നൊമ്പരപ്പെടുത്തുന്ന വിട വാങ്ങല്‍  ; ടാറ്റ സഫാരി ഡികോര്‍ ഇനിയില്ല 

 നൊമ്പരപ്പെടുത്തുന്ന വിട വാങ്ങല്‍  ; ടാറ്റ സഫാരി ഡികോര്‍ ഇനിയില്ല 

സഫാരി പേരില്‍ ഇനി സഫാരി സ്റ്റോം മാത്രമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാവുക

ന്യൂ ഡെല്‍ഹി : ജനപ്രിയ എസ്‌യുവിയായ ടാറ്റ സഫാരി ഡികോറിന്റെ നിര്‍മ്മാണം ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിര്‍ത്തി. തങ്ങളുടെ വെബ്‌സൈറ്റില്‍നിന്ന് ഈ മോഡല്‍ കമ്പനി നീക്കം ചെയ്തു. സഫാരി പേരില്‍ ഇനി ടാറ്റ മോട്ടോഴ്‌സിന്റെ സഫാരി സ്റ്റോം മാത്രമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാവുക. ടാറ്റ സഫാരി ഡികോര്‍ ഇനി നിര്‍മ്മിക്കില്ലെന്ന് ടാറ്റ മോട്ടോഴ്‌സും ഡീലര്‍മാരും സ്ഥിരീകരിച്ചു.

എല്‍എക്‌സ് 4*2, ഇഎക്‌സ് 4*2 എന്നീ രണ്ട് വേരിയന്റുകളിലാണ് ടാറ്റ മോട്ടോഴ്‌സ് ടാറ്റ സഫാരി ഡികോര്‍ വിപണിയിലെത്തിച്ചിരുന്നത്. സഫാരി ഡികോറിന്റെ കുറച്ച് യൂണിറ്റ് സ്‌റ്റോക്ക് ഉണ്ടെന്നും വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് വിലക്കുറവില്‍ ലഭിക്കുമെന്നും ഡീലര്‍മാരില്‍ ചിലര്‍ അറിയിച്ചു. 

1998 ല്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യം അവതരിപ്പിച്ച ടാറ്റ സഫാരി, രാജ്യത്തെ കാര്‍ വിപണിയില്‍ വിറ്റഴിക്കപ്പെട്ട ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച എസ്‌യുവികളിലൊന്നാണ്. 86 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കുന്ന 2-ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനിലാണ് തുടക്കത്തില്‍ ടാറ്റ സഫാരി വിപണിയിലെത്തിയത്. 5-സ്പീഡ് സിങ്ക്രോമെഷ് മാനുവല്‍ ആയിരുന്നു ഗിയര്‍ബോക്‌സ്. 2003 ല്‍ കോസ്‌മെറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമായി സഫാരി ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി. 2005 ലാണ് പുതിയ 3-ലിറ്റര്‍ ഡയറക്റ്റ് ഇന്‍ജക്ഷന്‍ കോമണ്‍ റെയ്ല്‍ എന്‍ജിന്‍ (ഡികോര്‍) കമ്പനി അവതരിപ്പിച്ചത്.

സഫാരി എന്ന പേരിന്റെകൂടെ ഡികോര്‍ എന്ന പ്രത്യയം കൂടി ടാറ്റ മോട്ടോഴ്‌സ് ചേര്‍ത്തു. പുതിയ എന്‍ജിന്‍ 115 ബിഎച്ച്പി കരുത്തും പരമാവധി 300 എന്‍എം ചുഴറ്റുബലവുമാണ് (ടോര്‍ക്ക്) പുറപ്പെടുവിച്ചത്. പുതിയ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ബന്ധിപ്പിച്ചു. തുടര്‍ന്ന് രണ്ട് വര്‍ഷത്തിനുശേഷമാണ് ടാറ്റ സഫാരി ഡികോറിന് ഇപ്പോള്‍ ഉപയോഗിക്കുന്ന യൂറോ-4 അനുസൃത 2.2 ലിറ്റര്‍ ഡികോര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ നല്‍കിയത്. ഈ എന്‍ജിന്‍ കൂടുതല്‍ കരുത്ത് നല്‍കുന്നതാണെന്ന് മാത്രമല്ല, ഉയര്‍ന്ന ഇന്ധനക്ഷമത സമ്മാനിക്കുന്നതുമാണ്. 2.2 ലിറ്റര്‍ ഡികോര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ പരമാവധി 140 ബിഎച്ച്പി കരുത്തും പരമാവധി 320 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്. 5-സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്‌സ്.

2012 ല്‍ രണ്ടാം തലമുറ സഫാരി ഡികോറായി നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന സഫാരി സ്റ്റോം ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരുന്നു. ടാറ്റ ആരിയ നിര്‍മ്മിച്ച പുതിയ എക്‌സ്2 പ്ലാറ്റ്‌ഫോമിലാണ് സഫാരി സ്റ്റോം പണിതത്. ശക്തമായ ഷാസി, മെച്ചപ്പെട്ട സ്റ്റൈലിംഗ്, മികച്ച ഫീച്ചറുകള്‍ എന്നിവ സഫാരി സ്റ്റോമിന് മുതല്‍ക്കൂട്ടായി മാറി. സഫാരി സ്റ്റോം പുറത്തിറക്കിയശേഷവും വിപണി ആവശ്യകത കണക്കിലെടുത്ത് ടാറ്റ മോട്ടോഴ്‌സ് ടാറ്റ സഫാരി ഡികോര്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. സഫാരി ഡികോറിന്റെ പ്രീമിയം വേര്‍ഷനായി സഫാരി സ്‌റ്റോം നിലകൊണ്ടു.

സഫാരി ഡികോറിലും സഫാരി സ്റ്റോമിലും ഒരേ പവര്‍ട്രെയ്‌നാണ് ടാറ്റ മോട്ടോഴ്‌സ് ഉപയോഗിച്ചത്. 2015 അവസാനത്തോടെ സഫാരി സ്റ്റോമിന് മാത്രമായി കമ്പനി പുതിയ വേര്‍ഷന്‍ എന്‍ജിന്‍ കൊണ്ടുവന്നിരുന്നു. വേരികോര്‍ 400 എന്ന് പേരിട്ട ഈ എന്‍ജിന്‍ സെഗ്‌മെന്റ്-ബെസ്റ്റായ 154 ബിഎച്ച്പി കരുത്തും പരമാവധി 400 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെ പലരുടെയും ഇഷ്ടപ്പെട്ട കാറായിരുന്നു ടാറ്റ സഫാരി. ഒരു കാലത്ത് തന്റെ ഇഷ്ടപ്പെട്ട കാറുകളിലൊന്നായിരുന്നു ടാറ്റ സഫാരി എന്ന് വിരാട് കോഹ്‌ലി നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. വിരാട് കോഹ്‌ലി ആദ്യം വാങ്ങിയ കാറുകളിലൊന്നും ടാറ്റ സഫാരി തന്നെ.

Comments

comments

Categories: Auto