ഓണ്‍ലൈന്‍ ടാക്‌സി റൈഡ് മുന്‍പന്തിയില്‍ കാഷ് പേമെന്റുകള്‍

ഓണ്‍ലൈന്‍ ടാക്‌സി റൈഡ് മുന്‍പന്തിയില്‍ കാഷ് പേമെന്റുകള്‍

ബെംഗളൂരു: രാജ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി റൈഡുകളുടെ ഇടപാടുകള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കാഷ് പേമെന്റുകളാണ്്. റൈഡുകളുടെ നിരക്കിനത്തില്‍ പണം ലഭിക്കുന്നതില്‍ ഒലയേക്കാള്‍ മുന്‍പന്തിയിലാണ് യുബറുള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യുബര്‍ റൈഡുകളുടെ 65 ശതമാനം ഇടപാടുകളും നടക്കുന്നത് പണമായിട്ടാണ്. 30 ശതമാനം റൈഡുകളുടെ ഇടപാടുകള്‍ മൊബീല്‍ വാലെറ്റ് രംഗത്തെ മേധാവികളായ പേടിഎം മുഖേനെയും നടക്കുന്നുവെന്നാണ് സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റ അനലിറ്റിക്‌സ് കമ്പനിയായ സൂപ്പര്‍ഫ്‌ളൈ ഇന്‍സൈറ്റ്‌സ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെയും മറ്റ് വികസിത രാജ്യങ്ങളിലെയും ഇടപാടുകളില്‍ നിന്നും തികച്ചും വിഭിന്നമാണ് ഈ കണക്കുകള്‍.

യുബര്‍ റൈഡുകള്‍ക്ക് കാഷ് പേമെന്റ് ആദ്യമായെത്തുന്നത് ഇന്ത്യന്‍ വിപണിയിലാണ്. ഇന്ത്യയില്‍ കാഷ് പേമെന്റ് സംവിധാനം സ്വീകരിക്കുകയെന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനങ്ങളില്‍ ഒന്നായിരുന്നുവെന്ന് യുബറിന്റെ മുന്‍ സിഇഒ ട്രാവിസ് കലാനിക് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

യുബറിന്റെ ഇന്ത്യന്‍ വിപണിയിലെ എതിരാളികളായ ഒലയും കാഷ് പേമെന്റ് സ്വീകരിച്ചിരുന്നു. കൂടുതല്‍ ആള്‍ക്കാര്‍ ഈ ഓപ്ഷന്‍ സ്വീകരിക്കുന്നുമുണ്ട്. സൂപ്പര്‍ഫ്‌ളൈ ഇന്‍സൈറ്റ്‌സ് നല്‍കുന്ന വിവര പ്രകാരം 51 ശതമാനം ഒല റൈഡര്‍മാരാണ് കാഷ് പേമെന്റ് സ്വീകരിക്കുന്നത്. 45 ശതമാനം റൈഡര്‍മാരും കമ്പനിയുടെ ഡിജിറ്റല്‍ വാലെറ്റായ ഒല മണി മുഖേനെയാണ് ഇടപാടുകള്‍ നടത്തുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പേമെന്റ് ഓപ്ഷനും ഇരു കമ്പനികളും സ്വീകരിക്കുന്നുമുണ്ട്.

ജനുവരിയിലെ കണക്കുകള്‍ പ്രകാരം 54 ശതമാനം വിഹിതമാണ് ഇക്കാര്യത്തില്‍ ഒല മണിക്കുള്ളത്. കാഷ് പേമെന്റുകള്‍ക്ക് 45 ശതമാനം വിഹിതവുമുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ തുടര്‍ന്നാണ് കൂടുതല്‍ ആള്‍ക്കാര്‍ ഡിജിറ്റല്‍ പേമെന്റുകള്‍ നടത്താന്‍ ആരംഭിക്കുന്നത്. ഓട്ടോമാറ്റികായി ഡെബിറ്റ് ചെയ്യപ്പെടുന്ന ഒരു യാത്രാനുഭവം എന്ന നിലയിലാണ് കാബ് ഹെയ്‌ലിംഗ് ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ മാര്‍ഗത്തിലൂടെ കൂടുതല്‍ കാഷ് പേമെന്റുകള്‍ നടക്കുന്നത് ഈ ആപ്ലിക്കേഷനുകളുടെ ലക്ഷ്യത്തിന് വിപരീതവുമാണ്.

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗത്തും സമാനാനുഭവമാണുള്ളതെന്നാണ് പേമെന്റ് കമ്പനികളും വ്യക്തമാക്കുന്നത്. ഉപഭോക്താക്കളില്‍ നല്ലൊരു ശതമാനം ആള്‍ക്കാരും ഇന്നും കാഷ് ഓണ്‍ ഡെലിവറി തെരഞ്ഞെടുക്കുന്നവരാണ്. യുബറിനെ സംബന്ധിച്ചിടത്തോളം ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് കൂടുതല്‍ കാഷ് പേമെന്റ് നടത്തുന്നതെന്ന് സൂപ്പര്‍ഫ്‌ളൈ ഇന്‍സൈറ്റ്‌സ് സിഇഒ ജോനാഥന്‍ മെയ്‌രി പറഞ്ഞു. ബ്രസീലിലെ 25 ശതമാനം റൈഡുകള്‍ക്കും കാഷ് പേമെന്റാണ് നടക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസില്‍ (യുപിഐ) പ്രവേശിക്കുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് യുബര്‍. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടക്കുന്ന പേമെന്റുകളും കുറവു തന്നെയാണ്. ഈ വര്‍ഷം ആദ്യം ഒരു ശതമാനത്തില്‍ താഴെയായിരുന്ന ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ ഇപ്പോള്‍ മൂന്നു ശതമാനത്തിലേക്ക് കടന്നിട്ടുണ്ട്.

Comments

comments

Categories: Business & Economy