നികുതിദായകര്‍ക്ക് മൊബീല്‍ ആപ്ലിക്കേഷനുമായി നികുതി വകുപ്പ്

നികുതിദായകര്‍ക്ക് മൊബീല്‍ ആപ്ലിക്കേഷനുമായി നികുതി വകുപ്പ്

മൈ ടാക്‌സ് ആപ്ലിക്കേഷനിലൂടെ ആദായ നികുതി വകുപ്പില്‍ നിന്നുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനും ആപ്പ് വഴി പരാതികള്‍ ഫയല്‍ ചെയ്യാനും നികുതിദായകര്‍ക്ക് കഴിയും

ന്യൂഡെല്‍ഹി: നികുതിദായകര്‍ക്ക് സഹായപ്രദമാകുന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ഉടന്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ആദായനികുതി വകുപ്പ്. ആദായ നികുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഉപയോക്താവിന് വ്യക്തത നല്‍കുന്ന ഒരു പോര്‍ട്ടലായി ഇത് മാറ്റാനാണ് ആദായ നികുതി വകുപ്പ് ശ്രമിക്കുന്നത്. മൈ ടാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ വഴി പേമെന്റുകള്‍, നികുതി ഇളവ്, ആദായ നികുതി വകുപ്പുമായുള്ള ആശയവിനിമയം തുടങ്ങിയവയെല്ലാം സാധ്യമാകും.

ആപ്ലിക്കേഷന്റെ സജ്ജീകരണങ്ങള്‍ നടന്നു വരികയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വ്യക്തിയുടെ പ്രൊഫൈലിനെ പാന്‍ നമ്പറാണ് പ്രതിനിധീകരിക്കുക. മൂന്നാം കക്ഷികള്‍ക്കുള്ള ഇളവുകള്‍ ഉള്‍പ്പടെ നികുതി സംബന്ധമായ എല്ലാ വിവരങ്ങളുടെ കൂട്ടിച്ചേര്‍ക്കലും ആപ്ലിക്കേഷനിലുണ്ടാകും. ആദായ നികുതി വകുപ്പില്‍ നിന്നുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനും ആപ്പ് വഴി പരാതികള്‍ ഫയല്‍ ചെയ്യാനും നികുതിദായകര്‍ക്ക് കഴിയും. നികുതിദായകരുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കുന്നതിനും നികുതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) മൊബീല്‍ ആപ്പ് വികസിപ്പിക്കുന്നത്.

ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ ആയ്കാര്‍ സേതു അടുത്തിടെ ആദായ നികുതി വകുപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഡെസ്‌ക്‌ടോപ്പ്, മൊബീല്‍ വേര്‍ഷനുകളില്‍ എത്തുന്ന ഈ സംവിധാനത്തില്‍ പാന്‍, ടാന്‍ സേവനങ്ങളും ലഭ്യമായിരുന്നു. എന്നാല്‍ മൈ ടാക്‌സ് ആപ്ലിക്കേഷന്‍ കൂടുതല്‍ വ്യക്തിഗതമായ രീതിയിലാണ് തയാറാക്കുന്നത്. നികുതി ഫയലിംഗിനുള്ള സൗകര്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ലഭ്യമാകുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

നികുതി അടിത്തറ വിപുലീകരിക്കുന്നതിനും നികുതിദായകരുടെ ഭയം ലഘൂകരിക്കാനും ലളിതമായ ഈ മാര്‍ഗത്തിലൂടെ സാധിക്കുമെന്നാണ് ആദായ നികുതി വകുപ്പ് കരുതുന്നത്. അതിനാലാണ് നികുതിദായകരെ ഉപഭോക്താവായി കണക്കാക്കണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരമൊരു സംരംഭത്തിന് വകുപ്പ് മുന്‍കൈ എടുക്കുന്നത്. നികുതിദായകര്‍ വകുപ്പിനെ ഭയപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന വ്യക്തമായ സന്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നികുതി അതോറിറ്റികള്‍ക്ക് നല്‍കിയിരുന്നു.

Comments

comments

Categories: More