വെല്ലുവിളികള്‍ക്കിടയിലെ നേട്ടം തന്ത്രപരമായ ചുവടുമാറ്റത്തിന്റെ ഫലം: വി ജി മാത്യു

വെല്ലുവിളികള്‍ക്കിടയിലെ നേട്ടം തന്ത്രപരമായ ചുവടുമാറ്റത്തിന്റെ ഫലം: വി ജി മാത്യു

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 101.47 കോടി രൂപ

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 2017-2018 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ ഫലം പ്രഖ്യാപിച്ചു. അറ്റാദായം 101.47 കോടി രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 95.06 കോടി രൂപയായിരുന്നു. 6.74 ശതമാനമാണ് വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ച.ആദ്യ പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 120 കോടി രൂപയുടെ (46.25%) വര്‍ധനവും നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 6 കോടി (6.74%)രൂപയുടെ വര്‍ധനവുമുണ്ടായതായി തൃശൂരില്‍ ഫലപ്രഖ്യാപനം നടത്തവേ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി ജി മാത്യു പറഞ്ഞു. അറ്റ പലിശ വരുമാനത്തിലേയും ഇതരവരുമാനത്തിലേയും മികച്ച പ്രകടനമാണ് വര്‍ധനയ്ക്ക് കാരണമായത്.

വെല്ലുവിളികള്‍ നേരിടുന്ന സാമ്പത്തിക അന്തരീക്ഷത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബാങ്കിന് സാധിച്ചത് റീട്ടെയില്‍ വായ്പകളിലും കാസ(CASA)യിലും ശ്രദ്ധയൂന്നിക്കൊണ്ട് ബാങ്ക് നടത്തിയ തന്ത്രപ്രധാനമായ ചുവടുമാറ്റത്തിന്റെ ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പാദത്തില്‍ കോര്‍പ്പറേറ്റ് മേഖലയിലെ സമ്മര്‍ദമുണ്ടാക്കുന്ന മുഴുവന്‍ ആസ്തികളും ബാങ്ക് നിഷ്‌ക്രിയ ആസ്തികളായി കണക്കാക്കി. ഇതു കാരണമാണ് അറ്റ പലിശ വരുമാനത്തിലും പ്രവര്‍ത്തന ലാഭത്തിലും മികച്ച വളര്‍ച്ചയുണ്ടായിട്ടും അത് അറ്റാദായത്തില്‍ പ്രതിഫലിക്കാത്തതെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.

മൊത്തം വായ്പകള്‍ 5,240 കോടി രൂപ വര്‍ധിച്ച് 47,264 കോടി രൂപയായി (വാര്‍ഷികാടിസ്ഥാനത്തില്‍ 12.47% വളര്‍ച്ച). കാര്‍ഷിക, എസ്എംഇ വായ്പകള്‍, മോര്‍ട്ട്‌ഗേജ് വായ്പകള്‍, വാഹന വായ്പകള്‍ തുടങ്ങിയവയാണ് വളര്‍ച്ചാ ഘടകങ്ങള്‍. മൊത്ത നിഷ്‌ക്രിയ ആസ്തി ശതമാനം 35 ബിപിഎസ്, അറ്റ നിഷ്‌ക്രിയ ആസ്തി ശതമാനം 35 ബിപിഎസ് എന്ന ക്രമത്തില്‍ മെച്ചപ്പെട്ടു.

വലിയ കോര്‍പറേറ്റ് നിഷ്‌ക്രിയ ആസ്തികളുടെ സമ്മര്‍ദം കഴിഞ്ഞ പത്തോളം പാദങ്ങളില്‍ ബാങ്കിനെ ബുദ്ധിമുട്ടിക്കുകയായിരുന്നു. തീവ്ര പരിശ്രമത്തിലൂടെ ഈ പാദത്തില്‍ പ്രസ്തുത ആസ്തികള്‍ സംബന്ധിച്ച വിഷയങ്ങള്‍ പൂര്‍ണമായും പരിഹരിച്ചിരിക്കുന്നു.
നിക്ഷേപങ്ങള്‍ 7,902 കോടി രൂപയുടെ വര്‍ധനവോടെ 65,791 കോടി രൂപയായി(13.65% വര്‍ധന). കാസ 3,132 കോടി രൂപ വര്‍ധിച്ച് 16,586 കോടി രൂപയായി (23.28%വളര്‍ച്ച). മൊത്തം നിക്ഷേപങ്ങളുടെ 25.21% ആണ് കാസ. പ്രവാസി നിക്ഷേപത്തില്‍ 15.73% വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൊത്തം നിക്ഷേപങ്ങളുടെ 26.45 ശതമാനമാണ് പ്രവാസി നിക്ഷേപങ്ങള്‍. ബാങ്കിന്റെ മൊത്തം ബിസിനസ് 13,142 കോടി രൂപ വര്‍ധിച്ച് 1,13,055 കോടി രൂപയായി (വാര്‍ഷികാടിസ്ഥാനത്തില്‍ 13.15% വളര്‍ച്ച). ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 2017 ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം 12.13 ശതമാനമാണ്.

മികച്ച ടെക്‌നോളജി ബാങ്ക് വിഭാഗത്തില്‍ ഐബിഎ ബാങ്കിങ് ടെക്‌നോളജി പുരസ്‌കാരം, ബാങ്കിങ് ടെക്‌നോളജി രംഗത്തെ പുതുമകള്‍ക്കുള്ള ബാങ്കിങ് ഫ്രോണ്ടിയേഴ്‌സ് ഫിന്നോവിറ്റി 2017 പുരസ്‌കാരം, എന്‍പിസിഐ യുടെ നാഷണല്‍ പേയ്‌മെന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് 2016, ബാങ്കിന്റെ വിവര സാങ്കേതിക വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സ്റ്റാന്‍ഡേഡ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഐഎസ്ഒ 27001:2013 അംഗീകാരം എന്നിവ ബാങ്ക് കരസ്ഥമാക്കി.

നിലവില്‍ 851 ശാഖകളും 51 എക്‌സ്റ്റന്‍ഷന്‍ കൗണ്ടറുകളും 1344 എടിഎം/സിആര്‍എം-കളുമുണ്ട്. കഴിഞ്ഞ പാദത്തില്‍ 24 എടിഎം / സിആര്‍എം-കളും 1 ശാഖയും 1 എക്‌സ്റ്റന്‍ഷന്‍ കൗണ്ടറും ആരംഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 25 ശാഖകളും 25 എക്‌സ്റ്റന്‍ഷന്‍ കൗറുകളും 150 എടിഎമ്മുകളും ആരംഭിക്കാന്‍ ബാങ്ക് ലക്ഷ്യമിടുന്നു.

Comments

comments

Categories: Slider, Top Stories