ഐപിഒ ; സൗദി ആരാംകോയ്ക്ക് വാതില്‍ തുറന്നിട്ട് യുകെ

ഐപിഒ ; സൗദി ആരാംകോയ്ക്ക് വാതില്‍ തുറന്നിട്ട് യുകെ

ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലേക്ക് ആരാംകോയെ ആകര്‍ഷിക്കുന്നതിനായി ലിസ്റ്റിംഗ് നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള തയാറെടുപ്പിലാണ് എഫ്‌സിഎ

ലണ്ടന്‍: ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് സൗദി ആരാംകോയെ കൊണ്ടുവരുന്നതിനായി കമ്പനികളുടെ ലിസ്റ്റിംഹഗ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയാണ് യുകെ കണ്ടക്റ്റ് അതോറിറ്റി (എഫ്‌സിഎ). ലോകത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ)യ്ക്ക് തയാറെടുക്കുന്ന സൗദി ആരാംകോയ്ക്കായി ശക്തമായ മത്സരമാണ് വിദേശ എക്‌സ്‌ചേഞ്ചുകള്‍ തമ്മില്‍ നടക്കുന്നത്.

നിയമം മയപ്പെടുത്തുന്നതിനായി ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ക്ക് വേണ്ടിയുള്ള പ്രീമിയം ലിസ്റ്റിംഗ് സെഗ്മെന്റിലെ പുതിയ വിഭാഗത്തിനായുള്ള കണ്‍സല്‍ട്ടേഷന്‍ പേപ്പറുകള്‍ എഫ്‌സിഎ പ്രഖ്യാപിച്ചു. രണ്ട് പ്രധാന മാറ്റങ്ങളാണ് ഇതില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പുതിയ നീക്കത്തിലൂടെ ആരാംകോയെ ലിസ്റ്റ് ചെയ്യാനുള്ള ലണ്ടന്റെ സാധ്യത ഉയര്‍ന്നതായാണ് വിലയിരുത്തല്‍. 100 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ടാണ് സൗദി ആരാംകോ ഐപിഒ നടത്തുന്നത്.

ബ്രെക്‌സിറ്റിനായി തയാറെടുക്കുന്ന ലണ്ടന് ആരാംകോയുടെ ലിസ്റ്റിംഗ് വളരെ അധികം സഹായകമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്നാലും പ്രധാന സാമ്പത്തിക കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ ബ്രിട്ടന് ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ പ്രീമിയം ലിസ്റ്റിംഗ് നടത്തുന്നതിനായി ശക്തമായ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. കൂടുതല്‍ നിക്ഷേപകരിലേക്ക് എത്തിക്കുന്നതിനായി വലിയ കമ്പനികള്‍ സാധാരണയായി പ്രീമിയം സെഗ്മെന്റിലാണ് ലിസ്റ്റ് ചെയ്യുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സോവറൈന്‍ ഓഹരിയുടമകള്‍ക്ക് പ്രധാന പരിഗണനയുണ്ടായിരിക്കില്ല. മാത്രമല്ല ലിസ്റ്റഡ് കമ്പനിയും അവരുടെ ഡയറക്റ്റര്‍മാരും പ്രധാന ഓഹരിയുടമകളും തമ്മിലുള്ള കരാറിനെ നിയമത്തില്‍ നിന്ന് ഒഴിവാക്കും. ഓഹരികള്‍ക്ക് പകരം ഡിപ്പോസിറ്ററി റെസീപ്റ്റുകള്‍ ലിസ്റ്റ് ചെയ്യാന്‍ കമ്പനികള്‍ അനുവാദം നല്‍കുന്നതിനുവേണ്ടിയുള്ള നിര്‍ദേശവും പ്രീമിയം ലിസ്റ്റിംഗിലെ പുതിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരാംകോയുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള പരിഹാരമാണിതെന്ന് യൂറോപ്പിലെ കാപ്പിറ്റല്‍ മാര്‍ക്കറ്റ് മേധാവി എഡ്വേഡ് ബിബ്‌കോ പറഞ്ഞു. മറ്റുള്ള വലിയ സ്ഥാപനങ്ങള്‍ക്കും ഇതിന്റെ ഗുണഫലം അനുഭവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം.

റിയാദ് കൂടാതെ ഒന്നോ രണ്ടോ വിദേശ എക്‌സ്‌ചേഞ്ചുകളിലായി അഞ്ച് ശതമാനം ഓഹരികള്‍ ലിസ്റ്റ് ചെയ്യാനാണ് ആരാംകോ പദ്ധതിയിടുന്നത്. ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹോങ്കോംഗ്, സിംഗപ്പൂര്‍, ടോക്കിയോ, ടൊറോന്റോ തുടങ്ങിയ എല്ലാ പ്രധാന എക്‌സ്‌ചേഞ്ചുകളേയും സൗദി പരിഗണിക്കുന്നുണ്ട്.

Comments

comments

Categories: Arabia

Related Articles