ഫിന്‍ടെക്ക് യുഗം: പ്രതീക്ഷകളും പ്രശ്‌നങ്ങളും

ഫിന്‍ടെക്ക് യുഗം: പ്രതീക്ഷകളും പ്രശ്‌നങ്ങളും

 

സാങ്കേതിക വിദ്യയിലൂന്നിയ പുതിയ സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കാണ് ഫിന്‍ടെക്ക് കമ്പനികള്‍ എന്നറിയപ്പെടുന്ന സാമ്പത്തികസാങ്കേതിക സ്ഥാപനങ്ങളെ സൃഷ്ടിച്ചത്. പരമ്പരാഗത രീതിയില്‍ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളും അവര്‍ക്ക് വ്യത്യസ്തവും കൂടുതല്‍ കാര്യക്ഷമവുമായി ചെയ്യാനാവുന്നു

‘കലയും സാങ്കേതിക വിജ്ഞാനവും ഇഴുകിച്ചേരുമ്പോള്‍ പ്രകൃതിയ്ക്ക് പോലും മുഴുമിപ്പിക്കാനാവാത്തത് പൂര്‍ത്തീകരിക്കാനാവും’

അരിസ്‌റ്റോട്ടില്‍, ‘ഫ്യൂസികെ അക്രാസിസ്’

അതുപോലെയാണ് ബാങ്കിങ്ങും സാങ്കേതിക വിദ്യയും; കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഭാരതത്തിലും, അതിലും വളരെക്കാലം മുന്‍പ് മുതല്‍ മറ്റ് വികസിത രാജ്യങ്ങളിലും ഇവ തമ്മില്‍ അങ്ങേയറ്റം അടുത്ത് സഹവര്‍ത്തിച്ചുവരുന്നു. സാങ്കേതിക വിദ്യയിലെ വളര്‍ച്ച ബാങ്കുകളുടെ പ്രവര്‍ത്തന രീതികളിലും അവയുടെ ഉപഭോക്തൃബന്ധങ്ങളിലും വളരെ വലിയ വിപ്ലവമാണുണ്ടാക്കിയത്. അതുപോലെ, അതുമൂലം ബാങ്കിങ്ങിലുണ്ടായ പരിവര്‍ത്തനം വിവരസാങ്കേതിക രംഗത്തും വന്‍കുതിപ്പിനും നിരവധി പുതുമുഖങ്ങള്‍ ഈ രംഗത്തേയ്ക്ക് പ്രവേശിക്കുന്നതിനും വഴിയൊരുക്കി.

ഈ പുതുമുഖങ്ങള്‍ക്ക് പരമ്പരാഗത ബാങ്കിംഗ് രീതികള്‍ ഉടച്ച് പുതിയ മാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും നവംനവങ്ങളായ മേഖലയിലേക്ക് കടന്ന് കയറാനും സാധിച്ചു. സാങ്കേതിക വിദ്യയിലൂന്നിയ പുതിയ സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കാണ് ഫിന്‍ടെക്ക് കമ്പനികള്‍ എന്നറിയപ്പെടുന്ന സാമ്പത്തികസാങ്കേതിക സ്ഥാപനങ്ങളെ സൃഷ്ടിച്ചത്. പരമ്പരാഗത രീതിയില്‍ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളും അവര്‍ക്ക് വ്യത്യസ്തവും കൂടുതല്‍ കാര്യക്ഷമവുമായി ചെയ്യാനാവുന്നു.

‘പണം’ എന്ന വാക്കിനെ നിര്‍വചിച്ചിരിക്കുന്നത് ‘പണം ചെയ്യുന്നതെന്തോ അതാണ് പണം’ (money is what money does) എന്നാണ്. അതുപോലെ, ബാങ്കിങ്ങിന്റെ നിര്‍വചനം ‘കടം കൊടുക്കാന്‍ വേണ്ടി നിക്ഷേപം സ്വീകരിക്കുക’ എന്നതാണ്. ഇവ രണ്ടും ഏകദേശം ഒരേ സമയം അതാതിന്റെ പ്രാഗ്‌രൂപങ്ങളില്‍ നിലവില്‍ വന്നിരിക്കണം. സുസംഘടിതമായ ബാങ്കിംഗ് സംവിധാനത്തിന് ഒരു മൂന്ന്‌നാല് നൂറ്റാണ്ട് പ്രായമേ ഉള്ളൂ.

നിക്ഷേപം സ്വീകരിക്കുക, വായ്പ നല്‍കുക എന്നതിന് പുറമേ, ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പണം എത്തിക്കുക എന്ന ജോലിയും ഇതോടൊപ്പം ബാങ്കുകള്‍ ആരംഭിച്ചു. ഇന്ന്, വിവരസാങ്കേതിക വിദ്യയും ആശയവിനിമയ സംവിധാനവും ഇത്രയും നൂതനമാവുമ്പോള്‍ അവ ബാങ്കിങ്ങിനെ പൂര്‍ണമായും പുനര്‍നിര്‍വചിക്കുന്നു. ഇന്ന് ബാങ്കുകള്‍ മേല്‍പ്പറഞ്ഞ നിര്‍വചനത്തിലുള്ള ബാങ്കിംഗ് മാത്രമല്ല ചെയ്യുന്നത്; അതുപോലെ ബാങ്കിംഗ് ചെയ്യുന്നത് ബാങ്കുകള്‍ മാത്രവുമല്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി ഒരു പ്രസംഗത്തില്‍ പറഞ്ഞത്.

ബാങ്കിങ്ങിന്റെ വിവിധ അംശങ്ങള്‍ വെവ്വേറെയായി ഇന്ന് ബാങ്കുകളല്ലാത്തവര്‍ ചെയ്യുന്നുണ്ട്. ഓരോരുത്തരും ഇത്തരം ചെറിയ ചെറിയ അംശങ്ങളില്‍ സവിശേഷ വൈദഗ്ധ്യം നേടിക്കൊണ്ടിരിക്കുകയാണ്. അവിടെ എന്നും ഗവേഷണവും വികസനവും നടന്നുകൊണ്ടേയിരിക്കുന്നു.

മൂല്യമുള്ള എന്തിന്റെയും ഇടപാടുകള്‍ ദൈനംദിന നാള്‍വഴികളായി ശാശ്വതമായി സൂക്ഷിക്കുന്ന ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്‌ചെയിന്‍. ഇതിലാണ് കല്‍പ്പിത കറന്‍സിയായ ബിറ്റ്‌കോയിന്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്

വിവര സാങ്കേതിക വാര്‍ത്താവിനിമയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തന രൂപങ്ങള്‍ സ്വീകരിച്ച് സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനികളെയാണ് പൊതുവില്‍ ഫിന്‍ടെക്ക് കമ്പനികള്‍ എന്ന് പറയുന്നത്.

ബാങ്കുകള്‍ അല്ലാത്തതിനാല്‍ ഇവ കേന്ദ്ര ബാങ്കുകളുടെ നിരീക്ഷണത്തില്‍ വരേണ്ട കാര്യമില്ല. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനാല്‍ ലോകത്തെമ്പാടും കേന്ദ്ര ബാങ്കുകള്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ സാകൂതം വീക്ഷിക്കുകയും ഇവയെക്കൂടി നിബന്ധനകള്‍ക്കുള്ളില്‍ കൊണ്ടുവരാന്‍ പാകത്തില്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ പ്രത്യേക ഊന്നലിന് രണ്ട് കാരണങ്ങളുണ്ട്: വിപണിവായ്പകളും ബ്ലോക്‌ചെയിനും.

സാംഖിക ഇടപാടുകളിലേക്ക് എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ പതുക്കെ പതുക്കെ മാറുന്നുണ്ടെങ്കിലും മൂല്യമാധ്യമം, സാമാന്യ ജനത്തിന്, തനത് രാജ്യത്തെ ഗവണ്‍മെന്റ് പുറപ്പെടുവിക്കുന്ന കറന്‍സി തന്നെയാണ്. ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ യാതൊരു കേന്ദ്ര ബാങ്കിന്റെയും നിയന്ത്രണത്തിലല്ലാത്തതിനാല്‍ അവ സാമ്പത്തികമായി, പ്രാവര്‍ത്തികമായി, നിയമപരമായി, ഉപഭോക്തൃതാല്‍പര്യപരമായി, സുരക്ഷാപരമായി എല്ലാം വിവിധ ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട്

വിപണിവായ്പ എന്ന സമ്പ്രദായത്തില്‍, പരമ്പരാഗത ബാങ്കുകളെ ഒഴിവാക്കി, പണം കടം നല്‍കുന്ന ആളും ആവശ്യക്കാരനും ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പരസ്പരം കണ്ടുമുട്ടുകയാണ് ചെയ്യുന്നത്. ഇതിനെ ജനക്കൂട്ടത്തില്‍ നിന്നുള്ള വിഭവ സമാഹരണം എന്ന അര്‍ത്ഥത്തില്‍ ക്രൗഡ് ഫണ്ടിംഗ് (Crowd funding) എന്നും പറയാറുണ്ട്.

പീര്‍ ടു പീര്‍ അല്ലെങ്കില്‍ പേഴ്‌സണ്‍ ടു പേഴ്‌സണ്‍ (P2P, ഒരേ പോലുള്ള ആളുകള്‍ കടം കൊടുക്കുകയും വാങ്ങുകയും), പീര്‍ ടു ബിസിനസ് (P2B, ഒരുപാട് വ്യക്തികള്‍ ഒരു സ്ഥാപനത്തിന് മൂലധനമായോ കടമായോ പണം നല്‍കുക) എന്നിവയെല്ലാം വിപണിവായ്പയുടെ പ്രധാന രൂപങ്ങളാണ്. ഇങ്ങനെ വരുമ്പോള്‍, ഭാവിയില്‍, ബാങ്ക് എന്നൊരു മധ്യസ്ഥന്റെ ആവശ്യമുണ്ടാകില്ലെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ബാങ്ക്‌രഹിത സമ്പദ്‌വ്യവസ്ഥയെ കുറിച്ചും കേന്ദ്ര ബാങ്ക് ഇല്ലാതാവുന്നതിനെപ്പറ്റിയുമെല്ലാം അവര്‍ പറയുന്നുണ്ട്.

അതുപോലെയാണ്, ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ എന്ന പാരമ്പര്യഭഞ്ജക കണ്ടുപിടുത്തവും. മൂല്യമുള്ള എന്തിന്റെയും ഇടപാടുകള്‍ ദൈനംദിന നാള്‍വഴികളായി ശാശ്വതമായി സൂക്ഷിക്കുന്ന ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്‌ചെയിന്‍. ഇതിലാണ് കല്‍പ്പിത കറന്‍സിയായ ബിറ്റ്‌കോയിന്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.

ബിറ്റ്‌കോയിന്‍, ലൈറ്റ് കോയിന്‍, എഥറിയം, ഇസഡ്ക്യാഷ്, ഡാഷ് (ഡാര്‍ക്ക് കോയിന്‍), റിപ്പിള്‍, മൊനേരോ തുടങ്ങിയ ക്രിപ്‌റ്റോ കറന്‍സികള്‍ ഉണര്‍ത്തിയ ഔല്‍സുക്യവും മൂല്യവും, ലോകത്ത്, കറന്‍സി എന്ന സമ്പ്രദായം തന്നെ ഇല്ലാതാക്കുമെന്ന് പ്രവചിക്കുന്നവരുണ്ട്. ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും കറന്‍സി സമ്പ്രദായവും കേന്ദ്ര ബാങ്കുകള്‍ തന്നെയും ഇല്ലാതാവുമെന്ന പ്രവചനങ്ങള്‍ എല്ലാ രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകളിലും സാമ്പത്തിക നിയന്ത്രകരിലും ഒരേ സമയം തെല്ലൊരു ആകാംക്ഷയും അങ്ങേയറ്റം ഉത്കണ്ഠയും വളര്‍ത്തിയിട്ടുണ്ട്.

വിപണിവായ്പ പണം നല്‍കുന്നയാളെയും കിട്ടേണ്ടവരേയും കൂട്ടിമുട്ടിക്കുന്നു എന്നത് നല്ല കാര്യം. അപ്പോള്‍, ഇടനിലക്കാര്‍ ഒഴിവാകുകയും അത്രയും ഇടപാട് ചെലവ് കുറയുകയും ചെയ്യും. പക്ഷേ, ആരാണ് ഇവര്‍ രണ്ട് പേരുടേയും സുരക്ഷാതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ളത് എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.

വിപണിവായ്പ സമ്പ്രദായത്തില്‍ ഇടപാടുകാര്‍ പരസ്പരം കാണുകയില്ലെന്ന് മാത്രമല്ല, അറിയുക പോലുമില്ല. അജ്ഞാതര്‍ തമ്മിലുള്ള രാജ്യാന്തര ഇടപാടുകള്‍ വരെയുള്ള ഇടപാടുകളാണിവ; കൂട്ടിയിണക്കുന്ന ഏക കണ്ണി ആ വെബ് പോര്‍ട്ടല്‍ മാത്രമാണ്. അതാരാണ് നിയന്ത്രിക്കുന്നത്? ആരുമില്ല. ഇടപാടുകളുടെ എണ്ണവും വണ്ണവും വര്‍ധിക്കുംതോറും തകര്‍ച്ചയുമായി അവര്‍ കൂടുതല്‍ അടുക്കുകയാണ്. ഇതിനൊരു നിയന്ത്രണ സംവിധാനം ആവശ്യമാണ്.

ബ്ലോക്‌ചെയിനിലെ കറന്‍സിരഹിത ഇടപാടുകളും സമൂലമായ സൂക്ഷ്മവിശകലനത്തിന് വിധേയമാവണം. പുസ്തകങ്ങളിലും സിനിമകളിലും ഈ ആശയം കാല്‍പ്പനികരൂപത്തില്‍ മുന്‍പ് തന്നെ അവതരിച്ചിട്ടുള്ളതാണ്. ക്രിപ്‌റ്റോകറന്‍സികള്‍ നിലവില്‍ വന്നതോടെ സാഹിത്യകാരന്റെ ഭാവനകള്‍ യാഥാര്‍ത്ഥ്യമായി എന്നും കറന്‍സിയ്ക്ക് ഇനി മരണമേയുള്ളൂ എന്നും വിധിയെഴുതിയവര്‍ നിരവധിയാണ്. പക്ഷേ, യാഥാര്‍ത്ഥ്യം, നോട്ട് നിരോധനക്കാലത്ത് നാം തിരിച്ചറിഞ്ഞതാണ്.

അവികസിത, വികസ്വര രാജ്യങ്ങളില്‍ ബാങ്കിംഗ് സംവിധാനം വേണ്ടത്ര വേരിറങ്ങാത്തതാണ് ഇതിന് കാരണമെന്ന് വാദിക്കുന്നവരുണ്ടാവാം. എന്നാല്‍, വികസിത രാജ്യങ്ങളിലും അച്ചടിക്കപ്പെടുന്ന, കൈകാര്യം ചെയ്യപ്പെടുന്ന, കറന്‍സിനോട്ടുകളുടെ എണ്ണവും മൂല്യവും വര്‍ധിച്ചിട്ടേയുള്ളൂ. സാംഖിക ഇടപാടുകളിലേക്ക് എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ പതുക്കെ പതുക്കെ മാറുന്നുണ്ടെങ്കിലും മൂല്യമാധ്യമം, സാമാന്യ ജനത്തിന്, തനത് രാജ്യത്തെ ഗവണ്‍മെന്റ് പുറപ്പെടുവിക്കുന്ന കറന്‍സി തന്നെയാണ്. ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ യാതൊരു കേന്ദ്ര ബാങ്കിന്റെയും നിയന്ത്രണത്തിലല്ലാത്തതിനാല്‍ അവ സാമ്പത്തികമായി, പ്രാവര്‍ത്തികമായി, നിയമപരമായി, ഉപഭോക്തൃതാല്‍പര്യപരമായി, സുരക്ഷാപരമായി എല്ലാം വിവിധ ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട്.

ചില കണ്ടുപിടിത്തങ്ങള്‍ പൂര്‍ണമായും വിനാശകരമാണ്; അതുപോലെ, ചിലതിനെ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. എല്ലാ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യയുടെ ഉത്തോലകശക്തിയുടെ പരമാവധി ഉപയോഗമാണ്. അവയ്ക്ക്, നിലനില്‍ക്കുന്ന രീതികളെ അപ്പാടെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. ഈ മാറ്റത്തില്‍ സമൂഹത്തിന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളുണ്ടാക്കും

എല്ലാ സുരക്ഷാവലയവും നിര്‍മിച്ച് അതിനുള്ളില്‍ കര്‍ശനതയോടെ പ്രവര്‍ത്തിക്കുന്ന സാധാരണ ബാങ്കിംഗ് ഇടപാടുകള്‍ പോലും ഹാക്ക് ചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍, പൂര്‍ണമായും ഇലക്ട്രോണിക് മാധ്യമത്തില്‍, മുന്‍കരുതല്‍ എന്തെന്നറിയാതെ, ആരും നിയന്ത്രിക്കാനില്ലാതെ, നാഥനില്ലാതെ വളരുന്ന ക്രിപ്‌റ്റോകറന്‍സികള്‍ എന്ത് സുരക്ഷയാണ് ഉറപ്പ് തരുന്നതെന്നത് ചിന്തനീയം തന്നെ. ഇതേ അവസ്ഥയാണ് വിപണിവായ്പകള്‍ക്കും. ഇവ രണ്ടും നിയമവിരുദ്ധ, അവിശുദ്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വര്‍ധിതമായ രീതിയില്‍ അറിഞ്ഞുവരുന്നു.

കണ്ടുപിടുത്തങ്ങള്‍ സ്വാഭാവികമായും ധനാത്മക മാറ്റങ്ങളും കാര്യക്ഷമതയും മത്സരക്ഷമതയും ഗുണമേന്മയും എല്ലാമാണ് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ അവ അതേ സമയം പാരമ്പര്യഭഞ്ജകരുമാണ്. അവയുടെ പാര്‍ശ്വഫലങ്ങളെ പറ്റി വേണ്ടത്ര അനുഭവ പാഠങ്ങളില്ലാത്തത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത ഉളവാക്കുന്നു.

ചില കണ്ടുപിടിത്തങ്ങള്‍ പൂര്‍ണമായും വിനാശകരമാണ്; അതുപോലെ, ചിലതിനെ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. എല്ലാ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യയുടെ ഉത്തോലകശക്തിയുടെ പരമാവധി ഉപയോഗമാണ്. അവയ്ക്ക്, നിലനില്‍ക്കുന്ന രീതികളെ അപ്പാടെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. ഈ മാറ്റത്തില്‍ സമൂഹത്തിന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളുണ്ടാക്കും. ആയതിനാല്‍, നല്ല വശങ്ങളും മോശം വശങ്ങളും ശ്രദ്ധാപൂര്‍വം വിശകലനം ചെയ്ത്, വേണ്ടത്ര പഠനം നടത്തി, നഷ്ടസാധ്യതകളെ വേലികെട്ടിത്തിരിച്ച് മാറ്റി, പരീക്ഷണാര്‍ത്ഥം നടപ്പിലാക്കി പഴുതടച്ച് വേണം അവ പൊതുലോകത്തിന് നല്‍കാന്‍.

(ശ്രീ ആര്‍ ഗാന്ധിയുടെ മേല്‍ പരാമര്‍ശിക്കപ്പെട്ട പ്രസംഗത്തില്‍ നിന്ന് ആശയങ്ങള്‍ കടം കൊണ്ടു. അഭിപ്രായങ്ങള്‍ വ്യക്തിപരം)

 

Comments

comments

Categories: Banking, FK Special, Slider