കാര്‍ കയറ്റുമതിയില്‍ ഹ്യുണ്ടായിയെ പിന്നിലാക്കി ഫോര്‍ഡ്

കാര്‍ കയറ്റുമതിയില്‍ ഹ്യുണ്ടായിയെ പിന്നിലാക്കി ഫോര്‍ഡ്

ആഭ്യന്തര ഡിമാന്‍ഡ് കണക്കിലെടുത്ത് ഹ്യുണ്ടായി കയറ്റുമതി കുറച്ചു

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍നിന്നുള്ള കാര്‍ കയറ്റുമതിയില്‍ ഫോര്‍ഡ് ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയെ ആണ് യുഎസ് വാഹന നിര്‍മ്മാതാക്കള്‍ പിന്തള്ളിയത്. ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക പാദത്തിലെ കണക്കുകള്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് പുറത്തുവിടുകയായിരുന്നു. പതിനെട്ട് വര്‍ഷം മുമ്പ് നേപ്പാളിലേക്ക് 20 സാന്‍ട്രോ കാറുകള്‍ കയറ്റി അയച്ച് ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി തുടങ്ങിയ ഹ്യുണ്ടായി ഇതോടെ രാജ്യത്തുനിന്നുള്ള പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ രണ്ടാം സ്ഥാനക്കാരായി.

തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യാ ലിമിറ്റഡിനെ പിന്നിലാക്കുന്നതിന് ഫോര്‍ഡ് ഇന്ത്യയ്ക്ക് കഴിഞ്ഞു. ജൂണ്‍ സാമ്പത്തിക പാദത്തില്‍ ഹ്യുണ്ടായിയേക്കാള്‍ 15,813 യൂണിറ്റ് അധികം പാസഞ്ചര്‍ വാഹനങ്ങള്‍ ഫോര്‍ഡ് ഇന്ത്യ കയറ്റുമതി ചെയ്തു. ഈ കാലയളവില്‍ ഫോര്‍ഡ് 48,971 യൂണിറ്റ് കാറാണ് കയറ്റുമതി ചെയ്തത്. 2016 ഏപ്രില്‍-ജൂണ്‍ പാദത്തേക്കാള്‍ 54.37 ശതമാനം വര്‍ധന.

എന്നാല്‍ 33,158 യൂണിറ്റ് കയറ്റുമതി നടത്താന്‍ മാത്രമേ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യാ ലിമിറ്റഡിന് കഴിഞ്ഞുള്ളൂ. 16.65 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര ഡിമാന്‍ഡ് കണക്കിലെടുത്ത് ഹ്യുണ്ടായി തങ്ങളുടെ കയറ്റുമതി കുറയ്ക്കുകയായിരുന്നു. ഇന്ത്യയില്‍ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് ഫാക്ടറി സ്ഥാപിക്കുന്നതില്‍നിന്നും ഇതിനിടെ കമ്പനി പിന്നോക്കം പോകുകയുണ്ടായി.

എന്നാല്‍ ഇതേസമയം ഇന്ത്യന്‍ ആഭ്യന്തര വിപണിയിലെ ഹ്യുണ്ടായിയുടെ പ്രകടനം ആശാവഹമല്ല. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യന്‍ വിപണിയിലെ ഹ്യുണ്ടായിയുടെ വില്‍പ്പന മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.24 ലക്ഷം യൂണിറ്റായി കുറഞ്ഞു. ഇതേസമയം മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകി 14 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കൈവരിച്ചത്. നെക്സ്റ്റ്-ജെന്‍ വെര്‍ണ സെഡാന്‍ പുറത്തിറക്കുന്നതിലൂടെ വില്‍പ്പനയില്‍ ഉണര്‍വ്വ് കൈവരിക്കാമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വര്‍ധിച്ചത് ഫോര്‍ഡിന്റെ ഇന്ത്യന്‍ യൂണിറ്റിന് വമ്പന്‍ നേട്ടമായി. ഡിട്രോയിറ്റ് ആസ്ഥാനമായ ഫോര്‍ഡ് മോട്ടോര്‍ മെയ് മാസത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് മാര്‍ക് ഫീല്‍ഡ്‌സിനെ നീക്കം ചെയ്തിരുന്നു. ജിം ഹാക്കറ്റിനാണ് പകരം ചുമതല നല്‍കിയത്.

ഇന്ത്യാ ബിസിനസ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഫോര്‍ഡ് കൂടാതെ ഫോക്‌സ്‌വാഗണ്‍, നിസ്സാന്‍, ജനറല്‍ മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മ്മാതാക്കള്‍ ഇവിടെനിന്നുള്ള കയറ്റുമതിക്ക് പ്രാധാന്യം നല്‍കുന്ന പുതിയ തന്ത്രമാണ് സ്വീകരിക്കുന്നത്. കുറഞ്ഞ കൂലിയും താരതമ്യേന വില കുറഞ്ഞ അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റുമതി നടത്തുന്ന വകയില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കാന്‍ ഈ കമ്പനികള്‍ക്ക് കഴിയുന്നുണ്ട്. കാര്‍ വാങ്ങല്‍ ശേഷി കൂടുതലുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുമ്പോള്‍ പ്രത്യേകിച്ചും. പശ്ചിമേഷ്യ, ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 90 ലധികം രാജ്യങ്ങളിലേക്കാണ് ഹ്യുണ്ടായി കാറുകള്‍ കയറ്റുമതി ചെയ്യുന്നത്.

 

Comments

comments

Categories: Auto