വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ജൂലൈ 24നുള്ളില്‍ ആര്‍ബിഐ മറുപടി നല്‍കണം

വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ജൂലൈ 24നുള്ളില്‍ ആര്‍ബിഐ മറുപടി നല്‍കണം

ന്യൂഡെല്‍ഹി: രാജ്യത്തെ കിട്ടാക്കടവുമായി ബന്ധപ്പെട്ട് പഠിക്കാന്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിന് ഒരാഴ്ചത്തെ സമയം കൂടി അനുവദിച്ചു. ജൂലൈ 24 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. സുപ്രീ കോടതി ചീഫ് ജസ്റ്റിസുമാരായ ജെ എസ് കേഹര്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് ഒരാഴ്ച കൂടി സമയം അനുവദിച്ചുള്ള ഉത്തരവിറക്കിയത്. കിട്ടാക്കടം എട്ടു ലക്ഷം കോടി കടന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.

500 കോടി രൂപയിലധികം വായ്പയെടുത്തവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പുറത്തുവിടാത്തതിനാലാണ് നിഷ്‌ക്രിയാസ്തിയും (എന്‍പിഎ) കിട്ടാക്കടവും പെരുകുന്നതെന്നും കോടതി വിലയിരുത്തിയിരുന്നു. കടം തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും വിസമ്മതിച്ച സാഹചര്യത്തിലായിരുന്നു കോടതിയുടെ നിര്‍ദേശം.

പാപ്പരായെന്നു കാട്ടി കോടികള്‍ കടമെടുത്തവര്‍ രക്ഷപെടുമ്പോള്‍ സാധാരണക്കാരുടെ ചെറിയ കടങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ തിരിച്ചുപിടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. കടമെടുത്തവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് ബാങ്കിന്റെ നിയമങ്ങള്‍ക്കെതിരാണെന്നു കാണിച്ചാണ് ആര്‍ബിഐ ഈ അവശ്യം തള്ളിയത്. തുടര്‍ന്ന് ഈ കേസ് നാല് ആഴ്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Comments

comments

Categories: Slider, Top Stories