യുബറിന്റെ സിഇഒ പദവി ഏറ്റെടുക്കാനൊരുങ്ങി നികേഷ് അറോറ

യുബറിന്റെ സിഇഒ പദവി ഏറ്റെടുക്കാനൊരുങ്ങി നികേഷ് അറോറ

യുബര്‍ ഉന്നതതലസമിതി അംഗങ്ങള്‍ നിരവധി പേരുമായി അഭിമുഖം നടത്തിക്കഴിഞ്ഞു

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ യുബറിന്റെ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ നികേഷ് അറോറ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടെക് ഭീമന്‍ ഗൂഗിളിന്റെയും സോഫ്റ്റ്ബാങ്കിന്റെയും മുന്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു നികേഷ് അറോറ. യുബറിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ ട്രവിസ് കലാനിക്കിന്റെ ഒഴിവിലേക്ക് പ്രവേശിക്കാന്‍ അറോറ നിശബ്ദമായി ശ്രമിക്കുന്നതായാണ് പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍.

കമ്പനിയുടെ പ്രവര്‍ത്തന സംസ്‌കാരത്തെ ചോദ്യം ചെയ്തും, ജീവനക്കാര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടും യുബറിനെതിരെ നിരന്തരമായി ആരോപണങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന്, നിക്ഷേപകരില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദം കാരണം കഴിഞ്ഞമാസമാണ് കമ്പനിയുടെ സ്ഥാപകന്‍ കൂടിയായ ട്രവിസ് കലാനിക് സിഇഒ പദവിയില്‍ നിന്നും രാജിവെച്ചത്. യുബറിന്റെ അഞ്ച് പ്രധാന നിക്ഷേപകരില്‍ നിന്നുണ്ടായ സമ്മര്‍ദമാണ് ട്രവിസ് കലാനിക്കിന്റെ രാജിയിലേക്ക് നയിച്ചത്.

യുബറിന്റെ അമരക്കാരനായി അവരോധിക്കപ്പെടുകയാണെങ്കില്‍ അറോറയ്ക്കു മുന്നില്‍ നിരവധി വെല്ലുവിളികളാണുള്ളത്. ആരോപണങ്ങളില്‍ പെട്ട് തകര്‍ന്ന കമ്പനി സംസ്‌കാരം വീണ്ടെടുക്കുന്നതിനും കമ്പനിയുടെ പൂര്‍വാധികാരിയുമായി ഇടപെടുന്നതിനും പുതിയ നേതൃത്വം സന്നദ്ധനായിരിക്കണം. കമ്പനിക്കെതിരെയുള്ള നിയമനടപടികള്‍ നേരിടുന്നതിനു പുറമെ യുബറിനെ ഐപിഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്)യ്ക്കു വേണ്ടി തയാറാക്കുകയും വേണം. കലാനിക് പുറത്തുപോയതിനു ശേഷം അദ്ദേഹത്തിന്റെ പദവിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി അപേക്ഷകള്‍ കമ്പനിക്ക് ലഭിച്ചിരുന്നു. യുബര്‍ ഉന്നതതലസമിതി അംഗങ്ങള്‍ നിരവധി പേരുമായി അഭിമുഖം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

യുട്യൂബ് മേധാവി സൂസണ്‍ വോജിക്കി, ട്വിറ്ററിന്റെ മുന്‍ സിഎഫ്ഒ ആദം ബെയ്ന്‍, വിര്‍ജിന്‍ അമേരിക്ക മുന്‍ സിഇഒ ഡേവിഡ് കഷ്, യാഹു മുന്‍ സിഇഒ മരീസ മേയര്‍, ഡിസ്‌നി മുന്‍ സിഒഒ തോമസ് സ്റ്റാഗ്‌സ് തുടങ്ങിയവരുടെ പേരുകളും സിഇഒ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിലും കമ്പനിയുടെ നഷ്ടപ്പെട്ട പേര് വീണ്ടെടുക്കുന്നതിലും സ്വന്തം പേര് അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു നല്ല അവസരമാണെന്ന് ഹാനോള്‍ഡ് അസോസിയേറ്റ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ജാസണ്‍ ഹാനോള്‍ഡ് പറഞ്ഞു. ഇതു കൂടി കണക്കിലെടുത്താണ് നികേഷ് അറോറയെ പോലുള്ളവര്‍ സ്വയം സിഇഒ പദവിക്കായുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

Comments

comments

Categories: Slider, Top Stories