അരനൂറ്റാണ്ട് പിന്നിടുന്ന ദൃശ്യമികവ്

അരനൂറ്റാണ്ട് പിന്നിടുന്ന ദൃശ്യമികവ്

പാലക്കാട് തന്നെ ഏറ്റവും പഴക്കം ചെന്നതും ഇന്നും ഏറ്റവും സജീവവുമായി നിലകൊള്ളുന്ന സ്റ്റുഡിയോയാണ് അശ്വതി. നൂറുകണക്കിനു സ്റ്റുഡിയോ മണ്ണാര്‍ക്കാട് താലൂക്കില്‍ ഇന്ന് ഉണ്ടെങ്കിലും ആളുകള്‍ പെട്ടെന്ന് ഒരു ഫോട്ടോയുടെ ആവശ്യത്തിനായി ഓടി എത്തുക. അശ്വതിയിലേക്കാണ്. സ്റ്റുഡിയോ വര്‍ക്കുകള്‍ക്ക് പുറമെ ഔട്ട്‌ഡോര്‍ വര്‍ക്കുകളാണ് കൂടുതലും.

പേരെടുത്ത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വലിയ ഫീസുകള്‍ മുടക്കി ഫോട്ടോഗ്രാഫി പഠിച്ചിട്ടുള്ള വ്യക്തിയല്ല നാരാണേട്ടന്‍. പക്ഷേ ചുറ്റുമുള്ള കാഴ്ചകളെ ഭംഗിയായി ചിത്രീകരിക്കാനുള്ള വിദ്യ നാരാണേട്ടന് അറിയാം. ഈ കാഴ്ചകളെ കറുപ്പിലും വെളുപ്പിലും വര്‍ണത്തിലുമൊക്കെ ഒപ്പിയെടുത്ത് അരനൂറ്റാണ്ടായി ജീവിതത്തിന്റെ ക്യാന്‍വാസ് മനോഹരമാക്കുകയാണു നാരാണേട്ടന്‍.
മണ്ണാര്‍ക്കാട് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന അശ്വതി സ്റ്റുഡിയോയുടെയും അതിന്റെ നായകന്‍ നാരാണേട്ടന്റെയും ചരിത്രം പാലക്കാടിന്റെ ഫോട്ടോഗ്രാഫി രംഗത്തെ ചരിത്രം കൂടിയാണ്. പാലക്കാട് ജില്ലയില്‍ തന്നെ ഇത്രയേറെ പഴക്കം ചെന്ന മറ്റൊരു സ്റ്റുഡിയോ ഇല്ലെന്നു പറയാം. സാങ്കേതികവിദ്യ പുരോഗമിച്ചിട്ടും 1966-കളില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ സ്റ്റുഡിയോ ഇന്നും സജീവമായി തുടരുന്നതിനുള്ള പ്രധാന കാരണം നാരാണേട്ടന്റെ ഈ മേഖലയിലെ കഴിവും പ്രാവണ്യവുമാണെന്നു മണ്ണാര്‍ക്കാട് സ്വദേശികള്‍ സാക്ഷ്യപ്പെടുത്തുന്നു. പണ്ട് എപ്പോഴോ വായിച്ച ഏതോ ഒരു പുസ്തകത്തിലെ ‘ബ്രിങ് യുവര്‍ ബ്രൈറ്റ് ഐഡിയാസ് ഇന്‍ ഔര്‍ ഡാര്‍ക്ക് റൂം’ എന്ന വാക്കുകളാണു വി നാരായണന്‍ എന്ന വ്യക്തിയെ ഫോട്ടോഗ്രാഫി മേഖലയില്‍ എത്തിച്ചത്. ആ വാക്കുകള്‍ പരസ്യവാചകമായി ഉപയോഗിച്ചതോടെ സ്റ്റുഡിയോ ക്ലിക്കായി എന്നതാണു വാസ്തവം.

വി . നാരായണന്‍

മാറ്റങ്ങള്‍ നിരവധി ഉണ്ടായ ഒരു മേഖല ആയിട്ടു കൂടി ഏതു പ്രതിസന്ധിയെയും മാറ്റത്തെയും അതിന്റേതായ രീതിയില്‍ കാണാനും അതിന്റെ വഴിക്കു സ്റ്റുഡിയോയെ കൊണ്ടു പോകാനും നാരാണേട്ടനു സാധിച്ചിട്ടുണ്ട്. ഇന്നു ന്യൂജെന്‍ സ്റ്റുഡിയോയില്‍ ഉള്ള എല്ലാ സജീകരണങ്ങളും ഇവിടെ ലഭ്യമാണ്. അറുപതുകളില്‍ തുടങ്ങിയ സ്റ്റുഡിയോയിലേക്കു ഇന്നും ദിനംപ്രതിയെത്തുന്നവര്‍ നിരവധിയാണ്. മറ്റുള്ള സ്റ്റുഡിയോക്കാള്‍ ഏറെ ആളുകളാണ് ഇവിടെ ഫോട്ടോ എടുക്കാനായി എത്തുന്നത്. അശ്വതി സ്റ്റുഡിയോയുടെ പ്രതാപകാലത്ത് നിരവധി ശാഖകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നിലവില്‍ മൂന്ന് ബ്രാഞ്ചുകളാണ് അശ്വതിക്കുളളത്. വിദേശങ്ങളില്‍ വരെ അശ്വതിക്ക് ബ്രാഞ്ചുകളുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ മേല്‍ നോട്ടം ശിഷ്യന്‍മാര്‍ക്ക് ഏല്‍പ്പിച്ചു നല്‍കിയിരിക്കുകയാണ്. അശ്വതിയില്‍ നിന്നും ഫോട്ടോഗ്രാഫി പരിശീലിച്ചിറങ്ങിയ 46-ാളം പേര്‍ ഇന്നു മികച്ച ഫോട്ടോഗ്രാഫര്‍മാറായി രംഗത്തുണ്ട്. ഇപ്പോള്‍ അശ്വതിയിലേക്കു ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പഠിക്കാന്‍ ഒത്തിരി ആളുകള്‍ എത്തുന്നുമുണ്ട്. സിലബസ് പ്രകാരമുള്ള പഠനത്തേക്കാള്‍ എന്തു കൊണ്ടും നല്ലത് പ്രായോഗിക പരിശീലനമാണ്. അതാണ് അശ്വതി സ്റ്റുഡിയോ നല്‍കുന്നതും. സാങ്കേതികമായിട്ടുള്ള മാറ്റങ്ങളുടെ ഭാഗമായി ഇന്ന് ഒരു ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ സ്റ്റുഡിയോയില്‍ പോവേണ്ട ആവശ്യം വരുന്നില്ല, ഒരു ക്യാമറയും ഒരു കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ ഇന്ന് അത് സാധ്യമാണ്. എങ്കിലും മണ്ണാര്‍ക്കാടുകാര്‍ക്കു തൃപ്തി ലഭിക്കണമെങ്കില്‍ അത് അശ്വതിയില്‍ നിന്നു തന്നെ വേണമെന്ന അവസ്ഥയാണുള്ളത്.

അരനൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അശ്വതി സ്റ്റുഡിയോയുടെ പ്രൗഡിക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ല. സാങ്കേതികമായുണ്ടായ പല പ്രതിസന്ധികളും നേരിട്ടുണ്ടെങ്കിലും അവയൊക്കെയും തരണം ചെയ്തിട്ടുണ്ട് അശ്വതി സ്റ്റുഡിയോ. മാറ്റങ്ങള്‍ വരുമ്പോള്‍ അത് പഠിക്കുക എന്നതാണ് സ്റ്റുഡിയോയുടെ നായകനായ നാരാണേട്ടന്റെ രീതി.

കെ കെ അബ്ദുള്‍ ഖാദര്‍ എന്ന ക്യാമറാക്കാരന്റെ വഴിയിലൂടെ സഞ്ചരിച്ചാണു നാരായണന്‍ അശ്വതി സ്റ്റുഡിയോയില്‍ എത്തിയത്. ഫോട്ടോഗ്രാഫി മേഖലയിലെ അദ്ദേഹത്തിന്റെ ഗുരു തന്നെയാണ് ഈ അബ്ദുള്‍ ഖാദര്‍. അശ്വതി സ്റ്റുഡിയോയുടെ ആദ്യകാല പേര് ഡിലൈറ്റ് സ്റ്റുഡിയോ എന്നായിരുന്നു. പിന്നീട് ഗുരുവായ അബദുള്‍ ഖാദര്‍, ശിഷ്യനായ നാരായണനെ സ്റ്റുഡിയോയുടെ മേല്‍നോട്ടം ഏല്‍പിച്ചു. ഇതോടെ സറ്റുഡിയോയ്ക്ക് അശ്വതി എന്ന പേര് നല്‍കി. ഇന്ന് സ്റ്റുഡിയോയിലെ ഭിത്തികളില്‍ പതിപ്പിച്ചിരിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണു അബ്ദുള്‍ ഖാദര്‍ എന്ന ഗുരുവിന്റെയും സ്ഥാനം.

 

പാസ്‌പോട്ട് സൈസ് ഫോട്ടോയ്ക്കു മൂന്ന് രൂപ ഈടാക്കിയിരുന്ന കാലത്ത് തുടങ്ങിയ ബിസിനസ് ഇന്നും യാതൊരു ഇടിവും സംഭവിക്കാതെയാണു മുന്നോട്ടു പോകുന്നത്. സാങ്കേതികമായി എല്ലാ സജീകരണങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്. എന്നാല്‍ പണ്ടു കാലത്തെ ഫോട്ടോകളുടെ ഗുണമേന്മ ഇപ്പോള്‍ ഇല്ലെന്ന അഭിപ്രായമാണു നാരാണേട്ടനുള്ളത്. ആദ്യകാലത്തെ ഫോട്ടോകള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആണെങ്കില്‍ കൂടിയും വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതേ പോലെ നില്‍ക്കുമെന്നതാണ് പ്രത്യേകത. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. മാസങ്ങളുടെ ആയുസേ അതിനുള്ളൂ. ഫോട്ടോ സ്റ്റുഡിയോകളുടെ കാലം കഴിഞ്ഞു വരികയാണെങ്കിലും അശ്വതി സ്റ്റുഡിയോ ഇന്നും നിലനില്‍ക്കുന്നതിനുള്ള കാരണം മറ്റൊന്നും അല്ല, ഈ മേഖലയിലെ നാരണേട്ടന്റെ പരിചയ സമ്പത്ത് തന്നെയാണ്. പാലക്കാട് മണ്ണാര്‍ക്കാട് താലൂക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല ഈ സ്റ്റുഡിയോയുടെ പ്രവര്‍ത്തനങ്ങള്‍. കേരളത്തിനകത്തും പുറത്തുമായി നിരവധി ഔട്ട്‌ഡോര്‍ വര്‍ക്കുകള്‍ അശ്വതി സ്റ്റുഡിയോയുടെ കീഴില്‍ നടന്നിട്ടുണ്ട്. അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നായികര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ ചിത്രങ്ങളും അശ്വതിയിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഫോട്ടോഗ്രാഫിയോടുള്ള ഇഷ്ടത്തിനു പുറമെ മണ്ണാര്‍ക്കാട് താലൂക്കിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യം കൂടിയാണു നാരായണന്‍. പൂരങ്ങളുടെ കൂട്ടത്തില്‍ പേരുകേട്ട മണ്ണാര്‍ക്കാട് പൂരത്തിന്റെ നടത്തിപ്പു ചുമതലകളില്‍ പ്രധാനിയാണു നാരായണേട്ടന്‍.

Comments

comments

Categories: FK Special