2018 കാവസാക്കി കെഎക്‌സ്250എഫ് അവതരിപ്പിച്ചു

2018 കാവസാക്കി കെഎക്‌സ്250എഫ് അവതരിപ്പിച്ചു

എക്‌സ്-ഷോറൂം വില 7.52 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : 2018 കാവസാക്കി കെഎക്‌സ്250എഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.52 ലക്ഷം രൂപയാണ് ഇന്ത്യയില്‍ എല്ലായിടത്തെയും എക്‌സ്-ഷോറൂം വില. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമാണ് കെഎക്‌സ്250എഫ് ആദ്യമായി അവതരിപ്പിച്ചത്. കൂടുതല്‍ ചുഴറ്റുബലം (ടോര്‍ക്ക്) പുറപ്പെടുവിക്കുന്ന മെച്ചപ്പെട്ട എന്‍ജിന്‍, പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ ഒരുപിടി അപ്‌ഡേറ്റുകളുമായാണ് 2018 എഡിഷന്‍ അവതരിപ്പിക്കുന്നതെന്ന് ഇന്ത്യാ കാവസാക്കി മോട്ടോര്‍ അറിയിച്ചു. അതേസമയം ഷാസിയില്‍ മാറ്റം വരുത്തിയിട്ടില്ല. പുതിയ കെഎക്‌സ്250എഫ് 2017 മോഡലിനേക്കാള്‍ മെച്ചപ്പെട്ട ലാപ്‌ടൈമുകള്‍ നല്‍കുമെന്ന് കാവസാക്കി വ്യക്തമാക്കി. വിലയാണെങ്കില്‍ മുന്‍ മോഡലിനേക്കാള്‍ 38,000 രൂപ മാത്രമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കെഎക്‌സ്250എഫ് ഇപ്പോഴും ഒരു ട്രാക്ക് ഓണ്‍ലി ബൈക്കാണ്. ഈ ഡര്‍ട്ട് ബൈക്ക് റോഡുകളില്‍ ഓടുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

2018 എഡിഷന്റെ 249 സിസി 4-സ്‌ട്രോക് സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എന്‍ജിനില്‍ ഒരുപാട് മാറ്റങ്ങള്‍ കാണാന്‍ കഴിയും. പുതിയ ത്രോട്ടില്‍ ബോഡിയും കൂടുതല്‍ ടോര്‍ക്കിനായി ഫ്യൂവല്‍ ഇന്‍ജെക്റ്ററും പുതിയ മോട്ടോറിന് നല്‍കിയിട്ടുണ്ട്. ഫ്യൂവല്‍ പമ്പ്, ഇന്‍ടേക് ബൂട്ട്, കാംഷാഫ്റ്റ് എന്നിവ പുതിയതാണ്. പുതിയ സിലിണ്ടര്‍ ഹെഡ് 13.4:1 എന്ന മെച്ചപ്പെട്ട കംപ്രഷന്‍ അനുപാതമാണ് നല്‍കുന്നത്. എക്‌സ്‌ഹോസ്റ്റ് ഹെഡര്‍ പുതിയതാണ്. പൈപ്പ് ഇപ്പോള്‍ കൂടുതല്‍ നീളമുള്ളതും വലുതുമാണ്.

2018 കാവസാക്കി കെഎക്‌സ്250എഫിന്റെ മുന്നില്‍ പുതിയ ഷോവ 48 എംഎം സെപ്പറേറ്റ് ഫംഗ്ഷന്‍ ഫ്രണ്ട് ഫോര്‍ക്കുകളും (എസ്എഫ്എഫ് ടൈപ്പ് 2) പിന്നില്‍ യൂണി-ട്രാക്കുമാണ് നല്‍കിയിരിക്കുന്നത്. ഇരു ഫോര്‍ക്കുകളും മെച്ചപ്പെട്ട ഡാംപിങ് പെര്‍ഫോമന്‍സും റൈഡ് കംഫര്‍ട്ടും സമ്മാനിക്കും. ലൈറ്റ്‌വെയ്റ്റ് അലുമിനിയം പെരിമീറ്റര്‍ ഫെയിമിന് 2017 മോഡലില്‍നിന്ന് മാറ്റമില്ല.

2018 കെഎക്‌സ്250എഫിന്റെ ഇസിയു സെറ്റിംഗ്‌സ് കാവസാക്കി പരിഷ്‌കരിച്ചിട്ടുണ്ട്. സ്റ്റാന്‍ഡേഡ്, ഹാര്‍ഡ്, സോഫ്റ്റ് എന്നീ മൂന്ന് വ്യത്യസ്ത എന്‍ജിന്‍ ട്യൂണിംഗ് മാപ്‌സുകള്‍ക്കായി ഡിഎഫ്‌ഐ കണക്റ്ററുകള്‍ കാണാം. ഏഴ് വ്യത്യസ്ത എന്‍ജിന്‍ മാപ്‌സുകള്‍ സെലക്റ്റ് ചെയ്യാന്‍ ഓപ്ഷണല്‍ കെഎക്‌സ് എഫ്‌ഐ കാലിബ്രേഷന്‍ കിറ്റ് സഹായിക്കും. ക്ലച്ച് റിലീസ് ചെയ്ത് ആദ്യ സെക്കന്‍ഡുകള്‍ക്കുള്ളില്‍ കണിശമായ സ്റ്റാര്‍ട്ട് സാധ്യമാകുന്ന കെഎക്‌സ് ലോഞ്ച് കണ്‍ട്രോള്‍ സിസ്റ്റം പുതിയ കാവസാക്കി കെഎക്‌സ്250എഫിലുണ്ട്. സൂപ്പര്‍ബ് കണ്‍ട്രോള്‍ നല്‍കുന്ന 270 എംഎം ഫ്രണ്ട് പെറ്റല്‍ ഡിസ്‌കുകള്‍ ബ്രേക്കിംഗ് പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കാന്‍ സഹായിക്കും.

പൂര്‍ണ്ണമായും ഇറക്കുമതി ചെയ്താണ് 2018 കാവസാക്കി കെഎക്‌സ്250എഫ് ഇന്ത്യയിലെത്തിക്കുന്നത്. ലൈം ഗ്രീന്‍ നിറത്തിലാണ് ഈ ഡര്‍ട്ട് ബൈക്ക് ലഭിക്കുക.

 

Comments

comments

Categories: Auto