യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ പിഴ ടാക്‌സി ഡ്രൈവറിന്

യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ പിഴ ടാക്‌സി ഡ്രൈവറിന്

പുതിയ നിയമം അനുസരിച്ച് എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഡ്രൈവറുടെ കടമയാണെന്ന് ദുബായ് ടാക്‌സി കോര്‍പ്പറേഷന്‍

ദുബായ്: ദുബായില്‍ ടാക്‌സിയില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ടാക്‌സി കമ്പനി ഉദ്യോഗസ്ഥര്‍. ജൂലൈ ഒന്നിന് പുറത്തുവന്ന പുതിയ ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച് യാത്രചെയ്യുന്നതിനിടെ എല്ലാ യാത്രികരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്ലെങ്കില്‍ ഡ്രൈവറില്‍ നിന്ന് 400 ദിര്‍ഹം പിഴ ഈടാക്കും.

നിയമലംഘനം നടത്തിയാല്‍ യാത്രക്കാരില്‍ നിന്നായിരിക്കില്ല, ഡ്രൈവര്‍മാരില്‍ നിന്നായിരിക്കും പിഴ ഈടാക്കുന്നതെന്ന് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) സഹസ്ഥാപനമായ ദുബായ് ടാക്‌സി കോര്‍പ്പറേഷന്റെ (ഡിടിസി) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പുതിയ നിയമം അനുസരിച്ച് എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഡ്രൈവറുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരോട് സീറ്റ് ബെല്‍റ്റ് ഇടാന്‍ ആവശ്യപ്പെടണമെന്ന് പറഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ ആര്‍ടിഎ ഡ്രൈവര്‍മാര്‍ക്ക് അയച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പിലൂടെ അവര്‍ വ്യക്തമാക്കി.

എന്നാല്‍ യാത്രക്കാരോട് സീറ്റ് ബെല്‍റ്റ് ഇടാന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ അനുസരിക്കാതിരുന്നാല്‍ പിഴ നല്‍കില്ലെന്ന് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ തന്നെ പിഴ നല്‍കണമെന്നാണ് അവരുടെ ആവശ്യം. ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡിടിസിയുടെ ടാക്‌സികളില്‍ മുന്‍പിലും പുറകിലുമായി രണ്ട് ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഡ്രൈവര്‍മാര്‍ വണ്ടി എടുക്കാന്‍ തയാറാവരുതെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സിലിന്റെ ഡയറക്റ്റര്‍ മേജര്‍ ജനറല്‍ മൊഹമ്മദ് സെയ്ഫ് അല്‍ സഫെയ്ന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Comments

comments

Categories: Arabia