വോള്‍വോ വി90 ക്രോസ് കണ്‍ട്രി പുറത്തിറക്കി

വോള്‍വോ വി90 ക്രോസ് കണ്‍ട്രി പുറത്തിറക്കി

ഡെല്‍ഹി എക്‌സ്-ഷോറൂം വില 60 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : വോള്‍വോ വി90 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 60 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. ഇന്ത്യയിലെത്തുന്ന ആദ്യ ലക്ഷ്വറി ക്രോസ്ഓവര്‍ സ്‌റ്റേഷന്‍ വാഗണ്‍ ആണ് വോള്‍വോ വി90 ക്രോസ് കണ്‍ട്രി. പ്രധാനമായും വോള്‍വോ എസ്90 സെഡാന്റെ ചുവടുപിടിച്ചാണ് വോള്‍വോ വി90 ക്രോസ് കണ്‍ട്രി നിര്‍മ്മിച്ചിരിക്കുന്നത്. വി90 ക്രോസ് കണ്‍ട്രിയുടെ വരവ് ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ പുതിയ പ്രവണതയ്ക്ക് തുടക്കമിടും. മെഴ്‌സിഡസ്-ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ സ്റ്റേഷന്‍ വാഗണുകളുമായി ഇന്ത്യന്‍ വിപണിയിലെത്താനാണ് സാധ്യത.

പാര്‍ക്കിംഗ് അസ്സിസ്റ്റ്, ലെയ്ന്‍ അസ്സിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സിറ്റി സേഫ്റ്റി, ഹില്‍-സ്റ്റാര്‍ട്ട് അസ്സിസ്റ്റ്, ഹില്‍-ഡെസന്റ് കണ്‍ട്രോള്‍, 7 എയര്‍ബാഗുകള്‍ എന്നിവയെല്ലാം വി90 ക്രോസ് കണ്‍ട്രിയുടെ സവിശേഷതകളാണ്. സെമി-ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറായ അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ മറ്റൊരു സവിശേഷതയാണ്. മുന്നിലുള്ള വാഹനത്തിന്റെ വേഗവും അകലവും മനസ്സിലാക്കുന്നതിന് ഫോര്‍വേഡ്-ലുക്കിംഗ് റഡാര്‍ ആണ് അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത്. ഇതനുസരിച്ച് കാര്‍ ഡ്രൈവ് ചെയ്യും.

4,938 മില്ലി മീറ്ററാണ് വോള്‍വോ വി90 ക്രോസ് കണ്‍ട്രിയുടെ നീളം. വീതി 2,019 എംഎം, ഉയരം 1,542 എംഎം, വീല്‍ബേസ് 2,941 എംഎം എന്നിങ്ങനെയാണ് വലുപ്പം സംബന്ധിച്ച മറ്റ് അളവുകള്‍. 210 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. എസ്90 സെഡാനേക്കാള്‍ റൈഡ് ഹൈറ്റ് നേരിയ തോതില്‍ ഉയര്‍ന്നതാണെങ്കിലും വി90 ക്രോസ് കണ്‍ട്രിയില്‍ മുന്‍സീറ്റ്, പിന്‍സീറ്റ് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയും. കാറിന്റെ പിന്‍ഭാഗത്ത് വിശാലമായ സ്‌പേസാണ് ലഭിക്കുന്നത്. എക്‌സ്ട്രാ ലെഗ്‌റൂം തേടുന്ന യാത്രക്കാര്‍ക്ക് വി90 ക്രോസ് കണ്‍ട്രി അനുയോജ്യമായിരിക്കും.

ഇന്ത്യയില്‍ പുറത്തിറക്കിയ വി90 ക്രോസ് കണ്‍ട്രിയിലെ 2.0 ലിറ്റര്‍ ഡീസല്‍ 1,969 സിസി ഡി5 സ്‌പെക് എന്‍ജിന്‍ 253 ബിഎച്ച്പി കരുത്തും 480 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും സൃഷ്ടിക്കും. 8-സ്പീഡ് ഓട്ടോമാറ്റിക് ആണ് ട്രാന്‍സ്മിഷന്‍. എസ്90, എക്‌സ്‌സി90 മോഡലുകളേക്കാള്‍ കരുത്ത് നല്‍കും. ഓള്‍ വീല്‍ ഡ്രൈവ്, എയര്‍ റൈഡ് സസ്‌പെന്‍ഷന്‍ എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കും. 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഔഡി ക്യു5, ടാറ്റ ഹെക്‌സ എന്നിവയേക്കാള്‍ ഉയര്‍ന്നതാണ്.

Comments

comments

Categories: Auto