ഇന്ത്യയുടെ വളര്‍ച്ചയില്‍ രാജ്യത്തെ സിഇഒമാര്‍ക്ക് ശുഭാപ്തിവിശ്വസം: കെപിഎംജി

ഇന്ത്യയുടെ വളര്‍ച്ചയില്‍ രാജ്യത്തെ സിഇഒമാര്‍ക്ക് ശുഭാപ്തിവിശ്വസം: കെപിഎംജി

53 ശതമാനം സിഇഒമാരും അവരവരുടെ മേഖലകളിലെ ടെക്‌നോളജിക്കല്‍ ഇന്നൊവേഷനനുസരിച്ച് നീങ്ങുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നു

ന്യൂഡെല്‍ഹി: ആഗോള സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ അടുത്ത മൂന്ന് വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തെ കമ്പനി നേതൃത്വങ്ങള്‍ക്ക് ആത്മവിശ്വാസമുള്ളതായി കെപിഎംജി റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ കമ്പനികള്‍ പൂര്‍ണമായും പരിവര്‍ത്തനത്തിന് വിധേയമാകുമെന്ന് പകുതിയില്‍ കൂടുതല്‍ സിഇഒമാരും പ്രതികരിച്ചിട്ടുണ്ടെന്നും കെപിഎംജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാലയളവിലുള്ള കമ്പനിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് സാങ്കേതികവിദ്യയായിരിക്കുമെന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ പറയുന്നത്. എങ്കിലും 53 ശതമാനം സിഇഒമാരും അവരവരുടെ മേഖലകളിലെ ടെക്‌നോളജിക്കല്‍ ഇന്നൊവേഷനനുസരിച്ച് നീങ്ങുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. വര്‍ധിച്ചുവരുന്ന ബിസിനസ് സങ്കീര്‍ണതകളിലും ഉയര്‍ന്ന ചലനാത്മകതയുള്ള ബിസിനസ് പാരിസ്ഥിതിയിലും നിന്നുകൊണ്ട് കമ്പനിയെ മുന്നോട്ട് നയിക്കുന്ന 130 ഇന്ത്യന്‍ സിഇഒ മാരില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കെപിഎംജി സിഇഒ ഔട്ട്‌ലുക്ക് തയാറാക്കിയത്. ഇത് പ്രകാരം, ഇടക്കാലാടിസ്ഥാനത്തില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക് മികച്ച വളര്‍ച്ചാ സാധ്യതകളുണ്ടെന്നാണ് 88 ശതമാനം സിഇഒമാരും വിശ്വസിക്കുന്നത്.

ഭൂമിശാസ്ത്രപരമായ ഘടകങ്ങളുടെ സ്വാധീനത്താല്‍ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായിട്ടുള്ള അനിശ്ചിതാവസ്ഥയും പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന സംരക്ഷണവാദ പ്രവണതകളുമാണ് പ്രധാനമായും ആഗോള സമ്പദ്‌വ്യവസ്ഥയിലുള്ള ആത്മവിശ്വാസം കെടുത്തുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സൈബര്‍ സുരക്ഷാ രംഗത്ത് വലിയ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി സര്‍വെയില്‍ പങ്കെടുത്ത 84 ശതമാനം പേരും അറിയിച്ചു. മുന്‍ വര്‍ഷത്തിലെ സര്‍വെയില്‍ സൈബര്‍ സുരക്ഷാ രംഗം ഇന്ത്യന്‍ സിഇഒമാര്‍ പ്രധാന്യം നല്‍കുന്ന ആദ്യ അഞ്ച് മേഖലകളില്‍ ഉണ്ടായിരുന്നില്ല.

മുന്‍ വര്‍ഷത്തിനു സമാനമായി പകുതിയിലധികം കമ്പനി നേതൃത്വങ്ങളും തങ്ങളുടെ കമ്പനി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വലിയൊരു മാറ്റത്തെ അഭിമുഖീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിഎംജി ഇന്ത്യ ചെയര്‍മാനും സിഇഒയുമായ അരുണ്‍ കുമാര്‍ പറഞ്ഞു. ഉല്‍പ്പന്നങ്ങളും സേവനങ്ങളും നവീകരിക്കുന്നതിലും കമ്പനി നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നതിലും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കമ്പനി പ്രവര്‍ത്തനം സുഗമമാക്കുന്നതിലും തുടര്‍ന്നും ഇന്ത്യന്‍ സിഇഒമാര്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ഇത്തരം ബുദ്ധിമുട്ടുകളെ അവസരങ്ങളാണ് അവര്‍ പരിഗണിക്കണിക്കുന്നതെന്നും അരുണ്‍ കുമാര്‍ വിശദീകരിച്ചു.

Comments

comments

Categories: Slider, Top Stories