ഇവന്‍ ബോളിവുഡിന്റെ പ്രിയ ഹെയര്‍സ്‌റ്റൈലിസ്റ്റ്

ഇവന്‍ ബോളിവുഡിന്റെ പ്രിയ ഹെയര്‍സ്‌റ്റൈലിസ്റ്റ്

സോനം കപൂര്‍, അഭയ് ഡിയോള്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഹെയര്‍സ്‌റ്റൈലിസ്റ്റാണ് സുഹാസ് മോഹിത്

സാമൂഹികവും സാമ്പത്തികവുമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു പ്രശ്‌നമുണ്ട്, സ്വതസിദ്ധമായ വിജയമോഹം അവര്‍ക്ക് ഇല്ല എങ്കില്‍ ജീവിതത്തില്‍ അവര്‍ ഒരിക്കലും ഉയര്‍ന്നു പറക്കില്ല. റിക്ഷാവാലയുടെ മകന്‍ റിക്ഷാവാലയായതും കൂലിപ്പണിക്കാരന്റെ മകന്‍ കൂലിപ്പണിക്കാരന്‍ ആയതും ബാര്‍ബറുടെ മകന്‍ ബാര്‍ബര്‍ ആയതും അതുകൊണ്ടാണ്. എന്നാല്‍ ആഗ്രഹിച്ചാല്‍ മനസ്സുറപ്പിച്ച്, പ്രയത്‌നിച്ച്, തീരുമാനിച്ചത് നടത്താന്‍ തുനിഞ്ഞിറങ്ങിയാല്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട ഹെയര്‍ സ്‌റ്റൈലിസ്റ്റ് സുഹാസ് മോഹിത്.

സോനം കപൂര്‍, അഭയ് ഡിയോള്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ഹെയര്‍സ്‌റ്റൈലിസ്റ്റ് ആയ, സിനിമകളില്‍ തന്റെ ഹെയര്‍ സ്‌റ്റൈലിംഗ് മികവിനാല്‍ കഴിവ് തെളിയിച്ച സുഹാസിന് ഇതൊന്നും പക്ഷെ ഇരുട്ടി വെളുക്കുമ്പോള്‍ ലഭിച്ച ഭാഗ്യങ്ങളല്ല. വര്‍ഷങ്ങളോളം ഒന്നും ആവാതെ, തെരുവില്‍ കിടന്നുറങ്ങിയും ഉടുതുണിക്ക് മറുതുണിയില്ലാതെ പോരാടിയും പഠിച്ച ഹെയര്‍സ്‌റ്റൈലിംഗ് തന്ത്രങ്ങളുടെ ഫലമാണ്.

സുഹാസിന്റെ കഥ ഇങ്ങനെ….മഹാരാഷ്ട്രയിലെ രത്‌നഗിരി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ച സുഹാസിന്റെ അച്ഛനും മുത്തച്ഛനും അമ്മാവന്മാരും എല്ലാം ബാര്‍ബര്‍മാര്‍ ആയിരുന്നു. സ്വാഭാവികമായും കുലത്തൊഴില്‍ പോലെ സുഹാസിനും ആ ജോലി സ്വീകരിക്കേണ്ടി വരും എന്നത് ഉറപ്പ്. അതിനാല്‍ തന്നെ 11 വയസ്സ് മുതല്‍ അച്ഛനൊപ്പം ചേര്‍ന്ന് സുഹാസ് കട്ടിംഗും ഷേവിംഗും എല്ലാം അഭ്യസിച്ചു. പത്താം ക്ലാസ് തോറ്റതോടെ, പഠനം വഴി മുട്ടി. പിന്നെ പൂര്‍ണമായും ബാര്‍ബര്‍ എന്ന വേഷം ധരിക്കേണ്ട അവസ്ഥയായി.

കുലത്തൊഴില്‍ ചെയ്യാന്‍ സുഹാസിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. എന്നാല്‍ സാധാരണ ഹെയര്‍കട്ടിംഗിനപ്പുറം വ്യത്യസ്തമായ സ്‌റ്റൈലുകള്‍ പരീക്ഷിക്കാനാണ് സുഹാസ് താല്‍പര്യപ്പെട്ടത്. അതിനുള്ള സാഹചര്യം ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. ആയിടയ്ക്കാണ് മുംബൈ നഗരത്തില്‍ വച്ച് ഒരു ബന്ധുവിന്റെ വിവാഹം നടക്കുന്നത്. കല്യാണത്തില്‍ പങ്കെടുക്കാന്‍ എന്ന വ്യാജേന സുഹാസ് മുംബൈ നഗരത്തിലെത്തി. വിവാഹം കഴിഞ്ഞ് എല്ലാവരും നാട്ടിലേക്ക് തിരിച്ചു പോയപ്പോള്‍ സുഹാസ് മുംബൈയില്‍ തന്നെ നിന്നു.

എന്താണ് ആവശ്യം എന്ന് പറഞ്ഞപ്പോല്‍ മുംബൈയിലുള്ള ബന്ധുക്കള്‍ സുഹാസിനെ കളിയാക്കി. ഹിന്ദി ഭാഷ അറിയാത്ത ഒരാള്‍ എങ്ങനെ മുംബൈ പോലൊരു നഗരത്തില്‍ ജീവിക്കും? എന്നാല്‍ സുഹാസിന്റെ നിശ്ചയദാര്‍ഢ്യം ഉയര്‍ന്നതായിരുന്നു. മാസങ്ങളോളം തെരുവില്‍ ഉറങ്ങിയും, തെരുവില്‍ ബാര്‍ബറുടെ റോള്‍ ഭംഗിയായ നിര്‍വഹിച്ചും സുഹാസ് ജീവിച്ചു. കൈയില്‍ അഞ്ചു പൈസ സമ്പാദ്യം ഉണ്ടായില്ല.

അങ്ങനെയിരിക്കെയാണ് നഗരത്തിലെ ഒരു പ്രധാന സലൂണില്‍ മുടിവെട്ടുന്നതിനായുള്ള ജോലിക്ക് അവസരം ലഭിക്കുന്നത്. എന്നാല്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച്, ഉടുതുണിക്ക് മറുതുണി ഇല്ലാത്ത തനിക്ക് ആ ജോലി ലഭിക്കുമോ എന്ന് സുഹാസ് ഭയന്നു. എന്നാല്‍ അവര്‍ അംഗീകരിച്ചത് സുഹാസിന്റെ ലുക്കിനെ അല്ല, കഴിവിനെ ആയിരുന്നു. അങ്ങനെ സുഹാസ് ജോലിയില്‍ പ്രവേശിച്ചു. മനുഷ്യസ്‌നേഹിയായ സലൂണ്‍ ഉടമ സുഹാസിന്റെ ഹെയര്‍സ്‌റ്റൈലിംഗ് കഴിവ് കണ്ട് അവനെ കൂടുതല്‍ വിദ്യകള്‍ പഠിപ്പിച്ചു. ഹിന്ദി ഭാഷയും അനായാസം സുഹാസ് പഠിച്ചെടുത്തു.

സലൂണില്‍ എത്തുന്ന വിദേശികളോട് ഇടപഴകി ഇംഗ്ലീഷ് കൂടി വശത്താക്കിയതോടെ ഹെയര്‍സ്‌റ്റൈലിംഗിന്റെ വന്‍ അവസരങ്ങള്‍ സുഹാസിന് മുന്നില്‍ തുറക്കപ്പെടുകയായിരുന്നു. ഇന്ന് സുഹാസ് ബോളിവുഡിലെ മികച്ച ഹെയര്‍സ്‌റ്റൈലിസ്റ്റ് ആണ്. മുംബൈ നഗരത്തില്‍ വരാന്‍ പണം ഇല്ലാതെ കഷ്ടപ്പെട്ടവന്‍ ഇന്ന് ജോലിക്കായി യൂറോപ്പിലേക്ക് പറക്കുന്നു. തെരുവില്‍ കിടന്നുറങ്ങിയ നാളുകള്‍ക്ക് പകരമായി സുഹാസിന് സ്വന്തം അപ്പാര്‍ട്ട്‌മെന്റ് ഉണ്ട്. ഉടുതുണിക്ക് മറുതുണിയില്ലാത്ത നാളുകളുടെ സ്ഥാനത്ത് മികച്ച അവസരങ്ങളും തന്റെ കുടുംബത്തെ പരിപാലിക്കാന്‍ കൈ നിറയെ പണവുമുണ്ട്. അതെ, ഇതാണ് വിജയം…ഒന്നുമില്ലായ്മയില്‍നിന്നും ഇച്ഛാശക്തികൊണ്ട് എല്ലാം ആയിത്തീര്‍ന്ന വ്യക്തിയുടെ വിജയം.

Comments

comments

Categories: Life, Motivation