നിര്‍മാണ ഉപകരണങ്ങളുടെ വില്‍പ്പന 15% വര്‍ധിച്ചേക്കും

നിര്‍മാണ ഉപകരണങ്ങളുടെ വില്‍പ്പന 15% വര്‍ധിച്ചേക്കും

2011ലെ റെക്കോഡ് വില്‍പ്പനയെ മറികടന്നേക്കുമെന്ന് പ്രതീക്ഷ

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം കണ്‍സ്ട്രക്ഷന്‍ ഉപകരങ്ങളുടെ വില്‍പ്പന 10 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളാണ് ഇതിനു കാരണമായി ഈ മേഖലയില്‍ നിന്നുള്ള വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തിയിട്ടുള്ളത്.

2011ലെ കണക്കനുസരിച്ച് മണ്ണ് മാന്തി യന്ത്രങ്ങള്‍, എസ്‌കവറ്റേഴ്‌സ്, ലോഡിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പന ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിയിരുന്നു. 52,500 യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളുടെ വില്‍പ്പനയാണ് അന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതിനോടടുത്ത് വില്‍പ്പന ഉയര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍.

ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)ക്കു കീഴില്‍ കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളുടെ വിലയില്‍ ആറ് മുതല്‍ എട്ട് ശതമാനം വരെ വില വര്‍ധനവുണ്ടാകും. എങ്കിലും ഉപകരണങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവ് പ്രകടമാകുമെന്നാണ് വ്യാവസായിക വിദഗ്ധരുടെ പ്രതീക്ഷ.

ഇത്തരം ഉപകരണങ്ങള്‍ക്ക് നേരത്തെ 12.5 ശതമാനം എക്‌സൈസ് തീരുവയും 6 ശതമാനം മുതല്‍ 13.5 ശതമാനം വരെയുള്ള സംസ്ഥാന നികുതിയും ഉള്‍പ്പെടെ 26 ശതമാനത്തിന്റെ നികുതി ഭാരമാണ് ഉണ്ടായിരുന്നത്. ജിഎസ്ടി നടപ്പില്‍ വന്നതോടെ ഇത് 28 ശതമാനമായി ഉയര്‍ന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതികളിലും ഹൈവേ, ഉള്‍നാടന്‍ ജലപാതകള്‍, റെയ്ല്‍വേ, പ്രാദേശിക വിമാനത്താവളങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലും കൂടുതല്‍ നിക്ഷേപം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം നിര്‍മാണ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അടുത്ത അഞ്ചോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കുമെന്നും വ്യാവസായിക വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷനില്‍ നിന്നുള്ള വിവരമനുസരിച്ച് 2015ന് മുന്‍പ് തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളിലും നിര്‍മാണ ഉപകരപണങ്ങളുടെ വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്. 2015ല്‍ 2.5 ശതമാനം വര്‍ധനയോടെ 36,800 യൂണിറ്റ് വില്‍പ്പനയാണുണ്ടായത്. മുന്‍ വര്‍ഷം വില്‍പ്പനയില്‍ 41.5 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനത്തില്‍ റോഡുകളുടെ നിര്‍മാണം തുടര്‍ന്നും സുപ്രധാന പങ്കുവഹിക്കും. ഈ വര്‍ഷം വില്‍പ്പനയില്‍ 10-15 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന്‌ജെസിബി ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് വിപിന്‍ സോന്ദി പറഞ്ഞു. നഗര നവീകരണം, ജലസേചനം, റെയ്ല്‍വേ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ കൂടി കണക്കാക്കുമ്പോള്‍ നിര്‍മാണ ഉപകരണങ്ങളുടെ വില്‍പ്പന 2011ലെ റെക്കോഡ് മറികടന്നേക്കുമെന്ന ആത്മവിശ്വാസം വര്‍ധിക്കുന്നതായും വിപിന്‍ സോന്ദി അറിയിച്ചു.

മാര്‍ച്ച് 31ന് അവസാനിച്ച 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ഹിറ്റാച്ചിയുടെ നിര്‍മാണ ഉപകരണങ്ങളുടെ വില്‍പ്പന 46 ശതമാനം വര്‍ധിച്ച് 6,800 യൂണിറ്റിലെത്തി. അതിവേഗ പാതകളുടെയും സംസ്ഥാന ഹൈവേകളുടെയും വികസനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയതോടെ രാജ്യത്തെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ജലസേചന പദ്ധതികള്‍ക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതനുസരിച്ചു് 15 ശതമാനം വരെ വില്‍പ്പന വളര്‍ച്ച ഉണ്ടാകുമെന്നാണ് ഹിറ്റാച്ചി മാനേജിംഗ് ഡയറക്റ്റര്‍ സന്ദീപ് സിംഗും വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy