ഇന്ത്യാ ഗ്രോത്ത് സ്‌റ്റോറിയില്‍ കൂടുതല്‍ വിശ്വാസം

ഇന്ത്യാ ഗ്രോത്ത് സ്‌റ്റോറിയില്‍ കൂടുതല്‍ വിശ്വാസം

ഓഹരി വിപണിയുടെ മികച്ച പ്രകടനം ഇന്ത്യയുടെ ദീര്‍ഘകാലവളര്‍ച്ചയുടെ സൂചന കൂടിയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിഷ്‌കരണ നയങ്ങളില്‍ വിപണി പുതിയ ഉയരങ്ങളിലെത്തുമെന്ന് വേണം കരുതാന്‍

രാജ്യത്തെ ഓഹരി വിപണികള്‍ പുതിയ ഉയരങ്ങളിലാണ് ബുധനാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റി 50ഉം ചരിത്രം കുറിച്ചു. ഇന്ത്യന്‍ ഓഹരികളുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ രണ്ട് ട്രില്ല്യണ്‍ ഡോളറിലാണെത്തിയത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ശുഭപ്രതീക്ഷയാണ് ഓഹരി സൂചകങ്ങള്‍ നല്‍കുന്നത്. ഓഹരി വിപണിയിലെ താല്‍ക്കാലിക ചാഞ്ചാട്ടങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വളര്‍ച്ച കൈവരിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം.

ചരക്കു സേവന നികുതി (ജിഎസ്ടി) വിജയകരമായി പ്രാബല്യത്തില്‍ വരുത്താന്‍ സാധിച്ചതും നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ ആവര്‍ത്തിച്ചുള്ള വിജയവും വിപണിയുടെ ആത്മവിശ്വാസം വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഫലമാണെന്നത്, ഭാവിയില്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ സധൈര്യം നടപ്പാക്കാന്‍ അദ്ദേഹത്തിന് പ്രാപ്തിയുണ്ടെന്ന വിശ്വാസം കൂടിയാണ് സമ്പദ് വ്യവസ്ഥയ്ക്ക് പകര്‍ന്ന് നല്‍കിയത്.

ജിഎസ്ടി നിലവില്‍ വന്ന് രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ പുതിയ നികുതി സംവിധാനത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും സംഭവിച്ചില്ലെന്നതും വിമര്‍ശനങ്ങള്‍ അധികം ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ഇനി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ടത് ബാങ്കുകളുടെ കിട്ടാക്കടം എന്ന വലിയ പ്രശ്‌നം പരിഹരിക്കുന്നതിലേക്കാണ്. ധനകാര്യ സ്ഥാപനങ്ങളുടെ ആരോഗ്യം മോശമായിട്ടുണ്ട്. അത് വീണ്ടെടുക്കാന്‍ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിന് ക്രിയാത്മകമായ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ തന്നെ സാധിക്കണം. നല്ല വായ്പാ സംസ്‌കാരം ഒരു രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

Comments

comments

Categories: Editorial, Slider