തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുപ്പ് ഇപ്പോഴും തുടരുന്നു: ആര്‍ബിഐ

തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുപ്പ് ഇപ്പോഴും തുടരുന്നു: ആര്‍ബിഐ

കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ നല്‍കി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം കേന്ദ്ര ബാങ്കിലേക്ക് തിരിച്ചെത്തിയ അസാധുനോട്ടുകളുടെ കൃത്യമായ കണക്കുകള്‍ പുറത്തുവിടാനായിട്ടില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിച്ചു. തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുപ്പ് തുടരുകയാണെന്നും കഴിയുന്നതിലും നേരത്തെ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഉര്‍ജിത് പട്ടേല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 വരെ മാറ്റി നല്‍കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ വിവരങ്ങള്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നോട്ടെണ്ണല്‍ വേഗത്തിലാക്കുന്നതിന് നിലവില്‍ നല്‍കിയ 59 എണ്ണത്തിനു പുറമെ കൂടുതല്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ നല്‍കിയതായും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ബിപി കനുഗോ പറഞ്ഞു. ഏഴെണ്ണം വാങ്ങിയതായും അദ്ദേഹം അറിയിച്ചു. പഴയ നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നോപ്പാളുമായുള്ള ഉടമ്പടിയുടെ ഭാഗമായി അവിടെ പ്രചാരത്തിലുണ്ടായിരുന്ന അസാധു നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. നോട്ടുകളുടെ കണക്കെടുപ്പ് വൈകുന്നതില്‍ ഇത് കാരണമാണെന്നും പട്ടേല്‍ ചൂണ്ടുക്കാട്ടി.

നോട്ടെണ്ണല്‍ വൈകുന്നതില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്നുള്ള നിരവധി അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു. സമിതിയുമായുള്ള അടുത്ത യോഗത്തില്‍ തിരിച്ചെത്തിയ നോട്ടുകളുടെ കൃത്യമായ കണക്ക് വെളിപ്പെടുത്തുമെന്ന് ഉര്‍ജിത് പട്ടേല്‍ ജനുവരിയില്‍ ഉറപ്പു നല്‍കിയിരുന്നതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 2019 മേയ് ആകുമ്പോഴേക്കെങ്കിലും വിവരങ്ങള്‍ കൈമാറാനാകുമോ എന്ന് കോണ്‍ഗ്രസ് എംപി ദിഗ്‌വിജയ് സിംഗ് ചോദിച്ചു.

15 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിനിമയത്തില്‍ തിരിച്ചെത്തിയതായി മറ്റൊരു ചോദ്യത്തിന് ഉത്തരം നല്‍കവെ പട്ടേല്‍ അറിയിച്ചു. ഇത് നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിച്ച നവംബറില്‍ വിനിമയത്തിലുണ്ടായിരുന്നതിന്റെ നോട്ടുകളുടെ ഏകദേശം 86 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത് നവംബര്‍ വരെ 17.7 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്നത്. രാജ്യത്തെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന നോട്ട് ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Banking