കരുവന്നൂരിന്റെ കൂട്ടുകാരന്‍

കരുവന്നൂരിന്റെ കൂട്ടുകാരന്‍

ഒരു നാടിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണു കരുവന്നൂര്‍ സഹകരണ ബാങ്ക് നേതൃത്വം വഹിച്ചു വരുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ളതല്ല മറിച്ചു നാട്ടിലെ ജനങ്ങളുടെ ക്ഷേമവും, വികസനവും കണക്കിലെടുത്തുള്ളതാണ്.

സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണു കേരളത്തിലെ സഹകരണ ബാങ്കുകള്‍. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരും സാധാരണക്കാരും സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിക്കുന്ന തുക നിക്ഷേപിക്കുന്നതു ഇന്നും സഹകരണ ബാങ്കുകളിലാണ്. ഇന്നു നാടുനീളെ നിരവധി ദേശസാത്കൃത ബാങ്കുകളും, ന്യൂജനറേഷന്‍ ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മലയാളിയുടെ മനസില്‍ സഹകരണ ബാങ്കുകള്‍ക്ക് എല്ലാക്കാലവും ഒരു പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്.

സംസ്ഥാനത്ത് നൂറിലേറെ സഹകരണ ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ വ്യത്യസ്ഥമായ പ്രവര്‍ത്തനരീതികളുമായി മുന്നേറുന്ന സഹകരണ ബാങ്കുകളില്‍ ഒന്നാണു തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്.

പ്രവര്‍ത്തനം ആരംഭിച്ച് 100 വര്‍ഷം തികയ്ക്കാന്‍ പോകുന്ന കരുവന്നൂര്‍ ബാങ്ക് പ്രവര്‍ത്തനങ്ങളില്‍ വളരെയധികം മുന്നേറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള വായ്പാ പദ്ധതികള്‍, നിക്ഷേപ പദ്ധതികള്‍, പ്രതിമാസ നിക്ഷേപ പദ്ധതികള്‍, സ്വര്‍ണ പണയം തുടങ്ങിയ വിവിധതരത്തിലുള്ള സേവനങ്ങളാണു ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞ് കൃഷിയെ ഉപജീവന മാര്‍ഗമാക്കിയിട്ടുള്ള ഒരു സമൂഹമാണു കരുവന്നൂരിലുള്ളത്. ഗ്രാമത്തിന്റെ വിശുദ്ധിയും, നന്മയും നിറഞ്ഞ ഒരു വിഭാഗത്തിന്റെ കൂട്ടായ്മയാണ് ബാങ്കിന്റെ പിറവിക്കു കാരണമായത്. 1921-ലാണു കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആദ്യകാല രൂപമായ പരസ്പര സഹായസംഘത്തിനു തുടക്കം കുറിച്ചത്. 2000 രൂപയുടെ ഓഹരി മൂലധനവുമായിട്ടാണ് ഈ സഹായസംഘം രൂപീകരിച്ചത്. പിന്നീട് കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കു തുടക്കം കുറിക്കുകയും 1977-ല്‍ ഈ സഹായസംഘം ഒരു സഹകരണ പ്രസ്ഥാനമായി മാറുകയും ചെയ്തു. ഇന്ന് അഞ്ചു ശാഖകളും, ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടറും, ഹെഡ് ഓഫീസും അടങ്ങുന്ന ഒരു വികസിത പ്രസ്ഥാനമായി ബാങ്ക് മാറിക്കഴിഞ്ഞു. ബാങ്ക് എന്ന രീതിയില്‍ മാത്രമല്ല ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. നാടിന്റെ വികസനവും അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയുടെ ഉന്നമനവും ബാങ്കിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

പ്രവര്‍ത്തനം ആരംഭിച്ച് 100 വര്‍ഷം തികയ്ക്കാന്‍ പോകുന്ന കരുവന്നൂര്‍ ബാങ്ക് പ്രവര്‍ത്തനങ്ങളില്‍ വളരെയധികം മുന്നേറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള വായ്പാ പദ്ധതികള്‍, നിക്ഷേപ പദ്ധതികള്‍, പ്രതിമാസ നിക്ഷേപ പദ്ധതികള്‍, സ്വര്‍ണ പണയം തുടങ്ങിയ വിവിധതരത്തിലുള്ള സേവനങ്ങളാണു ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. നിക്ഷേപത്തിനേക്കാള്‍ അധികം തുക വായ്പയായി നല്‍കിയിരിക്കുന്നു എന്നുള്ളതും കരുവന്നൂര്‍ ബാങ്കിന്റെ സവിശേഷതകളില്‍ എടുത്തുപറയാന്‍ സാധിക്കുന്ന ഒന്നാണ്. നിലവില്‍ ലഭ്യമായ കണക്കനുസരിച്ച് 360 കോടി രൂപയുടെ നിക്ഷേപമാണു ബാങ്കിനുള്ളത് എന്നാല്‍ വായ്പ ഇനത്തില്‍ ബാങ്ക് നല്‍കിയിരിക്കുന്നത് 378 കോടി രൂപയാണ്. മാത്രമല്ല രണ്ട് ശതമാനത്തില്‍ താഴെയാണ് ഇവരുടെ ലോണ്‍ കുടിശിക എന്നതും ശ്രദ്ധേയമാണ്.

വെറും ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല കരുവന്നൂര്‍ ബാങ്ക്. പൊതുജനങ്ങള്‍ക്കായി വിവിധ തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നതിലും ബാങ്കിനു വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. മൂന്നു സൂപ്പര്‍ മാര്‍ക്കറ്റുകളാണു ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കരുവന്നൂര്‍, മാപ്രാണം, മൂര്‍ക്കനാട് എന്നീ പ്രദേശങ്ങളിലായിട്ടാണ് ഈ സൂപ്പര്‍ മാര്‍ക്കറ്റുകളുള്ളത്. ഇതു കൂടാതെ പുത്തന്‍തോട്, മാപ്രാണം, പൊറത്തിശ്ശേരി എന്നീ സ്ഥലങ്ങളിലായി മൂന്നു നീതി മെഡിക്കല്‍ സ്‌റ്റോറുകളും ബാങ്കിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു പുറമെ പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ചെടുക്കുന്ന ഒരുമ എന്ന യൂണിറ്റ്, അഗ്രോ സര്‍വീസ് സെന്റര്‍, റബ്‌കോയുടെ ഒരു ഡിവിഷന്‍ എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.

ജന നന്മയ്ക്കായി നിലകൊള്ളുന്ന ഈ സഹകരണ പ്രസ്ഥാനത്തില്‍നിന്നും അനേകം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അധികൃതര്‍ നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി സ്പര്‍ശ് എന്നൊരു പദ്ധതിക്കും ബാങ്ക് രൂപം നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കുള്ളിലുള്ള കിഡ്‌നി രോഗികള്‍ക്കും, കാന്‍സര്‍ ബാധിതര്‍ക്കുമായി പ്രതിമാസം 1000 രൂപയുടെ മരുന്നുകളാണു കരുവന്നൂര്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും സൗജന്യമായി നല്‍കി വരുന്നത്.

പുതുതലമുറയ്ക്കു കൃഷിയെ കുറിച്ചു കൂടുതല്‍ അവബോധം ഉണ്ടാക്കുന്നതിനും, കൃഷിയില്‍ വരുന്ന നൂതന വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ബോധവല്‍കരണ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു. കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള അനേകം പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് ചുക്കാന്‍ പിടിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പച്ചക്കറി, പഴവര്‍ഗങ്ങള്‍ മുതലായവയുടെ വിത്തുകളുടെയും, തൈകളുടെയും സൗജന്യ വിതരണവും, കാര്‍ഷികോത്സവങ്ങളും നടത്തി വരുന്നു. പണ്ടു കാലങ്ങളില്‍ കേരളത്തിന്റെ പ്രധാന കാര്‍ഷിക ഉല്‍സവങ്ങളില്‍ ഒന്നായിട്ടുള്ള തിരുവാതിര ഞാറ്റുവേലയെ അതിന്റെ പഴയകാല പ്രൗഢിയോടെ തിരികെ കൊണ്ടുവരുന്നതിലും പ്രസ്ഥാനം വിജയം കണ്ടെത്തിയിട്ടുണ്ട്. പതിനൊന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഞാറ്റുവേല ഉല്‍സവങ്ങളും പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. ഇതിനൊപ്പം കര്‍ഷകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡുകളും സമ്മാനിക്കാറുണ്ട്. നമ്മുടെ മണ്ണില്‍ വിളയില്ല എന്നു പറയുന്ന പല വിളകളുടെയും കൃഷി നടത്തി അവയെ വിജയത്തിലേക്ക് എത്തിച്ച ചരിത്രവും കരുവന്നൂര്‍ ബാങ്കിനുണ്ട്.

ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കുള്ളിലുള്ള കിഡ്‌നി രോഗികള്‍ക്കും, കാന്‍സര്‍ ബാധിതര്‍ക്കുമായി പ്രതിമാസം 1000 രൂപയുടെ മരുന്നുകളാണു കരുവന്നൂര്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്നും സൗജന്യമായി നല്‍കി വരുന്നത്.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വികസനത്തിനൊപ്പം സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് ടി ആര്‍ സുനില്‍കുമാര്‍. പതിനെട്ട് കൊല്ലത്തോളമായി അദ്ദേഹം പ്രസ്ഥാനത്തിന്റെ ഭാഗമായിട്ട്. നിലവില്‍ ബാങ്കിന്റെ സെക്രട്ടറിയായ സുനില്‍കുമാറിന് കരുവന്നൂര്‍ ബാങ്കിന്റെ വളര്‍ച്ചയിലും ഇന്നത്തെ നിലനില്‍പ്പിലുമുള്ള പങ്ക് വളരെ വലുതാണ്. സുനില്‍കുമാര്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലേക്കു കടന്നു വന്ന സമയത്ത് ഇന്നു കാണുന്ന പോലെയുള്ള സാമൂഹ്യസേവനങ്ങളില്‍ ബാങ്ക് ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് അദ്ദേഹം ഉള്‍പ്പെടുന്ന ഒരു കൂട്ടായ്മയുടെ നിരന്തര ശ്രമങ്ങളുടെ ഫലമായിട്ടാണ് ഇന്നു കാണുന്ന നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും കൈവരിക്കാന്‍ സാധിച്ചത്.

’18 കൊല്ലങ്ങള്‍ക്കു മുന്‍പ് ഏഴ് കോടി രൂപയുടെ നിക്ഷേപമായിരുന്നു ബാങ്കിന് ഉണ്ടായിരുന്നത്. അതില്‍ നിന്നും 360 കോടി രൂപയുടെ നിക്ഷേപമായി ഉയര്‍ത്താന്‍ സാധിച്ചതിലും, നഷ്ടത്തിലായിരുന്ന ഒരു സ്ഥാപനത്തെ ലാഭത്തിലേക്കെത്തിക്കാന്‍ സാധിച്ചതും, അഞ്ച് ബ്രാഞ്ചുകള്‍ പണിതുയര്‍ത്താന്‍ കഴിഞ്ഞതും അഭിമാനാര്‍ഹമായ നേട്ടമാണ്. ഇതു കൂടാതെ ഒരു ആധുനിക ബാങ്ക് നല്‍കുന്ന നെറ്റ് ബാങ്കിംഗ്, എടിഎം പോലുള്ള എല്ലാവിധ സൗകര്യങ്ങളും കൊണ്ടുവരാന്‍ സാധിച്ചതും താന്‍ അടക്കമുള്ള ഒരു സംഘത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നു പറയുന്നതില്‍ അഭിമാനിക്കുന്നു,’ ടി. ആര്‍ സുനില്‍ കുമാര്‍ പറഞ്ഞു.

കൃഷി ഉപജീവനമാക്കിയിട്ടുള്ള അനേകം ആളുകളാണു കരുവന്നൂരില്‍ ഉള്ളത്. അതിനാല്‍ തന്നെ അവരെ കൂടുതല്‍ സഹായിച്ചാല്‍ മാത്രമേ നിലനില്‍പ്പ് ഉണ്ടാകുകയുള്ളു എന്ന തിരിച്ചറിവാണ് ഇത്രയധികം കാര്‍ഷിക സൗഹാര്‍ദ പദ്ധതികള്‍ക്കു നേതൃത്വം നല്‍കാന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്. വരും കാലങ്ങളിലുള്ള ബാങ്കിന്റെ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള വിശദമായ രൂപരേഖ അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. ഇതില്‍ ബാങ്കിന്റെ മുഖച്ഛായ മാറ്റാന്‍ പോകുന്ന പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണമാണ് എടുത്തുപറയാന്‍ സാധിക്കുന്നത്. മാപ്രാണത്താണു പുതിയ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണം പുരോഗമിച്ച് വരുന്നത്. 2018 മാര്‍ച്ച് മാസത്തോട് കൂടി പണികള്‍ പൂര്‍ത്തികരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

15 കോടിരൂപ മുതല്‍ മുടക്കില്‍ ഏഴ് നിലകളിലായി പണി കഴിപ്പിക്കുന്ന ഈ കെട്ടിടത്തില്‍ ബാങ്കിന്റെ തന്നെ നേതൃത്വത്തിലുള്ള 20,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റ്, ബാങ്കിന്റെ ഒരു ബ്രാഞ്ച്, ഹെഡ് ഓഫീസ്, രണ്ട് ഹാളുകള്‍ എന്നിവയടങ്ങിയതായിരിക്കും. ഇതു കൂടാതെ ബാങ്കിന്റെ മുന്‍ പ്രസിഡന്റായിരുന്ന ടി പി സുബ്ബരാമന്റെ പേരിലുള്ള ഡിജിറ്റല്‍ വായനശാലയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയും അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം വിദ്യാഭ്യാസരംഗത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന നാട്ടിലുള്ള 200 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഒരു തുടര്‍ വിദ്യാഭ്യാസ കേന്ദ്രവും ബാങ്ക് തങ്ങളുടെ ഈ ആസ്ഥാനമന്ദിരത്തില്‍ ഒരുക്കുന്നതായി അധികൃതര്‍ പറഞ്ഞു.

വരും നാളുകളില്‍ ആതുരസേവനരംഗത്തും വളരെയേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനായി ബാങ്ക് ശ്രദ്ധിക്കുന്നുണ്ട്. ഈ മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി ഒരു പാലിയേറ്റീവ് കെയര്‍ സെന്ററും, ഡയാലിസിസ് യൂണിറ്റും ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ഇതിനുവേണ്ടി പുതുതായി പണിപൂര്‍ത്തിയായി വരുന്ന ബാങ്കിന്റെ ആസ്ഥാനമന്ദിരത്തിനോടു ചേര്‍ന്നുതന്നെ ബാങ്ക് ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ വിധത്തിലുള്ള ആധുനിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ ചികിത്സാകേന്ദ്രങ്ങളും വളരെ വൈകാതെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നു സുനില്‍കുമാര്‍ വ്യക്തമാക്കി.

സേവനങ്ങള്‍ക്കൊപ്പം ബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അധികൃതര്‍ ശ്രദ്ധ നല്‍കുന്നുണ്ട്. എന്നാല്‍ നാടിനെ മറന്നുള്ള യാതൊരു തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ല എന്നും ഇവര്‍ ഉറപ്പിച്ചു പറയുന്നു. ബാങ്കിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 1000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുക എന്ന ലക്ഷ്യവും അധികൃതരുടെ മനസിലുണ്ട്.

ടി ആര്‍ സുനില്‍കുമാര്‍ സെക്രട്ടറി കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

 

18 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഏഴ് കോടിരൂപയുടെ നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ നിന്നും 360 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്കായി ഉയര്‍ത്തി, നഷ്ടത്തിലായിരുന്ന ഒരു സ്ഥാപനത്തെ ലാഭത്തിലെത്തിക്കാന്‍ സാധിച്ചതും, അഞ്ച് ബ്രാഞ്ചുകള്‍ സ്വന്തം സ്ഥലത്തു പണിതുയര്‍ത്താന്‍ കഴിഞ്ഞതും അഭിമാനാര്‍ഹമായ നേട്ടമാണ്.

 

 

 

Comments

comments

Categories: FK Special