ഇന്‍സൈഡര്‍ ഡോട്ട് ഇന്‍ ഏറ്റെടുക്കാനൊരുങ്ങി പേടിഎം

ഇന്‍സൈഡര്‍ ഡോട്ട് ഇന്‍ ഏറ്റെടുക്കാനൊരുങ്ങി പേടിഎം

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ്‌സ് സ്റ്റാര്‍ട്ടപ്പായ പേടിഎം ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ആന്‍ഡ് ഇവന്റ്‌സ് പ്ലാറ്റ്‌ഫോമായ ഇന്‍സൈഡര്‍ ഡോട്ട് ഇന്നിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്തു. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഓണ്‍ലി മച്ച് ലോഡെറിന്റെ (ഒഎംഎല്‍) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍സൈഡര്‍ ഡോട്ട് ഇന്‍. കമ്പനിയുടെ സ്ഥാപകനായ ശ്രേയസ് ശ്രീനിവാസനായിരിക്കും തുടര്‍ന്നും ബിസിനസ് മുമ്പോട്ടു കൊണ്ടുപോകുന്നത്. ഒഎംഎല്‍ സ്ഥാപകരും സഹോദരന്‍മാരുമായ വിജയ് നായരും അജയ് നായരും ഓഹരിയുടമകളായും ഉപദേശക സമിതി അംഗങ്ങളായും തുടരും.

ഈ ഏറ്റെടുക്കല്‍ നടന്നാല്‍ പേടിഎം ഉപഭോക്താക്കള്‍ക്ക് ഇന്‍സൈഡര്‍ ഡോട്ട് ഇന്നിന്റെ സേവനം ലഭ്യമാക്കുന്നതിലായിരിക്കും തങ്ങള്‍ ശ്രദ്ധ ചെലുത്തുന്നതെന്ന് വിജയ് നായര്‍ വ്യക്തമാക്കി. ഈ വര്‍ഷമാണ് അദ്ദേഹം പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയെ കാണുന്നതും ഈ ഇടപാടിനെ കുറിച്ച് സംസാരിക്കുന്നതും. സോഫ്റ്റ്ബാങ്കും ആലിബാബ ഗ്രൂപ്പും നിക്ഷേപകരായിട്ടുള്ള പേടിഎമ്മിന് 220 മില്ല്യണ്‍ ഉപഭോക്താക്കളാണിപ്പോഴുള്ളത്.

പേടിഎമ്മുമായി ഒരുമിക്കുന്നതോടെ അടുത്ത 100 മില്ല്യണ്‍ ഇന്ത്യക്കാരിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ഞങ്ങളിപ്പോള്‍. സാംസ്‌കാരിക പരിപാടികളില്‍ താല്‍പ്പര്യമുള്ള കൂടുതല്‍ ആള്‍ക്കാരെ ഈ രംഗത്തേക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഈ പ്ലാറ്റ്‌ഫോമിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട പരിപാടികളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡിസംബര്‍ അവസാനം ആയപ്പോഴേക്കും 4,000 ഇവന്റുകളാണ് ഈ പ്ലാറ്റ്‌ഫോം വഴിയായി നടന്നതെന്ന് ഇന്‍സൈഡര്‍ ഡോട്ട് ഇന്‍ സിഇഒ ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യയിലെ ഇവന്റ് സീസണായ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിനും ഈ വര്‍ഷം മാര്‍ച്ചിനും ഇടയില്‍ പ്രതിമാസം 1.1 മില്ല്യണ്‍ ആക്റ്റീവ് ഉപഭോക്താക്കളാണ് കഴിഞ്ഞ വര്‍ഷം കമ്പനിയ്ക്ക് ഉണ്ടായിട്ടുള്ളത്. 30 ശതമാനം മുതല്‍ 40 ശതമാനം വരെയുള്ളവര്‍ കമ്പനിയുടെ സ്ഥിര ഉപഭോക്താക്കളുമാണ്. പേടിഎമ്മിന്റെ ഏറ്റെടുക്കല്‍ നടക്കുന്നതോടെ കമ്പനിയ്ക്ക് കൂടുതല്‍ വിശ്വാസ്യതയും പ്രാധാന്യവും ലഭിക്കുമെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായിരുന്നു ഒഎംഎലിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സൈഡര്‍ ഡോട്ട് ഇന്‍. ഡിജിറ്റല്‍ യുഗത്തിലേക്കുള്ള ചുവടുവെയ്പ്പും മാര്‍ക്കറ്റിംഗ് വൈദഗ്ധ്യവുമെല്ലാം രാജ്യത്തെ ഇവന്റുകളുടെ ഗുണമേന്മയ്ക്കു കാരണമായിട്ടുണ്ടെന്നാണ് ഞങ്ങള്‍ കരുതുന്നത്- പേടിഎം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മധുര്‍ ഡൗറ പറഞ്ഞു. സ്‌പോര്‍ട്‌സിംഗ് ലീഗുകളും പരിപാടികളും ഉള്‍പ്പെടെ ഇന്ത്യയിലെ സംഘടിതമായ ഇവന്റ് മേഖലയ്ക്ക് 4,000 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് പേടിഎം കണക്കാക്കുന്നത്. അതിന്റെ 10 ശതമാനം ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സേവന മേഖലയില്‍ നിന്നുമാണ്. രാജ്യത്തെ 550 സിറ്റികളിലെ 3,500 തിയറ്ററുകളുടെ സേവനം പേടിഎമ്മിന്റെ ഓണ്‍ലൈന്‍ മൂവി ടിക്കറ്റിംഗ് സര്‍വ്വീസിനുണ്ട്.

Comments

comments

Categories: Business & Economy