അമ്പരപ്പിച്ച് ഗൂഗിളിന്റെ ഇന്ത്യയിലെ ആദ്യ ഏറ്റെടുക്കല്‍

അമ്പരപ്പിച്ച് ഗൂഗിളിന്റെ ഇന്ത്യയിലെ ആദ്യ ഏറ്റെടുക്കല്‍

കേവലം നാല് മാസം പ്രായമുള്ള ഹാലി ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ്പിനെയാണ് ലോകത്തെ ടെക് ഭീമന്‍ ഇന്ത്യയില്‍ നിന്ന് ആദ്യമായി ഏറ്റെടുത്തിരിക്കുന്നത്

ബെംഗളൂരു: ലോകത്തെ ടെക് ഭീമന്‍ ഗൂഗിള്‍ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചത് പലരെയും അല്‍പ്പം അമ്പരപ്പെടുത്തി. നാല് മാസം മാത്രം പ്രായമുള്ള ബെംഗളൂരുവിലെ ഒരു സ്റ്റാര്‍ട്ടപ്പിനെയാണ് ഇന്റര്‍നെറ്റ് ബിസിനസിലെ അതികായന്‍ ഏറ്റെടുത്തിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഹാലി ലാബ്‌സ് എന്ന നവസംരംഭത്തിലാണ് ഗൂഗിള്‍ വന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. 2017 ഏപ്രിലിലാണ് ഹാലി പ്രവര്‍ത്തനമാരംഭിക്കുന്നത്.

ആഗോള തലത്തില്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഒരു പുതിയ ആവാസ വ്യവസ്ഥ വികസിപ്പിക്കാന്‍ ടെക് ഭീമന്‍മാര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോണ്‍, ഐബിഎം, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ തുടര്‍ച്ചയായി കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കുകയാണ്. നാളെയെ നിയന്ത്രിക്കുന്ന എഐ സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതില്‍ മുന്‍പന്തിയിലെത്താനുള്ള ഓട്ടത്തിലാണ് ഗൂഗിളടക്കമുള്ള കമ്പനികള്‍. അതുകൊണ്ടുതന്നെ ഹാലിയുടെ ഏറ്റെടുത്തല്‍ തങ്ങള്‍ക്ക് ഈ മത്സരത്തില്‍ മുന്‍കൈനേടിത്തരുമെന്ന് കരുതുന്നുണ്ട് ഗൂഗിള്‍.

ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച് നിലവില്‍ 8 ബില്ല്യണ്‍ ഡോളറിന്റേതാണ് എഐ വിപണി. 2020 ആകുന്നതോടെ ഇത് 47 ബില്ല്യണ്‍ ഡോളറായി മാറുമെന്നാണ് കരുതുന്നത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡീപ് മൈന്‍ഡ് എന്ന എഐ സ്റ്റാര്‍ട്ടപ്പിനെ 2014ല്‍ ഗൂഗിള്‍ ഏറ്റെടുത്തിരുന്നു, 400 മില്ല്യണ്‍ ഡോളറിന്.

ഈ വര്‍ഷം മാര്‍ച്ചില്‍ ചിപ്പ് നിര്‍മാണ കമ്പനിയായ ഇന്റല്‍ എഐ സ്റ്റാര്‍ട്ടപ്പായ മൊബീല്‍ ഐയെ ഏറ്റെടുത്തത് 15 ബില്ല്യണ്‍ ഡോളറിനാണ്. ഏറ്റവും കൂടുതല്‍ എഐ സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്തത് ഗൂഗിളാണ്, 12 എണ്ണം. തൊട്ടുപിന്നാലെ ആപ്പിളും ഫേസ്ബുക്കും ഇന്‍കെലും. പ്രധാനപ്പെട്ട ടെക് കമ്പനികള്‍ എല്ലാം ചേര്‍ന്ന് ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 34 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുകളെയാണ് ഏറ്റെടുത്തത്.

ഗൂഗിളിന്റെ ഭാവി ബിസിനസ് സാധ്യതകളെ പരിപോഷിപ്പിക്കുന്താണ് ഹാലിയുടെ പ്രവര്‍ത്തനങ്ങളെന്നാണ് വിലയിരുത്തല്‍. മെഷീന്‍ ലേണിംഗ്, എഐ എന്നീ സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി വിപ്ലവം സൃഷ്ടിക്കാന്‍ ഈ കൊച്ചുസംരംഭത്തിന് കഴിയുമെന്നാണ് ടെക് ഭീമന്റെ നിഗമനം. അമാനുഷിക ശക്തി എല്ലാ മനുഷ്യര്‍ക്കും ലഭ്യമാക്കുന്ന തരത്തിലുള്ള മുന്നേറ്റത്തിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ഹാലി അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗില്‍ പറയുന്നത്. എഐ വിപണിയില്‍ കടുത്ത മത്സരം തന്നെയാകും നടക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്. രാജ്യത്തെ ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Slider, Top Stories