം സഹായകമാകും.

ഓരോ റൂട്ടിലേക്കും ഒന്നിനു പിറകെ ഒന്ന് എന്ന രീതിയില്‍ സര്‍വീസ് നടത്താന്‍ ഇരു കമ്പനികള്‍ക്കും സാധിക്കും. ഇതിലൂടെ ടിക്കറ്റ് നിരക്കില്‍ വലിയമാറ്റം കൊണ്ടുവരാനും ലാഭത്തില്‍ കുറവ് വരുത്താതെ മികച്ച വിപണി വിഹിതം സ്വന്തമാക്കാനും കമ്പനികള്‍ക്കാവുമെന്ന് അഹ്മെദ്. ദുബായിലെ രണ്ട് പ്രധാന വിമാനക്കമ്പനികള്‍ തമ്മില്‍ കൈകോര്‍ക്കുന്നത് എയര്‍ അറേബ്യ, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ വമ്പന്‍ വിമാനകമ്പനികള്‍ക്കും ഫ്‌ളൈനസ്, ജസീറ എയര്‍വേയ്‌സ്, സലാം എയര്‍ തുടങ്ങിയ കുഞ്ഞന്‍മാര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ പാസഞ്ചര്‍ ട്രാഫിക്കുള്ള ദുബായ് ഇതോടെ കൂടുതല്‍ ശക്തിയാര്‍ജിക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ നിലവിലെ പ്രതിസന്ധികള്‍ മാറ്റി രണ്ട് വിമാനകമ്പനികള്‍ക്കും വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനാവുമെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Arabia