സ്റ്റാര്‍ട്ടപ്പ് വിസകള്‍ വൈകിപ്പിക്കാനുള്ള യുഎസ് തീരുമാനം ഇന്ത്യന്‍ സംരംഭകര്‍ക്ക് വിനയാകും

സ്റ്റാര്‍ട്ടപ്പ് വിസകള്‍ വൈകിപ്പിക്കാനുള്ള യുഎസ് തീരുമാനം ഇന്ത്യന്‍ സംരംഭകര്‍ക്ക് വിനയാകും

യുഎസിന് തൊഴില്‍പരമായും സാമ്പത്തികമായും നഷ്ടമുണ്ടാക്കുന്ന തീരുമാനമെന്നും വിലയിരുത്തല്‍

ന്യൂഡെല്‍ഹി: എച്ച് 1ബി വിസാ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്നതിനുള്ള തീരുമാനത്തിനു പുറകെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. യുഎസില്‍ എച്ച് 1ബി വിസയില്‍ ജീവനക്കാരെ നിയമിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി നല്‍കുന്നതായിരുന്നു ട്രംപിന്റെ ആദ്യ പ്രഖ്യാപനമെങ്കില്‍ സ്റ്റാര്‍ട്ടപ്പ് വിസ നല്‍കുന്നത് വൈകിപ്പിക്കാനുള്ള തീരുമാനം ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭകരെയാകെ പ്രതിസന്ധിയിലാക്കുന്നതാണ്.

ജനുവരിയില്‍ ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടമാണ് യുഎസില്‍ കമ്പനികള്‍ ആരംഭിച്ച വിദേശ സംരംഭകര്‍ക്ക് രാജ്യത്ത് താമസിക്കുന്നതിനുള്ള വിസാ പദ്ധതിക്ക് അനുമതി നല്‍കിയത്. സിലിക്കണ്‍ വാലി സംരംഭകരുടെ ദീര്‍ഘകാലത്തെ ആവശ്യം കൂടിയായിരുന്നു അത്. ജൂലൈ 17ന് പദ്ധതി നടപ്പിലാക്കാനിരിക്കെയാണ് ഇത് നീട്ടുമെന്ന പ്രഖ്യാപനം ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നത് പദ്ധതി 2018 മാര്‍ച്ച് 14ല്‍ നടപ്പിലാക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുറത്തിറക്കി.

പദ്ധതി റദ്ദാക്കുന്നതിനായി പൊതുജനാഭിപ്രായവും ശേഖരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നയം എടുത്തുകളയാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. 2016ല്‍ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഫ്എപി) നടത്തിയ പഠനമനുസരിച്ച് ഒരു ബില്യണ്‍ ഡോളറോ അതില്‍ അധികമോ മൂല്യം വരുന്ന യുഎസിലെ സ്റ്റാര്‍ട്ടപ്പുകളില്‍ പകുതിയിലധികവും വിദേശികള്‍ ആരംഭിച്ചതാണ്. ഈ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ 70 ശമാനത്തിലധികം കമ്പനികളുടെ പ്രൊഡക്റ്റ് അല്ലെങ്കില്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് ടീമിലെ നേതൃസ്ഥാനത്ത് വിദേശികളുണ്ട്. ഇതില്‍ ഏകദേശം 30 ശതമാനത്തോളം ആളുകളും ഇന്ത്യന്‍ വംശജരാണെന്നും പഠനം വ്യക്തമാക്കുന്നു.

സ്റ്റാര്‍ട്ടപ്പ് വിസ വൈകിക്കുന്നതിലുള്ള ട്രംപ് നയം അമേരിക്കയ്ക്ക് ‘ മസ്തിഷ്‌ക മരണം’ അല്ലെങ്കില്‍  ‘നഷ്ടം-നഷ്ടം’ ആകുമെന്നാണ് ഇന്ത്യന്‍ അമേരിക്കന്‍ ടെക്‌നോളജി സംരംഭകനായ വിവേക് വാധ്വ വിശേഷിപ്പിച്ചത്. സംരംഭകരെ കൊണ്ടുവരുന്നത് അമേരിക്കയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥ വികസനത്തിന് സഹായിക്കുകയും ചെയ്യുമെന്നത് സംശയമില്ലാത്ത കാര്യമാണ്. ഈ നയം യുഎസിനും വിദേശ സംരംഭകര്‍ക്കും നഷ്ടം വരുത്തുമ്പോള്‍ ഈ സംരംഭകര്‍ എവിടെ നിന്നാണോ വരുന്നത് ആ രാജ്യത്തിന് പ്രയേജനം ചെയ്യുമെന്നാണ് വിവേക് വിലയിരുത്തുന്നത്.

യുഎസിന്റെ മത്സരാധിഷ്ഠിതവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകളിലേക്കാണ് ട്രംപ് ഭരണകൂടം തിരിയുന്നതെന്നും വിവേക് ചൂണ്ടിക്കാട്ടി. എന്‍എഫ്എപി പഠനമനുസരിച്ച് ഇന്ത്യന്‍ വംശജരായിട്ടുള്ള 14 സംരംഭകര്‍ ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനികളാണ് യുഎസില്‍ ആരംഭിച്ചിട്ടുള്ളത്. ഈ കമ്പനികളുടെ മൊത്തം മൂല്യം ഏകദേശം 19.6 ബില്യണ്‍ ഡോളര്‍ വരും. 2016 ജനുവരി ഒന്നിലെ കണക്കനുസരിച്ച് 1 ബില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന 87 സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് യുഎസിലുള്ളത്. യുഎസിലേക്ക് പഠനത്തിന് വരികയും തിരിച്ച് സ്വന്തം രാജ്യത്തേക്ക് മടങ്ങി ബിസിനസ് ആരംഭിച്ച് അത് വന്‍ വിജയമാക്കി തീര്‍ക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിച്ച് മികച്ച വൈദഗ്ധ്യമുള്ളവരെ യുഎസില്‍ പിടിച്ചുനിര്‍ത്തുക എന്നതായിരുന്നു ഒബാമ ഭരണകൂടത്തിന്റെ ആശയം.

2012ലെ പഠനമനുസരിച്ച് യുഎസിലെ വിദേശ കമ്പനികള്‍ രാജ്യത്ത് പത്ത് മില്യണ്‍ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ഈ കമ്പനികള്‍ യുഎസില്‍ 4.5 ട്രില്യണ്‍ ഡോളറിലധികം വാര്‍ഷിക വരുമാനവും നേടികൊടുത്തു. അമേരിക്കയിലെ സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ യഥാര്‍ത്ഥ ദൗര്‍ലഭ്യം കണക്കിലെടുത്താല്‍, സ്റ്റാര്‍ട്ടപ്പ് വിസ രാജ്യത്തിന് മികച്ച രീതിയില്‍ ഗുണം ചെയ്യുമായിരുന്നു. ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ സ്റ്റാര്‍ട്ടപ്പ് വിസ നയത്തിന് സാധിക്കുമായിരുന്നുവെന്നു ഇത് റദ്ദാക്കാനുള്ള നീക്കം ഒരു വലിയ തിരിച്ചടിതന്നെയാണെന്നും-സിലിക്കന്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംരംഭക പുരു വസിഷ്ഠ പറഞ്ഞു.

Comments

comments

Categories: Entrepreneurship, World