സെക്രട്ടേറിയറ്റിനെ എങ്ങനെ  അറിവു സ്ഥാപനമാക്കാം?

സെക്രട്ടേറിയറ്റിനെ എങ്ങനെ  അറിവു സ്ഥാപനമാക്കാം?

മൂന്ന് കോടിയിലേറെയുള്ള മലയാളികള്‍ക്കുവേണ്ടി ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന എക്‌സിക്യൂട്ടിവിന്റെ അവകാശാധികാരങ്ങള്‍ പ്രയോഗിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരെയും മന്ത്രിസഭയെയും സഹായിക്കുകയാണ് ഓരോ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെയും ദൗത്യം. ഭരണഘടനയുടെ 395 അനുച്ഛേദനങ്ങളിലും അവയുടെ ഇതുവരെയുള്ള നൂറിലേറെ ഭേദഗതികളിലും റൂള്‍സ് ഒഫ് ബിസിനസിലും സെക്രട്ടേറിയറ്റ് മാനുവലിലും ഇന്‍സ്ട്രക്ഷന്‍സിലും ഫിനാന്‍സ്, ട്രഷറി, ബജറ്റ് എക്കൗണ്ട് കോഡുകളിലും കേരള പബ്ലിക് സര്‍വീസ് ആക്റ്റിലും സ്റ്റേറ്റ് സബോര്‍ഡിനറ്റ് ചട്ടങ്ങളിലും കേരള സര്‍വീസ് റൂള്‍സിലും (കെഎസ്ആര്‍) ക്രിമിനല്‍- വിജിലന്‍സ് -സിവില്‍ നടപടിക്രമങ്ങളിലുമൊക്കെ നല്ല പരിചയം കൂടാതെയും ആഴത്തിലുള്ള വായനയും ഗ്രഹിക്കലും ക്ലിപ്തമായ ആശയപ്രകാശനവും വ്യക്തതയും ഇല്ലാതെയും സെക്രട്ടേറിയറ്റില്‍ ഒരു അസിസ്റ്റന്റായിപ്പോലും ഫലപ്രദമായി പ്രവര്‍ത്തിക്കുക അസാധ്യമാണ്.

അസിസ്റ്റന്റായി വന്ന് ഗവണ്‍മെന്റ് സെക്രട്ടറിമാരെയും മുഖ്യമന്ത്രിമാരേയും അതിശയിപ്പിച്ചിരുന്ന പ്രതിഭകള്‍ സെക്രട്ടേറിയറ്റിലുണ്ടായിട്ടുണ്ട്. കൈകാര്യം ചെയ്യുന്നത് ഏതു വിഷയമായാലും നിയമത്തിന്റെ പരിധി ഭേദിക്കാതെ സര്‍ക്കാരില്‍ കടന്നുവരുന്ന മുന്‍ ഭരണപരിചയം ഇല്ലാത്ത മന്ത്രിമാരെ അപകടത്തിലാകാതെ സഹായിച്ചിരുന്ന കാര്യപ്രാപ്തി അവരില്‍ പലരുടെയും സ്വതസിദ്ധമായ കൈമുതലായിരുന്നു

ബിരുദധാരികള്‍ കേരളത്തില്‍ അപൂര്‍വമായിരുന്നപ്പോള്‍ തന്നെ ബിരുദം സെക്രട്ടേറിയറ്റ് സര്‍വീസിന്റെ അടിസ്ഥാനയോഗ്യതയാക്കുന്നതും ഇത്രയും ബാഹുല്യമുള്ള അറിവു മണ്ഡലം ഒരു വ്യക്തിയില്‍ വികസിക്കാന്‍ മികച്ച സര്‍വകലാശാലാ വിദ്യാഭ്യാസം അത്യാവശ്യമാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ്.അസിസ്റ്റന്റായി വന്ന് ഗവണ്‍മെന്റ് സെക്രട്ടറിമാരെയും മുഖ്യമന്ത്രിമാരേയും അതിശയിപ്പിച്ചിരുന്ന പ്രതിഭകള്‍ സെക്രട്ടേറിയറ്റിലുണ്ടായിട്ടുണ്ട്. കൈകാര്യം ചെയ്യുന്നത് ഏതു വിഷയമായാലും നിയമത്തിന്റെ പരിധി ഭേദിക്കാതെ സര്‍ക്കാരില്‍ കടന്നുവരുന്ന മുന്‍ ഭരണപരിചയം ഇല്ലാത്ത മന്ത്രിമാരെ അപകടത്തിലാകാതെ സഹായിച്ചിരുന്ന കാര്യപ്രാപ്തി അവരില്‍ പലരുടെയും സ്വതസിദ്ധമായ കൈമുതലായിരുന്നു.  ഇന്നു സര്‍ക്കാരിന്റെ നിയമപരമായ പശ്ചാത്തലം അറിഞ്ഞ് പരിമിതികള്‍ ബോധ്യപ്പെട്ട് നോട്ടിംഗും ഡ്രാഫ്റ്റിംഗും ഫലപ്രദമായി നടത്താന്‍ കെല്‍പ്പുള്ളവര്‍ പരിമിതമാണ്. നിയമത്തിന്റെയും ചട്ടത്തിന്റെയും വെറും ലിഖിതം (Bare text) മനസിലാക്കിയതുകൊണ്ടായില്ല. കൈകാര്യം ചെയ്യുന്ന നിയമ പ്രശ്‌നത്തില്‍ സംസ്ഥാനത്തെ ഹൈക്കോടതിയും അതിലേറെ സുപ്രീം കോടതിയും എടുത്തിരിക്കുന്ന മുന്‍ നിലപാടുകള്‍, ഏറ്റവും പുതിയ വിധികളുടെ അന്തസത്ത എന്നിവയും അസിസ്റ്റന്റ് മുതലുള്ളവര്‍ ഗ്രഹിക്കേണ്ടതുണ്ട്. കുറെയേറെ നിലവാരത്തകര്‍ച്ച വന്നിരിക്കുന്നത് പൊതുസര്‍വകലാശാലാ മാനവിക വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ വന്നതായ വലിയ ഇടിവു കൊണ്ടു തന്നെ.

ബിരുദധാരികള്‍ക്ക് എല്ലാവര്‍ക്കും തന്നെ ഇന്ന് വലിയ പിശകുകൂടാതെ ഒറ്റ വാചകം ചമയ്ക്കാനറിഞ്ഞു കൂടാ. രണ്ടാം ക്ലാസ് മലയാളം  പാഠപുസ്തകം 5ാം ക്ലാസില്‍ 63% കുട്ടികള്‍ മാത്രമേ മനസിലാക്കലോടെ വായിക്കുന്നുള്ളൂ എന്ന ദേശീയ എഎസ്ഇആര്‍ സര്‍വെ ഫലം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. കണക്ക് (കിഴിക്കലും ഹരിക്കലും) 2ാം തരത്തില്‍ വേണ്ട നിലവാരം എട്ടാം തരത്തില്‍പ്പോലും 35% പേര്‍ക്കേയുള്ളൂ. ഹരിക്കാനറിയാത്തവനെ പത്താം തരം മുതല്‍ ഡിഫറന്‍ഷ്യല്‍ കാല്‍ക്കുലസ് പഠിപ്പിക്കുന്നതിലെ വൈരുദ്ധ്യം ഒന്നാലോചിക്കുക. കതിരിന്മേല്‍ വളം വെച്ച് നൂറില്‍ 17 മാര്‍ക്ക് കിട്ടിയവനെപ്പോലും 35 നല്‍കി പാസാക്കുന്നു. എന്‍ട്രന്‍സില്‍ ഡിജിറ്റ് മാര്‍ക്ക് നേടുന്നവരും പ്രൊഫഷണല്‍ കലാലയത്തില്‍ എത്തിപ്പെടാറുണ്ട്. അവരില്‍ പലരും സെക്രട്ടേറിയറ്റിലടക്കം ഒടുക്കം ഉദ്യോഗസ്ഥരുമാകുന്നു.എന്‍ട്രന്‍സിന് തെറ്റില്ലാത്ത റാങ്കോടെ ജയിച്ചുവന്ന 300 കുട്ടികളെ വി സിയായിരുന്ന യൂണിവേഴ്‌സിറ്റിയില്‍ വേണ്ട അടിസ്ഥാന സിദ്ധികളില്‍ ത്രിദിന ഓറിയന്റേഷന്‍ നടത്താറുണ്ടായിരുന്നു. അവരുടെ അടിസ്ഥാന സിദ്ധികള്‍ സര്‍വെ ചെയ്താല്‍ നമ്മള്‍ ഖിന്നരാകും. വാചകം തെറ്റു കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലും ചമയ്ക്കാന്‍ പകുതിപേര്‍ക്കും അറിയില്ല. ചേര്‍ത്തെഴുത്ത് (Cursive Writing) അഭ്യസിച്ചിട്ടില്ലാത്ത കുട്ടികളെപ്പോലും പ്രൊഫഷണല്‍ കോഴ്‌സില്‍ കണ്ടിട്ടുണ്ട്.  കണക്കിന്റെ കാര്യം ചോദിക്കുകയേ വേണ്ട. നാല് നാലക്ക സംഖ്യയുടെ ശരാശരി എടുക്കാന്‍ പറഞ്ഞാല്‍ 30% പേരെ ശരിയായി ചെയ്യൂ. വായന പരമ ദയനീയം. 300 ല്‍ പരം പേരില്‍ ഒരു നോവല്‍ അഥവാ ഫിക്ഷന്‍ വായിച്ചിട്ടുള്ളവര്‍ മൂന്നുനാലു പേര്‍ മാത്രമാണ് എന്നു കൂടി ബോധ്യമാവുമ്പോഴാണ് സാധാരണ ബിരുദ കോഴ്‌സിലെ ഒരു പൊതു അക്കാദമിക് അവസ്ഥ എന്തായിരിക്കുമെന്ന് നമ്മള്‍ ഓര്‍ക്കുന്നത്. എന്‍ജിനീയറിംഗ് കോളെജുകളില്‍ സംരംഭകത്വ മിഷനു ശേഷം അല്‍പ്പം ഉല്‍പ്പന്നമതിത്വം ഇപ്പോള്‍ വന്നിട്ടുണ്ട്. ഇതര സ്ഥാപനങ്ങളില്‍ എങ്ങനേയും പഠനാനന്തരം ഒരല്‍പ്പം ജീവിത സുരക്ഷിതത്വം വേണമെന്ന ചിന്തയേ ഉളളൂ. അല്ലെങ്കില്‍ വിവാഹ ജീവിതം ആരംഭിക്കുന്നതു വരെ ഒരു ഇടത്താവളം.

ഈ പശ്ചാത്തലമാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന്റെയടക്കമുള്ള ഇന്നത്തെ ദുരവസ്ഥ സൃഷ്ടിച്ചെടുക്കുന്നത്. ഇതിപ്പോള്‍ പറയാനുള്ള കാരണം സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന മെഡിക്കല്‍ അനുബന്ധ സീറ്റുകളിലെ നടപ്പുവര്‍ഷത്തെ അഡ്മിഷന്‍ കാണുമ്പോഴാണ്. ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളടക്കം മുപ്പതോളം സ്വാശ്രയ കോളെജുകളിലെ ഫീസ് നിര്‍ണ്ണയിക്കാനുള്ള അധികാരം സുപ്രീം കോടതി വിധിപ്രകാരം ഒരു സ്റ്റാറ്റിയൂട്ടറി കമ്മീഷനില്‍ നിക്ഷിപ്തമായിരിക്കുന്നു. നടപ്പിലാക്കാതെയിരുന്ന ഓര്‍ഡിനന്‍സിന്റെ വ്യവസ്ഥകളനുസരിച്ച് ഫീ റെഗുലേറ്ററി കമ്മറ്റി സംഘടിപ്പിച്ച് ഗസറ്റില്‍ വിജ്ഞാപനം ചെയ്യേണ്ടിയിരുന്നു. അതും ചെയ്തിരുന്നില്ല. എല്ലാം രണ്ടാമതും ചെയ്യേണ്ടിവന്നു. ഓര്‍ഡിനന്‍സ് നടപ്പില്‍ വരുത്താതിരുന്നതിനാല്‍ തന്നെ അതിന് ചട്ടങ്ങള്‍ നിര്‍മ്മിക്കുകയോ ആയവ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയോയുണ്ടായില്ല. സുപ്രീം കോടതിയില്‍ അംഗീകാരം നേടിയ ബില്ലിന്റെ മാതൃകയിലാണ് സ്വാശ്രയ സീറ്റുകളില്‍ ഫീസ് നിര്‍ണ്ണയിക്കാന്‍ മധ്യപ്രദേശ് തിരക്കിട്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിച്ചത്. നിയമപ്രകാരം സംസ്ഥാനത്തു നിലവില്‍ വന്നിട്ടില്ലാത്ത ഫീസ് നിര്‍ണ്ണയ കമ്മിറ്റി, നിയമപ്രകാരമുള്ള അധികാരങ്ങള്‍ പ്രയോഗിച്ച് ഫീസ് അഞ്ചരലക്ഷം രൂപയെന്നു നിശ്ചയിച്ചു.

2006 ലെ നിയമം ഭാഗികമായി സുപ്രീം കോടതി സ്റ്റേ ചെയ്തപ്പോഴും നീറ്റ് പരീക്ഷയുടെ വിധി  പുറപ്പെടുവിച്ച ശേഷം സംസ്ഥാനത്തിന് രണ്ടേ രണ്ടു കടമകളാണ് അവശേഷിച്ചത്. ഒന്ന്- ‘നീറ്റ്’ മെരിറ്റനുസരിച്ച് സംസ്ഥാന ക്വാട്ട (85%)യില്‍ സംവരണം പാലിച്ച് ഏകീകൃത കൗണ്‍സലിംഗോടെ അഡ്മിഷന്‍ നടത്തുക. രണ്ട്- സംസ്ഥാന അഡ്മിഷന്‍/ഫീ റഗുലേറ്ററി കമ്മിറ്റി രൂപീകരിച്ച് ഇവയുടെ പൊതു ഫീസ് നിശ്ചയിക്കുക. അഡ്മിഷനിലെ അപാകത; പരാതി എന്നിവ കമ്മിറ്റിയിലൂടെ പരിഹരിക്കുക. ഇതൊരു പുതിയ കാര്യമല്ല. 2006ലെ നിയമത്തിന്റെ വകുപ്പുകള്‍ ഉപയോഗിച്ച് 2016 വരെ വിജയകരമായി സംസ്ഥാനത്തു പരീക്ഷിച്ചതാണ്.

2016 ല്‍ അതിസാമര്‍ത്ഥ്യം കാട്ടിയ രണ്ട് സ്വാശ്രയ കോളെജുകളിലെ അഡ്മിഷന്‍ ജസ്റ്റിസ് ജയിംസ് അധ്യക്ഷനായ സമിതി ഫലപ്രദമായി റദ്ദു ചെയ്തതാണ്. മാനേജുമെന്റുകള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സുപ്രീംകോടതി അന്തിമമായി റദ്ദാക്കുകയും ചെയ്തു. കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് ജസ്റ്റിസ് ജയിംസ് ഭംഗിയായി നേതൃത്വം നല്‍കുകയും അഴിമതിക്ക് ഒട്ടും ഇടം നല്‍കാതെ പരിരക്ഷിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ 2016 വരെ നടന്ന പ്രക്രിയയെ ശക്തിപ്പെടുത്തേണ്ട വര്‍ഷം സംഭവിച്ച കാര്യം ഒഴിവാക്കേണ്ടതായിരുന്നു. നടപ്പിലാവാതെയും പുതുക്കിയ കമ്മിറ്റി വിജ്ഞാപനം ചെയ്യാതെയും ഒരു സര്‍ക്കാര്‍ ഉത്തരവ് വഴി 2006 നിയമത്തിലെ നിര്‍വീര്യമായ കമ്മറ്റി തന്നെ ഫീസ് നിശ്ചയിക്കുന്നു. സ്വാശ്രയ കോളെജുകളിലെ അമിതമായ ഫീസ് മെഡിക്കല്‍ അനുബന്ധ കോളെജുകളിലെ പഠനാവസരം വല്ലാതെ ചുരുക്കും. ട്യൂഷന്‍ ഫീസ് മാത്രമായി 50 ലക്ഷം രൂപയുള്ള സ്വാശ്രയ കോളെജുകളില്‍ സ്വന്തം സ്വത്തില്ലെങ്കില്‍ ഐ എ എസുകാര്‍ക്കുപോലും കുട്ടികളെ ചേര്‍ക്കാനാവില്ല.  കമ്മിറ്റി ഇപ്പോള്‍ പുതുക്കി നിശ്ചയിച്ച 5 ലക്ഷം രൂപയെന്ന വാര്‍ഷിക ഫീസ് തന്നെ താങ്ങാനാവാത്തതാണെന്ന് വിദ്യാര്‍ത്ഥി സംഘടനകളടക്കം പറയുന്നു.

സെക്രട്ടേറിയറ്റിലെ ലൈബ്രറി സംവിധാനമൊക്കെ ഇന്നും ഏറെ മികച്ചതാണ്. എന്നാല്‍ ജീവനക്കാരുടെ പ്രത്യേകിച്ച് ചെറുപ്പക്കാരായ ജീവനക്കാരുടെ വായനാതാല്‍പര്യം കമ്മി. വിശകലനാത്മകതയും കുറവ്. ഒരു വര്‍ഷം തന്റെ മേഖലയിലെ രണ്ടു സുപ്രധാന പുസ്തകം വായിച്ച് വിശകലനകുറിപ്പുകള്‍ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കണം. സ്വന്തമായി വിശദമായ കരടുകള്‍ എഴുതിയ മൂന്നു ഫയല്‍ കുറിപ്പുകളുടെ പകര്‍പ്പുകളും പ്രകടനം വിലയിരുത്തുന്ന വേളയില്‍ അസിസ്റ്റന്റുമാര്‍ സമര്‍പ്പിക്കണം  

നിര്‍ണ്ണയിക്കലിലെ ന്യൂനത മുന്‍നിറുത്തി 10 ലക്ഷത്തിലധിമായി അന്തിമമായി ഇത് നിശ്ചയിക്കപ്പെട്ടാല്‍ എന്താണവസ്ഥ? കേരളത്തിലെ ‘അമൃത’ സര്‍വകലാശാലയ്ക്ക് കേന്ദ്ര മെഡിക്കല്‍ കൗണ്‍സില്‍ 15 ലക്ഷം സ്വാശ്രയ സീറ്റില്‍ ഫീസ് നിശ്ചയിച്ചതും സര്‍ക്കാര്‍ കോളെജുകളിലെ ശരാശരി ചെലവ് തന്നെ 9 ലക്ഷമാണെന്നതും ചേര്‍ത്തു വായിക്കണം. ഇവിടെ പ്രസക്തമായ ഒരു പ്രശ്‌നം സെക്രട്ടേറിയറ്റിലെ മര്‍മ്മ പ്രധാനമായ ഓര്‍ഡിനന്‍സ് പോലുള്ള ഫയലുകള്‍ ഇന്ന് കൈകാര്യം ചെയ്യുന്ന രീതിയാണ്. ഇതെഴുതുന്ന ദിവസം (17-7-2017) എല്ലാ ഇതര സംസ്ഥാനങ്ങളും ഒന്നാം ഘട്ട മെഡിക്കല്‍ കൗണ്‍സലിംഗ് പൂര്‍ത്തീകരിക്കുന്ന വേളയിലാണ് കേരളം കളി ഒന്നാം കളത്തില്‍ ആരംഭിച്ചിരിക്കുന്നത്. കേവലം ഉദ്ദേശശുദ്ധി കൊണ്ട് ഒരു രാഷ്ട്രീയ മുദ്രാവാക്യവും വിജയിക്കുകയില്ല. ‘നടപടിക്കുള്ള തീരുമാനമാണ് ജീവിതത്തില്‍ ഏറ്റവും പ്രയാസം; ബാക്കിയെല്ലാം വെറും കഠിനാധ്വാനമാണ്’ എന്ന അമേലിയ ഇയര്‍ ഹാര്‍ട്ടിന്റെ പ്രസ്താവന ഇവിടെ ഓര്‍ക്കാം. സെക്രട്ടേറിയറ്റിലെ ഒരിക്കലുണ്ടായിരുന്ന വലിയ വൈദഗ്ധ്യത്തിന്റെ  സ്ഥാനത്ത് ഒരു തരം നിസംഗത കടന്നുവന്നിരിക്കുന്നത് കടുത്ത ട്രേഡ് യൂണിയന്‍വല്‍ക്കരണവും അതിന്റെ കൂടി പാര്‍ശ്വഫലമായ അടിക്കടിയുള്ള ട്രാന്‍സ്ഫറുകളും മൂലമാണ്. യൂണിയന്‍ താല്‍പര്യം മാത്രം മുന്‍നിറുത്തി നിയമനങ്ങള്‍ നടത്തിയാല്‍ വൈദഗ്ധ്യം ഒട്ടും വളരില്ല. കാര്യങ്ങള്‍ പഠിക്കാനുള്ള താല്‍പര്യവും കുറയും. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ സെക്രട്ടേറിയറ്റ് ഒരു അറിവു സ്ഥാപനമായി വീണ്ടും മാറ്റിക്കൊണ്ടേ ഇന്നത്തെ ദുരവസ്ഥ പരിഹരിക്കാനാവുകയുള്ളൂ.

സെക്രട്ടേറിയറ്റിലെ ലൈബ്രറി സംവിധാനമൊക്കെ ഇന്നും ഏറെ മികച്ചതാണ്. എന്നാല്‍ ജീവനക്കാരുടെ പ്രത്യേകിച്ച് ചെറുപ്പക്കാരായ ജീവനക്കാരുടെ വായനാതാല്‍പര്യം കമ്മി. വിശകലനാത്മകതയും കുറവ്. ഒരു വര്‍ഷം തന്റെ മേഖലയിലെ രണ്ടു സുപ്രധാന പുസ്തകം വായിച്ച് വിശകലനകുറിപ്പുകള്‍ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കണം. സ്വന്തമായി വിശദമായ കരടുകള്‍ എഴുതിയ മൂന്നു ഫയല്‍ കുറിപ്പുകളുടെ പകര്‍പ്പുകളും പ്രകടനം വിലയിരുത്തുന്ന വേളയില്‍ അസിസ്റ്റന്റുമാര്‍ സമര്‍പ്പിക്കണം. മജിസ്‌ട്രേറ്റുമാരുടെയും ജില്ലാ ജഡ്ജിമാരുടെയും വിധിന്യായങ്ങളാണല്ലോ അവരുടെ പ്രകടനം വിലയിരുത്താന്‍ ഹൈക്കോടതി പ്രാഥമികമായി ഉപയോഗിക്കുന്നത്. ഒരു അറിവു സ്ഥാപനമായി വളര്‍ത്താതെയിരുന്നാല്‍ ഇപ്പോള്‍ സംഭവിച്ചതിലും വലിയ ദുരന്തങ്ങള്‍ നമ്മെ കാത്തിരിക്കുന്നു. ഇത് നമ്മുടെ കണ്ണുതുറപ്പിക്കുകയും സെക്രട്ടേറിയറ്റില്‍ ഗുണപരമായ ഒരു മാറ്റം ഏറ്റവും കാര്യക്ഷമമായി സംഭവിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഭരണ വിദഗ്ധന്മാര്‍ പറയുന്ന ‘എക്‌സിക്യൂട്ടിവ് പരാലിസിസ്’ കേരളത്തെയും ഗ്രസിക്കുമെന്നാണ് ഭയപ്പെടേണ്ടത്.
(അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: Slider