രാത്രിയിലും സൗരോര്‍ജ്ജത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ദുബായ്

രാത്രിയിലും സൗരോര്‍ജ്ജത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ദുബായ്

കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ പവര്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്

ദുബായ്: സൂര്യന്‍ അസ്തമിച്ചതിന് ശേഷം കുറഞ്ഞ നിരക്കില്‍ ഇലക്ട്രിസിറ്റി സപ്ലൈ ചെയ്യാന്‍ സാധിക്കുന്ന സോളാര്‍ പാര്‍ക്കുകള്‍ മിഡില്‍ ഈസ്റ്റില്‍ കൊണ്ടുവരുമെന്ന് മേഖലയിലെ ഏറ്റവും വലിയ പവര്‍ പ്ലാന്റ് നിര്‍മാതാക്കളായ ഏസിഡബ്യൂഎ പവര്‍ ഇന്റര്‍നാഷണല്‍. ദുബായില്‍ നിര്‍മിക്കുന്ന ഒരു ബില്യണ്‍ ഡോളറിന്റെ പദ്ധതിയുടെ ഭാഗമായാണ് രാത്രിയും സൗരോര്‍ജ്ജത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഒരുങ്ങുന്നത്.

കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ പവര്‍ എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഫോട്ടോവോള്‍ട്ടെയ്ക് സെല്ലുകള്‍ ഉപയോഗിക്കുന്നതിന് പകരം കണ്ണാടികള്‍ ഉപയോഗിച്ച് സൂര്യന്റെ താപത്തില്‍ വെള്ളം ചൂടാക്കി അതില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനത്തിന് രണ്ട് പതിറ്റാണ്ട് പഴക്കമുണ്ട്. മോള്‍ട്ടന്‍ സോള്‍ട്ടില്‍ ചൂടിനെ സംഭരിച്ച് വെച്ച് അത് പിന്നീട് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വൈകീട്ട് നാലിനും രാവിലെ 10 നും ഇടയില്‍ ദുബായ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റിക്ക് 200 മെഗാവാട്ട് വൈദ്യുതി നല്‍കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സംവിധാനം പ്രചാരത്തിലുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സൗദി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസിഡബ്യൂഎ പവര്‍ ഇന്റര്‍നാഷണലിന്റെ സിഇഒ പാഡി പത്മാനന്ദന്‍ വ്യക്തമാക്കി. തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ 18 മാസങ്ങള്‍കൊണ്ട് കോണ്‍സെന്‍ട്രേറ്റഡ് സോളാര്‍ പവറിന്റെ ചൂട് തുടര്‍ച്ചയായി നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം. ചൂട് നിലനിര്‍ത്താന്‍ സാധിക്കുന്നതു മുതല്‍ സൂര്യന്‍ അസ്തമിച്ചതിന് ശേഷവും പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ചില സമയങ്ങളില്‍ സൂര്യന്റെ താപം മോള്‍ട്ടന്‍ സാള്‍ട്ടിനെ 490 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ത്തും.

മൊറോക്കോ, ദക്ഷിണാഫ്രിക്ക, എന്നിവിടങ്ങളില്‍ എസിഡബ്ല്യൂഎ സിഎസ്പി പ്ലാന്റുകള്‍ സ്ഥാപിച്ചു. ദുബായിലെ പ്ലാന്റ് 2021 ല്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

Comments

comments

Categories: Arabia